2011-03-17 18:27:44

റൊമേരോ അനുസ്മരണം
മാര്‍ച്ച് 24-ന്


പാവങ്ങളുടെ പക്ഷംചേര്‍ന്ന ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോയെ
ഓര്‍ക്കണമെന്ന്, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.
ലത്തീനമേരിക്കയില്‍ പാവങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിത്വംവരിച്ച
എല്‍ സാല്‍വദോറിലെ ആര്‍ച്ചുബിഷപ്പ് ഓസ്കര്‍ റൊമേരോയുടെ അനുസ്മരണം ആചരിച്ചുകൊണ്ട്, നീതിക്കായിക്കേഴുന്ന ഭാരതത്തിലെ ദളിത ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി പോരാടാനുള്ള പ്രചോദനം കൈക്കൊള്ളണമെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ മാര്‍ച്ച് 10-ാം തിയതി അയച്ച കത്തിലൂടെ ഇന്ത്യയിലെ കത്തോലിക്കാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വദിനമായ മാര്‍ച്ച് 24-ന്
എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപാനങ്ങളിലും ദിവ്യബലിമദ്ധ്യേ രക്തസാക്ഷിയായ ആര്‍ച്ചുബിഷപ്പ് റൊമേരോയെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ദളിത് ക്രൈസ്തവര്‍ക്ക് നീതിയും സമാധാനവും യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന്, സിബിസിഐ-യുടെ വക്താവ് ഫാദര്‍ ചാള്‍സ് ഇദയം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ലത്തീന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ മെത്രാനായിരുന്നു ഓസ്ക്കര്‍ റൊമേരോ. അഭ്യന്തര യുദ്ധകാലത്ത് മര്‍ദ്ദിതരും പീഡിതരുമായ പാവങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട്, അവരുടെ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതിനും, നീതി ലഭിക്കുന്നതിനുംവേണ്ടി പോരാടിയ ആ നല്ലിടയന്‍ 1980 മാര്‍ച്ച് 24-ന് തന്‍റെ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ചൂഷകരുടെ വെടിയുണ്ടയേറ്റു അള്‍ത്താരയില്‍ വീണു മരണമടയുകയാണുണ്ടായത്.
അനീതിയും അഴിമതിയും, പാവങ്ങളോടുള്ള വിവേചനവും അവരുടെ ചൂഴണവും, ന്യൂനപക്ഷ പീഡനങ്ങളും - ഭാരതത്തല്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലഘട്ടത്തില്‍ ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ അനുസ്മരണം പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രചോദനമാകുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി തന്‍റെ കത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു.
 







All the contents on this site are copyrighted ©.