2011-03-15 10:41:02

സുരക്ഷിതമായ കുടുംബം കുട്ടികളുടെ അവകാശം


(14.03.2011, കൊളംബിയ), കുട്ടികള്‍ നിയമപരമായി സംരക്ഷിക്കപ്പെടേണ്ടത് കുടുംബങ്ങളിലാണെന്ന് കൊളംബിയായിലെ കത്തോലീക്കാ മെത്രാന്‍സംഘം പ്രസ്താവിച്ചു. സ്വവര്‍ഗ്ഗവിവാഹിതര്‍ക്ക് നിയപരമായി കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ടോ എന്ന വിഷയത്തില്‍ മെത്രാന്‍സംഘത്തിന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു കൊളംബിയായിലെ കത്തോലീക്കാ മെത്രാന്‍മാരുടെ സമിതിയുടെ ജനറല്‍ സെക്രട്ടറി ഫാദര്‍ മെര്‍ക്കാദോ സെപ്പേദ. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ നിമയപരമായി അംഗീകരിക്കപ്പെടുന്നതില്‍ സഭ ആശങ്കാകുലയാണെന്നും എന്നാല്‍ ആരെങ്കിലും സമൂഹത്തില്‍ ഒറ്റപ്പെടണമെന്നോ വിവേചനമനുഭവിക്കണമെന്നോ സഭ ആഗ്രഹിക്കുന്നില്ലെന്നും ഫാദര്‍ സെപ്പദേ വ്യക്തമാക്കി. അതേസമയം സ്വവര്‍ഗ്ഗവിവാഹിതര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമപരമായി അവകാശം നല്‍കാത്തത് വിവേചനമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ദത്തിന്‍റ‍െ കാര്യത്തില്‍ ദത്തെടുക്കപ്പെടുന്ന വ്യക്തിയുടെ അവകാശങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും, സുരക്ഷിതമായ കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന വസ്തുത വിസ്മരിച്ചു കളഞ്ഞുകൂടെന്നും പറഞ്ഞ അദ്ദേഹം അന്നാട്ടിലെ നിയമനിര്‍മ്മാണ സഭ ഭരണഘടനയെയും പൗരന്‍മാരുടെ അന്തസ്സിനെയും മാനിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനാണ് മെത്രാന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതെന്നും വെളിപ്പെടുത്തി.







All the contents on this site are copyrighted ©.