2011-03-14 14:54:28

ദൈവത്തെ മറക്കുന്നത് പാപം മറച്ചുവയ്ക്കാനെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


13 മാര്‍ച്ച് 2011 വത്തിക്കാന്‍
വലിയനോന്‍പ് ആരംഭിച്ചു. ഈസ്റ്റര്‍ മഹോത്സവത്തിനൊരുക്കമായുള്ള ആത്മീയയാത്രയുടെ 40 ദിവസങ്ങളാണ് ഈ വലിയ നോന്‍പ്. തന്‍റെ രക്ഷണീയ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമായി കുരിശ്ശിനെ ആശ്ലേഷിച്ച ക്രിസ്തുവിനെ പ്രത്യേകമായി അനുധാവനംചെയ്യുന്ന ദിനങ്ങളാണിത്. തപസ്സും കുരിശിന്‍റെ ധ്യാനവും എന്തിനാണ് എന്ന ചോദ്യം ചിലപ്പോഴെങ്കിലും നമ്മുടെ മനസ്സിലുയരാം. തിന്മയും പാപവും നിലനില്ക്കുന്നതുകൊണ്ടുതന്നെയാണ് തപസ്സും കുരിശ്ശുധ്യനവും ആവശ്യമായിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കുമ്പോള്‍, ഈ ലോകത്തിലെ തിന്മകളുടെ മൂലകാരണം മനുഷ്യന്‍റെ പാപങ്ങളാണ്. ഈ വസ്തുത ഇന്ന് എല്ലാവരും അംഗീകരിക്കണമെന്നില്ല. പാപമെന്നുള്ള ആശയം പോലും സ്വീകാര്യമല്ലാത്തവരുണ്ട്. ഇതിന്‍റെ മുഖ്യകാരണം പാപത്തെക്കുറിച്ചുള്ള ചിന്ത ഈ ലോകത്തെയും മനുഷ്യരെയും മതപരമായ ഒരു വീക്ഷണത്തിലേയ്ക്കു നയിക്കേണ്ടിവരുമെന്ന ഭീതിയാണ്. മതാത്മകവും ദൈവികവുമായ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനുള്ള മനുഷ്യന്‍റെ വൈഷമ്യമാണ് പാപത്തിന്‍റെ അസ്തിത്വത്തെയും അംഗീകരിക്കാത്തതിനു കാരണം. ഈ ലോകത്തുനിന്നും ദൈവത്തെ ഇല്ലായ്മചെയ്താല്‍ പാപത്തെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ടതില്ല എന്നൊരു യുക്തി അതിന്‍റെ പിന്നിലുണ്ട്.
സൂര്യപ്രകാശത്തിലാണ് നിഴലും തെളിയുന്നത്.. സൂര്യനെ മറച്ചാല്‍പ്പിന്ന‍െ നിഴല്‍ കാണുകയില്ല. അതുപോലെ ദൈവത്തെ മറച്ചാല്‍, മറന്നാല്‍ പാപവും മറച്ചുവയ്ക്കാം, മറക്കാം എന്ന യുക്തിയാണ്. മനഃശ്ശാസ്ത്രം വിവരിക്കുന്ന കുറ്റബോധത്തില്‍നിന്നും, guilt-ല്‍നിന്നും, വ്യത്യസ്തമാണ് പാപബോധം sense of sin. കാരണം പാപബോധം ഉണ്ടാകണമെങ്കില്‍ ദൈവ-ബോധവും ആവശ്യമാണ്. അതുകൊണ്ടാണ് ദാവീദ് രാജാവ് ദ്വിവിധ പാപങ്ങള്‍ചെയ്തപ്പോള്‍ - കൊലപാതവും വ്യഭിചാരവും ചെയ്തപ്പോള്‍ ഇങ്ങനെ വിലപിച്ചത്, “ദൈവമേ, എന്നില്‍ നീ കരുണ്യം തൂകണേ..
അങ്ങേയ്ക്കെതിരായി പാപങ്ങള്‍ ചെയ്തിവന്‍…” എന്ന്.
- Psalm 51,4 Miserere mei Deo.
