2011-03-22 09:27:55

 ഭാരതത്തിലെ മെത്രാന്‍മാര്‍ ആദ് ലിമിന സന്ദര്‍ശമാരംഭിക്കുന്നു


വത്തിക്കാന്‍: മാര്‍ച്ച് ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച ഭാരതത്തില്‍ നിന്നുള്ള മെത്രാന്‍മാരുടെ ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് നാല്‍പത്തിയഞ്ചിന്
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സീറോ മലങ്കരസഭയുടെ പരമാധ്യക്ഷനും തിരുവന്തപരും അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ബസേലിയൂസ് മാര്‍ ക്ലീമീസിനെയും ബിഷപ്പുമാരായ സാമുവേല്‍ ഇറേനിയോസ് കാട്ടുകല്ലില്‍, ബിഷപ്പ് തോമാസ് അന്തോണിയോസ് വലിയവിളയില്‍ എന്നിവരെ പ്രത്യേകകൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍പാപ്പ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമാസ് മാര്‍ കൂറിലോസ് ചക്കാലപടിക്കലും ബിഷപ്പ് ഫിലിപ്പോസ് സ്റ്റെഫാനോസ് തോട്ടത്തിലുമായും കൂടിക്കാഴ്ച നടത്തി.

വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു രാജ്യത്ത് ക്രിസ്തുവിന് യഥാര്‍ത്ഥ സാക്ഷൃം നല്‍കാന്‍ മാര്‍പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചാണ് ഇന്ത്യയിലെ മെത്രാന്‍മാര്‍ ആദ് ലിമിന സന്ദര്‍ശനത്തിനെത്തുന്നതെന്ന് ആദ് ലിമിന അപ്പസ്തലോരും സന്ദര്‍ശനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‍ പ്രസ്താവിച്ചു. മാര്‍ച്ച് മാസം ഇരുപത്തിയൊന്നാം തിയതി മുതല്‍ ഒക്ടോബര്‍ മാസം പത്തൊന്‍പതാം തിയതി വരെ നാലുവ്യത്യസ്ഥ ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള മെത്രാന്‍മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്.







All the contents on this site are copyrighted ©.