2011-03-15 20:10:27

ലോകത്തിലെ
ഏറ്റവും വലിയ
ശ്ലീവാപ്പാതാ ശില്പങ്ങള്‍
വത്തിക്കാനില്‍


15 മാര്‍ച്ച് 2011
ക്രിസ്തുവിന്‍റെ കുരിശു യാത്ര ചിത്രീകരിക്കുന്ന അപൂര്‍വ്വ വെങ്കല ശില്പങ്ങള്‍ വത്തിക്കാനില്‍ പ്രദര്‍ശനത്തിനെത്തി. തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍നിന്നുമാണ് 7 അടി ഉയരമുള്ള 49 പൂര്‍ണ്ണകായ വെങ്കല പ്രതിമകളും 11 കുരിശുകളും ഉള്ള അപൂര്‍വ്വവും അതിമനോഹരവുമായ ശ്ലീവാപാതയുടെ 14 രംഗങ്ങള്‍ വത്തിക്കാനിലെത്തിയത്. ചിലി സ്വദേശികളായ പാസ്കള്‍ നാവെ, ജോസഫ് അലബ്രേസ് എന്നീ കലാകാരന്മാരാണ് 9 വര്‍ഷങ്ങളെടുത്ത് വെള്ളോടില്‍ ഈ പൂര്‍ണ്ണകായ പ്രതിമകള്‍ വാര്‍ത്തെടുത്തത്. 2002-ല്‍ ആദ്യം മെഴുകില്‍ വാര്‍ത്ത മനോഹരമായ രൂപങ്ങള്‍ വെങ്കലത്തില്‍ ചുട്ടെടുത്ത് പണികള്‍ തീര്‍ത്തപ്പോള്‍ 2011-ന്‍റെ ആരംഭത്തിലെത്തിയിരുന്നു. ഇവ ഭാവാത്മകവും ഹൃദയസ്പരിശിയുമാണെന്ന്, മാര്‍ച്ച് 13-ാം തിയതി തപസ്സിലെ പ്രഥമ ഞായറാഴ്ച, വത്തിക്കാന്‍റെ രാജവീഥിയില്‍ കുരിശിന്‍റെവഴിയുടെ ശില്പങ്ങള്‍ ആശിര്‍വ്വദിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച, റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായുടെ ഉത്തരവാദിത്വംവഹിക്കുന്ന കര്‍ദ്ദിനാള്‍ ഫ്രാന്‍ച്ചേസ്കോ മൊന്തെരേസ്സി പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ കുരിശുയാത്രയുടെ പരമ്പരാഗതമായ 14 സ്ഥലങ്ങള്‍ ധ്യാനിക്കുവാന്‍ സഹായകമാകുന്ന ലോകത്തിലെ ഏറ്റവും വലിയ രൂപങ്ങളാണ് വത്തിക്കാന്‍റെ മുന്നില്‍ നിവര്‍ന്നു കിടക്കുന്ന രാജവീഥിയില്‍, അനുരഞ്ജനത്തിന്‍റെ പാതയെന്നറിയപ്പെടുന്ന, വിയാ ദേലാ കൊണ്‍ചീലിയാസ്സിയോനെയുടെ Via della Conciliazione-യുടെ പാര്‍ശ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 200 അടി വീതിയുള്ള നാലുവരിപ്പാതയാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലേയ്ക്കും വത്തിക്കാന്‍ ചത്വരത്തിലേയ്ക്കും ആനയിക്കുന്ന ഈ രാജവീഥി. അതിന്‍റെ പാര്‍ശ്വത്തിലുള്ള വെണ്ണക്കല്‍ നടപ്പാതയില്‍ മനോഹരമായ ദീപസ്തംഭങ്ങള്‍ക്കിടയിലുള്ള ഭാഗത്താണ് കുരിശിന്‍റെവഴി ഒരുക്കിയിരിക്കുന്നത്. ഓരോ സ്ഥലത്തും ശരാശരി മൂന്നു ശില്പങ്ങളെങ്കിലുമുള്ള കുരിശിന്‍റെവഴി, പീലാത്തോസ് യേശുവിനെ മരണത്തിനു വിധിക്കുന്ന രംഗത്തോടെ ആരംഭിക്കുന്നു. മൗനമായി വിധി സ്വീകരിച്ചു നില്ക്കുന്ന യേശുവും സമീപത്തു റോമന്‍ സൈനികചിഹ്നമുളള പതാകയുമായി നില്കുന്ന ഭടനെയും കൂടാതെ, ന്യായാസനത്തിലിരുന്നുകൊണ്ട്, ഈ നീതിമാന്‍റെ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന പ്രസ്താവനയുമായി ഒരു പരിചരന്‍റെ സഹായത്തോടെ കൈകഴുകുന്ന റോമന്‍ ഗവര്‍ണ്ണര്‍ പീലോത്തോസും ആദ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണ്. തുടര്‍ന്ന് കുരിശു യാത്രയുടെ 12 രംഗങ്ങളാണ്. അവസാനം യേശുവിന്‍റെ മൃതശരീരം കല്ലറയില്‍ സംസ്കരിക്കുന്ന രംഗമാണ്. കല്ലറ ദാനമായി നല്കിയ ആരുമത്തിയാക്കാരന്‍ ജോസഫ് ദുഃഖാര്‍ത്തനായി സമീപത്തു നില്ക്കുമ്പോള്‍, മഗ്ദലയിലെ മറിയം മൃദദേഹത്തില്‍ പൂശിയ തൈലപ്പാത്രവുമായും അവളെ സഹായിച്ച ക്ലോപ്പായുടെ ഭാര്യ മറിയവും കല്ലറയില്‍ കിടത്തിയിരിക്കുന്ന യേശുവിന്‍റെ മൃതദേഹത്തിനു സമീപം വിഷാദമഗ്നരായി നില്ക്കുന്നു. തപസ്സുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും ഈ അപൂര്‍വ്വ ശില്പങ്ങളുടെ പശ്ചാത്തലത്തില്‍ വത്തിക്കാനില്‍ കുരിശിന്‍റെവഴി നടത്തപ്പെടും, കൂടാതെ തപസ്സിന്‍റെയും ഉപവാസത്തിന്‍റെയും പ്രതീകമായി പാവങ്ങള്‍ക്കുള്ള അന്ന ദാനവും സംഘാടകര്‍ സവിശേഷദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇപ്പോള്‍ത്തന്നെ ഈ അപൂര്‍വ്വ കുരിശിന്‍റെവഴി ആത്മീയ ആവേശംപകരുന്നു.

