2011-03-10 20:02:28

യൂദാസ് അനുതപിച്ചെങ്കിലും ആശയറ്റവനായിരുന്നു
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


10 മാര്‍ച്ച് 2011, വത്തിക്കാന്‍
ഒറ്റുകാരനായ യൂദാസ് അനുതപിച്ചെങ്കിലും ആശയറ്റവനായിരുന്നുവെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുതിയ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.
മാര്‍ച്ച് 10-ാം തിയതി, വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാനില്‍ പ്രകാശനംചെയ്ത മാര്‍പാപ്പയുടെ പുതിയ പുസ്തകം, നസ്രായനായ യേശു രണ്ടാം വാല്യത്തില്‍ അന്ത്യത്താഴം വിവരിക്കുന്ന മൂന്നാം അദ്ധ്യായത്തിലാണ് മാര്‍പാപ്പ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനും അവസാന അത്താഴംവരെ അവിടുത്തെ അനുഗമിക്കുകയുംചെയ്ത യൂദാനെക്കുറിച്ച് ഈ അപൂര്‍വ്വപരാമര്‍ശം നടത്തിയിരിക്കുന്നത്.
ക്രിസ്തു പങ്കുവയ്ക്കുന്ന നവമായ ക്ഷമിക്കുന്ന സനേഹമാണ് ജീവന്‍റെ ബലതന്ത്രമെന്നു സമര്‍ത്ഥിക്കുവാന്‍, പത്രോസിന്‍റെയും യൂദാസിന്‍റെയും മാനസാന്തരങ്ങളെ ക്രിസ്ത്യന്‍ ആത്മീയതയിലെ അപൂര്‍വ്വ ചിന്തകളായി തന്‍റെ പുതിയ ഗ്രന്ഥത്തില്‍ മാര്‍പാപ്പ അവതരിപ്പിച്ചിരിക്കുന്നു.
ദൈവത്തിന്‍റെ കരുണാദാനമാണ് അനുതാപമെന്നും, ദൈവത്തിന്‍റെ അനന്തമായ ക്ഷമയില്‍ വിശ്വാസവും ബോധ്യവുമുള്ളവര്‍ക്കേ അത് സ്വീകരിക്കാനാവൂ എന്നും, മറിച്ചാണെങ്കില്‍ അത് ആത്മനാശത്തില്‍ കലാശിക്കുമെന്നും മൂന്നാമദ്ധ്യായത്തില്‍ പാപ്പ വിവരിക്കുന്നു. ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനം മുതല്‍ ഉത്ഥാനംവരെ വിവരിക്കുന്ന ഗ്രന്ഥത്തിന് 384-താളുകളിലായി 9 അദ്ധ്യയങ്ങളും, മാര്‍പാപ്പതന്നെ രചിച്ച ഒരാഖ്യാനവും ഉണ്ട്.
20 വിവിധ ഭാഷകളില്‍ ഒരേ സമയത്ത് പുറത്തിറങ്ങുന്ന പാപ്പായുടെ ഗ്രന്ഥത്തിന്‍റെ 12 ലക്ഷം പ്രതികള്‍ ആദ്യപതിപ്പുകളില്‍ ലോകമെമ്പാടും പുറത്തിറങ്ങുമെന്ന് പ്രസാധകര്‍, വത്തിക്കാന്‍ പ്രസ്സ് വെളിപ്പെടുത്തി.
പാപ്പായുടെ മാതൃഭാഷയായ ജര്‍മ്മനില്‍ 50,000 കോപ്പികളാണ് ഹെര്‍ഡര്‍ പബ്ലിക്കേഷന്‍സ് ആദ്യപതിപ്പ് പുറത്തിറക്കുന്നത്.
ഇംഗ്ലീഷ് പതിപ്പ് ഇംഗ്ലണ്ടില്‍നിന്നും ഇഗ്നേഷ്യസ് പ്രസ്സ് പുറത്തിറക്കി.
മലായാള പതിപ്പ് ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിലെ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ബിബ്ലിയ പബ്ലിക്കേഷന്‍സ് പുറത്തിറക്കും.







All the contents on this site are copyrighted ©.