2011-03-10 09:25:06

സാമ്പത്തിക പുരോഗതി
മനുഷ്യാന്തസ്സ് മാനിക്കുന്നതാവണം
- വത്തിക്കാന്‍റെ പ്രതിനിധി യുഎന്നില്‍


09 മാര്‍ച്ച് 2011 ന്യൂയോര്‍ക്ക്
സുസ്ഥിതിയുള്ള പുരോഗതിയും ദാരിദ്ര്യ-നിര്‍മ്മാര്‍ജ്ജനവും
മനുഷ്യാന്തസ്സ് മാനിക്കുന്നതായിരിക്കണമെന്ന് യുഎന്നിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ന്യൂയോര്‍ക്കിലെ സമ്മേളനത്തില്‍ പ്രസ്താവിച്ചു. .2012-ല്‍ ബ്രസീലില്‍ സമ്മേളിക്കുവാന്‍ പോകുന്ന സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള യുഎന്‍ ഉച്ചകോടിക്ക് ഒരുക്കമായുള്ള കമ്മിഷന്‍റെ യോഗത്തില്‍, മാര്‍ച്ച് 8-ാം തിയതി ചൊവ്വാഴ്ച, ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടയുടെ ആസ്ഥാനത്ത്, പ്രതികരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, പ്രഫസര്‍ ചാള്‍സ് ക്ലാര്‍ക്ക്.
ഹരിത-സമ്പദ്-വ്യവസ്ഥിതിയും സുസ്ഥിതിയുളള പുരോഗതിയും
ലക്ഷൃംവയ്ക്കുമ്പോഴും അവയുടെ അടിസ്ഥാനതത്വമായി
മനുഷ്യനന്മ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രഫസര്‍ ക്ലാര്‍ക്ക് പ്രസ്താവിച്ചു. സാമ്പത്തിക പ്രസ്ഥാനങ്ങള്‍ അന്തര്‍ദേശിയ കമ്പോളങ്ങളുടെയോ
ചിലപ്പോള്‍ വന്‍കിട രാഷ്ട്രങ്ങളുടെയോ താല്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയാണെങ്കില്‍പ്പോലും മനുഷ്യപുരോഗതിക്കനുയോജ്യമായ വ്യവസ്ഥിതികള്‍ പാലിക്കേണ്ടതാണെന്നും അമേരിക്കയിലെ സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായ, പ്രഫസര്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രസ്താനങ്ങള്‍ക്കു പിന്നില്‍ സ്വതന്ത്ര കമ്പോളങ്ങളോ സ്ഥാപനങ്ങളോ ആയിരുന്നാലും അടിസ്ഥാനപരമായി മനുഷ്യന്‍റെ സ്വാര്‍ത്ഥതയും ആര്‍ത്തിയുമാണ് സമഗ്രമായ സാമൂഹ്യ പുരോഗതിയെ തകര്‍ക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ടിനെ പ്രതിനിധീകരിച്ച പ്രഫസര്‍ ചാള്‍സ് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.