2011-03-19 13:42:21

സുവിശേഷപരിചിന്തനം
20 മാര്‍ച്ച് 2011, ഞായര്‍ (സീറോ മലങ്കര റീത്ത്)


 മത്തായി 9, 1-8, മാര്‍ക്ക് 2, 1-12
ക്രിസ്തു തളര്‍വ്വാദരോഗിയെ സുഖപ്പെടുത്തുന്നു.
റോമാക്കാര്‍ 6, 12-23
അന്വേഷിക്കുന്നവന് കിട്ടും, ആഗ്രഹിക്കുന്നവന് പരിശ്രമംകൊണ്ട് അതു നേടാനാവും. തന്‍റെ ദൗര്‍ഭാഗ്യത്തില്‍നിന്നം കര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഒരു മനുഷ്യന്‍റെ കഥയാണ് ഇന്നത്തെ സുവിശേഷം. മലങ്കര റീത്തിലെ ആരാധനക്രമ പ്രകാരം നാം തപസ്സിന്‍റെ മൂന്നാം വാരം ആരംഭിക്കുകയാണ്. മത്തായി 9, 1-8, കര്‍ത്താവ് തളര്‍വാദരോഗിയെ സുഖപ്പെടുത്തുന്ന ഭാഗം നമ്മുടെ ചിന്തയ്ക്കായി തന്നുകൊണ്ട്, ദൈവം കാരുണ്യവാനാണ് എന്ന് വീണ്ടും അനുസ്മരിപ്പിക്കുകയാണ്. അവിടുന്ന് ഉദാരമതിയും സ്നേഹസമ്പന്നനുമാണ്. ബലഹീനര്‍ക്ക് അവിടുന്ന് തുണയാണ്, രോഗികള്‍ക്ക് സൗഖ്യമാണ്, പാപികള്‍ക്ക് രക്ഷയാണ്. തളര്‍വാദം പിടിപെട്ട് വര്‍ഷങ്ങളായി കിടപ്പിലായിരുന്നു മനുഷ്യന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ സാന്ത്വനം തേടിയതപോലെ ഈ നോന്‍പുകാലം ദൈവത്തിന്‍റെ സൗഖ്യദായകമായ സ്നേഹത്തിലേയ്ക്കും കൃപയിലേയ്ക്കും നമ്മെ ഓരോരുത്തരെയും വിളിക്കുകയാണ്.

കര്‍ത്താവിന്‍റെ കാരുണ്യം ഒരു നദിപോലെയാണ്. അത് ഒരു സ്നേഹനിര്‍ഝരിയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുഴ എപ്പോഴും ജലം നല്കിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെയും എന്‍റെയും സമീപത്തുകൂടെ അതൊഴുകുന്നു... നമുക്കു സന്തോഷവും കുളിരും, നീരും പകര്‍ന്നുകൊണ്ട് അതൊഴുകുന്നു. 22-ാം സങ്കീര്‍ത്തനത്തിലെ വരികള്‍ ഇതേ ചിന്തകള്‍ നമ്മുടെ മനസ്സില്‍ വിരിയിക്കുന്നതാണ്. നിശ്ചലമായ നീര്‍ച്ചോലയിലേയ്ക്ക് കര്‍ത്താവ് എന്നെ ആനയിക്കുന്നു, എന്ന്. ജലത്തിന്‍റെ പ്രശാന്തതയും കുളിരും സമൃദ്ധിയുമൊക്കെ സങ്കീര്‍ത്തകന്‍ കര്‍ത്താവിന്‍റെ കാരുണ്യത്തോടും സ്നേഹത്തോടുമാണ് വര്‍ണ്ണിക്കുന്നത്. ജലം തേടുന്നവന്‍ നദീതീരത്തേയ്ക്കു ചെല്ലുകതന്നെ വേണം. നദി എപ്പോഴും മുന്നോട്ടു പ്രവഹിക്കുന്നു.
ഇത് ദൈവത്തിന്‍റെ പ്രതിച്ഛായയാണ്, ക്രിസ്തുവിന്‍റെ പ്രതിരൂപമാണ്.
ദൈവം നല്കാന്‍ തല്പരനാണ്, ഉദാരമതിയാണ്, കാരുണ്യവാനാണ്, ക്ഷമാശീലനാണ്. ജലം കോരാന്‍ പോകുന്നവന്‍ ചെറിയ പാത്രവുമായിട്ടു പോയാല്‍ കുറച്ചു ജലംമാത്രമേ ശേഖരിക്കുകയുള്ളൂ.
വലിയ പാത്രവുമായി പോകുന്നവന് കൂടുതല്‍ സംഭരിക്കും.

