2011-03-17 18:37:31

യുദ്ധത്തിലെ നഷ്ടം
സമാധാനത്തിലെ നേട്ടം 


7 മാര്‍ച്ച് 2011, ലീബിയ
സമാധാനാന്തരീക്ഷത്തില്‍ ഒന്നും നഷ്ടമാകുന്നില്ല, മറിച്ച് യുദ്ധത്തില്‍ എല്ലാം നഷ്ടമാകുമെന്ന് ലീബിയായിലെ മെത്രാന്‍, സില്‍വെസ്റ്റര്‍ കര്‍മ്മേലോ പ്രസ്താവിച്ചു. അഭ്യന്തര കലഹത്തില്‍ ആയിരങ്ങള്‍ മരണമടഞ്ഞ ലീബിയായിലെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക്
മാര്‍ച്ച് 16-ാം തിയതി ബുധനാഴ്ച രാവിലെ നല്കിയ ഒരു ടെലിഫോണ്‍ അഭിമുഖത്തിലാണ് ലീബിയാ-ബെങ്കാസ്സിയിലെ മെത്രാന്‍ ബിഷപ്പ് സില്‍വെസ്റ്റര്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഗദ്ദാഫി ഭരണകൂടത്തിനെതിരെ പോരാടുന്ന വിമതരുടെ കേന്ദ്രമാകയാല്‍, ബെങ്കാസ്സിയില്‍ ഇപ്പോഴും സംഘട്ടനങ്ങള്‍ നിലനില്ക്കുന്നുണ്ടെന്ന് ബിഷപ്പ് സില്‍വെസ്റ്റര്‍ അറിയിച്ചു.
വിമതര്‍ വിമാനവേധ തോക്കുകളും റോക്കറ്റുകളും ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഗദ്ദാഫി സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടി ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ടെന്നും ബിഷപ്പ് അഭിമുഖത്തില്‍ വ്യക്തമാക്കി.
ധാരാളം കത്തോലിക്കരും വൈദികരും സന്യസ്തരുമുള്ള ബെങ്കാസ്സിയിലെ സഭ, ദൈവത്തിലാശ്രയിച്ച് പ്രത്യാശയോടെ മുന്നോട്ടു പോവുകയാണെന്നും, ആശുപത്രകളിലും ആതുരാലയങ്ങളിലും ധാരാളം വൈദികരും സന്യസ്തരും ജനങ്ങള്‍ക്ക് സാന്ത്വനമായും തുണയായും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തപസ്സാചാരണത്തിന്‍റെ ഈ ദിനങ്ങളില്‍ ക്രിസ്തുവിന്‍റെ പീഡാനുഭവും സഹനവുമാണ് തങ്ങള്‍ക്ക് ക്രൈസ്തവ സാക്ഷൃത്തിനുള്ള ആത്മീയ ശക്തിപകരുന്നതെന്ന് ബിഷപ്പ് സില്‍വസ്റ്റര്‍ വത്തിക്കാന്‍ റേഡിയോയോട് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.