പാപംചെയ്ത ദാവീദ് രാജാവ് തന്‍റെ വിലാപസങ്കീര്‍ത്തനത്തിലൂടെ ദൈവത്തോടാണ് മാപ്പിരക്കുന്നത്. അധാര്‍മ്മികതയ്ക്കു മുന്നില്‍
ദൈവം പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നു.
ദൈവം തിന്മയെ സാധൂകരിക്കുകയില്ല. കാരണം അവിടുന്ന് സ്നേഹസമ്പന്നനും, നീതിമാനും വിശ്വസ്തനുമാണ്. അവിടുന്ന് പാപിയുടെ മരണം ആഗ്രഹിക്കാതെ, അവനെ മാനസാന്തരത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും ക്ഷണിക്കുന്നു. മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കായി ചരിത്രത്തിലുടനീളം ദൈവം ഒരു രക്ഷണീയ പദ്ധതി ഒരുക്കിയിരിക്കുന്നു. യഹൂദ ജനത്തിന്‍റെ ഈജീപ്തില്‍നിന്നുമുളള മോചനത്തിന്‍റെ കഥ ഈ രക്ഷണീയ പദ്ധതിയുടെ ചരിത്ര സാക്ഷൃമാണ്.
ദൈവം എപ്പോഴും തന്‍റെ ജനത്തെ പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും മോചിച്ച് നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കാനയിക്കാന്‍ ആഗ്രഹിക്കുന്നു.
പാപത്തിന്‍റെ അടിമത്തം അതിക്രൂരമാണ്. ‘ഉത്ഭവപാപത്തില്‍നിന്നും,’ തിന്മയുടെ അടിമത്വത്തില്‍നിന്നും ഈ ലോകത്തെ, മോചിക്കുവാന്‍ ദൈവം തന്‍റെ പുത്രനെ അയക്കുവാന്‍ തിരുവുള്ളമായി - ക്രിസ്തു. അവിടുന്ന് ലോകരക്ഷാര്‍ത്ഥം കുരിശ്ശില്‍ പാപപരിഹാര യാഗമായി സ്വയം സമര്‍പ്പിക്കപ്പെടേണ്ടതിന് മനുഷ്യനായി അവതരിച്ചു. തപസ്സിലെ ആദ്യവാര സുവിശേഷചിന്ത സ്പഷ്ടമാക്കുന്നതുപോലെ, ദൈവത്തിന്‍റെ സുനിശ്ചിതവും സാര്‍വ്വലൗകികവുമായ രക്ഷാകരപദ്ധതിയെ തിന്മയുടെ ശക്തികള്‍ പലേവിധത്തില്‍ എതിര്‍ക്കുന്നു. അതാണ് ക്രിസ്തുവിന്‍റെ മരൂഭൂമിയിലെ പ്രലോഭനങ്ങളില്‍ കാണുന്നത് (മത്തായി 4, 1-11). തപസ്സനുഷ്ഠാനത്തിന്‍റെ പൊരുള്‍ ഇതാണ്, മരുഭൂമിയിലുണ്ടായ തന്‍റെ പ്രലോഭനങ്ങളെ പൂര്‍ണ്ണമായും അതിജീവിച്ച ക്രിസ്തുവിനോടു ചേര്‍ന്ന് വ്യക്തികള്‍ എന്ന നിലയിലും സഭ മൊത്തമായും പാപത്തിനും അതിന്‍റെ പ്രലേഭനങ്ങള്‍ക്കുമെതിരെയും പോരാടണം. അനുദിന ജീവിതത്തിലെ തിന്മയ്ക്കെതിരെയുള്ള ഒരാത്മീയ യുദ്ധമാണിത്. ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവര്‍ക്ക് തപസ്സിലൂടെ പാപത്തെ അതിജീവിച്ച് ക്രിസ്തുവിനോടൊപ്പം അവിടുത്തെ പുനരുത്ഥാന മഹത്വത്തിലും സന്തോഷത്തിലും പങ്കുചേരാനാവും.
The extract from the Angelus Reflection of the Pope
 







All the contents on this site are copyrighted ©.