തദേവൂസ് അരവിന്ദത്തച്ചന്‍ തന്‍റെ ഭക്തിഗാനത്തിലെഴുതിയതിങ്ങനെയാണ്,
അസ്തമിക്കാത്ത സ്നേഹം, ഒരിക്കലും അസ്തമിക്കാത്ത സ്നേഹം...
ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നഹം...എന്ന്.
സൂര്യന്‍ അസ്തമിക്കുന്നില്ല എന്നതാണ് സത്യം.
സൂര്യന്‍ അസ്തമിക്കുകയല്ല, ഭൂമി സൂര്യന് പിന്നാമ്പുറം നില്കുകയാണ്, സൂര്യനെ ഭൂമി മറക്കുന്നതാണ് നാം സൂര്യാസ്തമയമായി വ്യാഖ്യാനിക്കുന്നത്. ദൈവ സ്നേഹത്തിന് നാം ഒരിക്കലും പുറംതിരിയരുത്. പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ പഠിപ്പിക്കുന്നു, സഹോദരരേ, ക്രിസ്തുവിന്‍റെ സ്നേഹം അറിയുവാനും ഗ്രഹിക്കുവാനും നിങ്ങള്‍ക്ക് ഇടയാവട്ടെ, എന്ന്. (എഫേസിയര്‍ 3, 18.). സംഗീതം അറിയുന്നവന്‍ സംഗീതം ആസ്വദിക്കും, അത് വിലമതിക്കും. ദൈവത്തെ സ്നേഹിക്കുന്നവന്‍ ദൈവത്തെ അറിയും, ദൈവത്തെ സ്നേഹിക്കാത്തവന്‍, ദൈവത്തെ അറിയുന്നില്ല. കാരണം ദൈവം സ്നേഹമാണ്.

ഇന്നത്തെ സുവിശേഷചിന്തകള്‍ നാം തുടരുമ്പോള്‍, സൗഖ്യം തേടി നാളുകളായി പാര്‍ത്തിരുന്ന ഒരു തളര്‍വ്വാദരോഗിയെ മാത്രമല്ല, ക്രിസ്തുവിന്‍റെ സ്നേഹമന്വേഷിച്ചിറങ്ങിയ ഒരു പറ്റം മനുഷ്യരെയും ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നു. അവനെ ക്രിസ്തുവന്‍റെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുകയും അതു യാഥാര്‍‍ത്ഥ്യമാക്കുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യസ്നേഹികളാണവര്‍. ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം ഹൃദയസ്പര്‍ശിയാണ്. കഫര്‍ണ്ണാമിലെ വീട്ടില്‍ ക്രിസ്തുവുണ്ടെന്നറിഞ്ഞിട്ട്, അവിടുത്തെ അന്വേഷിച്ചു പുറപ്പെടുകയാണവര്‍. രോഗിയായ മനുഷ്യനെയും ചുമന്നുകൊണ്ടാണ് അവരുടെ പുറപ്പാട്. നസ്രായനായ യേശുവിന് അവനെ സുഖപ്പെടുത്താനാകും എന്ന ബോധ്യവും ആഴമായ വിശ്വാസവുമാണ് ആ പുറപ്പാടിന്‍റെ പിന്നിലെന്നതില്‍ സംശയമില്ല. ബാലിശമായിത്തോന്നാം, ഒരു തളര്‍വ്വാദരോഗിയെ കട്ടിലോടെ എടുത്തുകൊണ്ടു പോകുന്നു. ജനബാഹുല്യംകൊണ്ട് വീടിനകത്തേയ്ക്ക് കടക്കാനാവില്ലെന്ന് കണ്ടപ്പോള്‍ വീടിന്‍റെ മേല്‍ക്കുര പൊളിച്ച് അവര്‍ രോഗിയെ ക്രിസ്തുവിന്‍റെ മുന്നിലെത്തിക്കുവാനുള്ള തീരുമാനമെടുക്കുന്നു, അതിനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നു. പനയോലമേഞ്ഞ അല്ലെങ്കില്‍ ലളിതമായ ഒരു പുരാതന പലസ്തീനിയന്‍ മേല്‍ക്കൂര എളുപ്പത്തില്‍ മാറ്റാമായിരുന്നിരിക്കാം. എങ്കില്‍ത്തന്നയും സൗഖ്യംതേടിയുള്ള ആ പരക്കംപാച്ചില്‍ സാഹസപൂര്‍ണ്ണമാവുകയാണ്. വിശ്വാസപൂര്‍വ്വകമായ സ്നേഹമാണ് അവരുടെ
പ്രവൃത്തിയില്‍ ഒളിഞ്ഞിരിക്കുന്നത്.