കുരിശിന്‍റെവഴിയുടെ ഈ സവിശേഷ ബിംബങ്ങള്‍ ഏപ്രില്‍ 29-ാം തിയതി ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ചവരെ വത്തിക്കാനില്‍ പ്രദര്‍ശനത്തിലുണ്ടായിരിക്കും. ചിലിയിലെ കൊക്കീമ്പോ പട്ടണത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ശ്ലീവാ പാതയുടെ ശില്പങ്ങള്‍ അവിടേയ്ക്ക് പിന്നീട് നീക്കംചെയ്യപ്പെടും. 1987-ല്‍ ജോണ്‍ പോള്‍ രണ്ടമന്‍ മാര്‍പാപ്പയുടെ ചിലിയിലെ ഇടയസന്ദര്‍ശന വേദിയായിരുന്ന കൊക്കീമ്പോ പട്ടണത്തിലെ പ്രത്യേക വേദിയില്‍ ഈ കുരിശിന്‍റെവഴി സ്ഥിരമായി സ്ഥാപിക്കും. മൂന്നാം സഹസ്രാബ്ദത്തിലെ കുരിശിന്‍റെ സ്ഥാപനം, ചിലിയിലെ The Cross Foundation of the Third Millennium – ആണ് ഈ വിശ്വത്തര ശ്ലീവാപാതയുടെ പ്രയോജകര്‍.







All the contents on this site are copyrighted ©.