ഈ സുവിശേഷ സംഭവത്തിന്‍റെ മനോഹാരിത ക്രിസ്തു പ്രവര്‍ത്തിക്കുന്ന വലിയ സൗഖ്യദാനത്തിന്‍റെ അത്ഭുതത്തോടൊപ്പം, കൂട്ടായ്മയുടെ അല്ലെങ്കില്‍ മനുഷ്യസ്നേഹത്തിന്‍റെ മറ്റൊരത്ഭുതംകൂടെയാണ്. തളര്‍വ്വാദത്താല്‍ വികലാംഗനായി വര്‍ഷങ്ങളായി കിടപ്പിലായിരുന്ന പാവം മനുഷ്യനെ തള്ളിക്കളയാതെ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ അവനെ ക്രിസ്തുവിന്‍റെ മുന്നിലെത്തിക്കുവാന്‍ സന്നദ്ധരാകുന്ന വിശ്വാസസമ്പന്നരായ മനുഷ്യരെ നാം ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ രോഗിയായ സഹോദരനെ സുഖപ്പെടുത്താന്‍ നസ്രായനായ യേശുവിന് കഴിയുമെന്ന ബോധ്യം, വിശ്വാസം രോഗിയോടൊപ്പം ആ മനുഷ്യര്‍ക്കും ഉണ്ടായിരുന്നു. ഇവിടെ രോഗിയുടെ വിശ്വാസത്തോടൊപ്പം അവനെ അവിടേയ്ക്കു വഹിച്ചുകൊണ്ടുവന്ന ഒരു കൊച്ചു സമൂഹത്തിന്‍റെ വിശ്വസമാണ് മുന്തിനില്ക്കുന്നത്. രോഗിയുടെ കട്ടില്‍ അല്ലെങ്കില്‍ മഞ്ചല്‍ വഹിച്ച രണ്ടോ നാലോ പേരെക്കൂടാതെ, ഒരു പറ്റം സഹാനുഭാവികളായ ബന്ധുക്കളും മനുഷ്യരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. രോഗിയെ ക്രിസ്തുവിന്‍റെ മുന്നിലെത്തിക്കാന്‍ തന്‍റെ വീടിന്‍റെ കൂരപോലും പൊളിക്കാന്‍ അനുവദിക്കുന്ന സഹകരണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവവും ഈ സുവിശേഷാന്തരീക്ഷത്തില്‍ നിറഞ്ഞുനില്ക്കുന്നു. അപരന്‍റെ ആവശ്യങ്ങളില്‍ മനമലിയുന്ന ഒരു സമൂഹവും ആ സമൂഹത്തിന്‍റെ ഭാഗമാകുന്ന ഹൃദയവും സ്നേഹമുള്ള ഒരു കൂട്ടം മനുഷ്യരെയും ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്നു.
യേശുവിന്‍റെ മുന്നിലെത്തിച്ചാല്‍ ഈ മനുഷ്യന്‍ സുഖപ്പെടും എന്ന ആഴമായ വിശ്വാസത്തിലാണ് അവര്‍ ഒത്തൊരുമിച്ചു നീങ്ങിയത്. തന്‍റെ മുന്നില്‍ രോഗിയെ കണ്ട ഉടന്‍തന്നെ ക്രിസ്തു അവരുടെ വിശ്വാസത്തെ അനുഗ്രഹിക്കുന്നു. വിശ്വാത്തിന്‍റെ പ്രതിഫലം അവര്‍ക്ക് ഉടന്‍ ലഭിക്കുന്നു.
ക്രിസ്തു, മകനേ, എന്നഭിസംബോധന ചെയ്തുകൊണ്ടാണ് ആ മനുഷ്യനെ തന്‍റെ സൗഖ്യദാനത്തിനൊരുക്കുന്നത്. അവിടുന്ന് അരുള്‍ചെയ്തു, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. സുഖപ്പെടുത്താന്‍ സാധ്യമല്ലാത്ത അസുഖമെല്ലാം പാപത്തിന്‍റെ ശിക്ഷയായി യഹൂദര്‍ വിശ്വസിച്ചിരുന്നു. തളര്‍വ്വാദം അന്നവര്‍ക്ക് സുഖപ്പെടുത്താനാവാത്ത രോഗമായിരുന്നു. സുഖപ്പെടുത്തുവാന്‍ സാദ്ധ്യമല്ലായിരുന്ന രോഗം യേശുവിന്‍റെ വചനത്താല്‍ സുഖപ്പെടുന്നു. സൗഖ്യപ്പെട്ട രോഗിയുടെ വിശ്വാസം ഇരട്ടിക്കുന്നു. അവന്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് കടന്നു പോകുന്നതായിട്ടാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥമായ ദൈവവിശ്വാസം നമ്മിലുണ്ടെങ്കില്‍ അതിനുചിതമായ പ്രവര്‍ത്തനവും പരിശ്രമങ്ങളും നമ്മില്‍ വളരും. ഇത് നമ്മുടെ സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റി സഹോദരസ്നേഹത്തിലേയ്ക്കും ദൈവത്തിങ്കലേയ്ക്കും നമ്മെ നയിക്കും.

ഈ തപസ്സില്‍ ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍പ്പിക്കുന്ന മറ്റൊരു സത്യമിതാണ്.... സഹോദരന്‍റെ ആവശ്യത്തിനുനേരെ കണ്ണടയ്ക്കുന്നത്, അനീതിയാണ്. അനീതി തിരിച്ചറിഞ്ഞ്, അനുതപിച്ച് സഹോദരനിലേയ്ക്കു തിരിയുന്നവര്‍ ദൈവസ്നേഹത്തിലേയ്ക്കു തന്നെയാണ് തിരിയുന്നത്. പൗലോസ്ലീഹാ ഇപ്രകാരം ആഹ്വാനംചെയ്യുന്നു, ക്രിസ്തു എല്ലാ തിന്മകളില്‍നിന്നും നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികള്‍ ചെ്യുന്നതില്‍ തീക്ഷ്ണതയുമുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി ക്രിസ്തു തന്നെത്തന്നെ ബിയര്‍പ്പിച്ചു (തീത്തൂസ്. 2, 14). തിന്മയില്‍നിന്നുള്ള മോചനവും നന്മയിലേയ്ക്കും ദൈവത്തിങ്കലേയ്ക്കുമുള്ള തിരിച്ചുവരവുമാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. തിന്മയില്‍നിന്നുമുള്ള ബാഹ്യവും ആന്തരികവുമായ കെട്ടുകളെ അഴിച്ചുകൊണ്ടുള്ള സമഗ്ര വിമോചനത്തിലേയ്ക്ക് നമ്മെ നയിക്കുവാനാണ് ക്രിസ്തു ക്ഷണിക്കുന്നത്. വിശ്വാസത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹമറിഞ്ഞവര്‍ അതു പങ്കുവയ്ക്കേണ്ടതാണ്. സ്നേഹമായ ദൈവത്തോടു ചേരാന്‍, ദൈവിക ജീവനില്‍ പങ്കുചേരാന്‍, മനുഷ്യര്‍ സ്നേഹത്തില്‍ വളരണം സ്നേഹത്തില്‍ വസിക്കണം. മനുഷ്യരുമായി രമ്യപ്പെട്ടുവേണം സ്നേഹമായ ദൈവത്തോടു ചേരുവാന്‍. വിദ്വേഷത്തിന്‍റെ വിള്ളലുള്ള ഹൃദയങ്ങളിലേയ്ക്ക് സ്നേഹത്തിന്‍റെ ഭാവം പകരുവാനാവില്ല. ഈ നോമ്പു നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്കാണ്, ദൈവസ്നഹത്തിലേയ്ക്കാണ്. കാല്‍വരി ബലിയുടെ ത്യാഗപൂര്‍വ്വകമായ സ്നേഹസമ്പന്നത ജീവിതത്തില്‍ പങ്കുവയ്ക്കാന്‍ ക്രിസ്തു നമ്മെ ഈ തപസ്സിലൂടെ വിളിക്കുന്നു. ഓരോ വ്യക്തിയെയും യേശു വിളിക്കുന്നു.



St. Joseph - March 19th
ആഗോള സഭ വിശുദ്ധ യൗസ്പ്പിതാവിന്‍റെ തിരുനാള്‍ മാര്‍ച്ചു 19-ന് കൊണ്ടാടിയല്ലോ. തച്ചന്‍റെ മകനെന്നാണ് ക്രിസ്തുവിനു ലഭിച്ച വിശേഷണം. അത്ര നിസ്സാരപ്പണിയൊന്നുമല്ലത്. ധ്യാനവും ഭാവനയും ക്ലപ്തതയും ഏറെ ആവശ്യപ്പെടുന്ന ഒരു മഹത്തായ തൊഴിലാണത്. ക്രിസ്തുവിനെ രൂപപ്പെടുത്തുകയും രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്നെത്തന്നെ നിശ്ശബ്ദമായി ഒരു താപസ്സനെപ്പോലെ സമര്‍പ്പിക്കുകയും ചെയ്ത നീതിമാനായ തച്ചനായിരുന്നു ജോസഫ്. അങ്ങിനെയാണ് സുവിശേഷം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹതയുള്ളത് ഉറപ്പുവരുത്തുന്നതാണ് നീതി. ദൈവത്തിന് സ്തുതിയും, മേരിക്ക് സംരക്ഷണവും, യേശുവിന് വാത്സല്യവും നല്കിയ ഈ തിരുക്കുടുംബനാഥന്‍ . ആര്‍ക്കും ഒന്നും നിഷേധിച്ചില്ല. എല്ലാം സമൃദ്ധമായി ദൈവത്തിനും മനുഷ്യര്‍ക്കും നല്കിയ വിശുദ്ധ യൗസേപ്പിതാവ് നമുക്കേവര്‍ക്കും അനുദിന ജീവിത യാത്രയില്‍ മാതൃകയും മാദ്ധ്യസ്ഥ്യവുമാവട്ടെ. നമ്മുടെ എല്ലാകുടുംബങ്ങളെയും തിരുക്കുടുംബ പാലകന്‍ സംരക്ഷിക്കട്ടെ, നയിക്കട്ടെ. End







All the contents on this site are copyrighted ©.