2011-02-24 18:00:28

ജലം ജീവന്‍റെ അവകാശം


24 ഫെബ്രുവരി 2011
ജലവും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളും ജീവന്‍റെ അവകാശങ്ങളാണെന്ന്, ആഗോള സഭകളുടെ കൂട്ടായ്മ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവിച്ചു. ഫെബ്രുവരി 22-ാം തിയതി ചൊവ്വാഴ്ച സ്വറ്റ്സര്‍ലണ്ടില്‍ സമാപിച്ച വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ കേന്ദ്ര സമിതിയാണ് ഇങ്ങനെ സംയുക്തമായി പ്രസ്താവിച്ചത്.
ജലവും അടിസ്ഥാന ശുചീകരണ സൗകര്യങ്ങളും മനുഷ്യാവകാശങ്ങളാണെന്നും അവ നീതിനിഷ്ഠമായ ജീവിതത്തിന് അനിവാര്യമാണെന്നുമുള്ള, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 2010 ജൂലൈയിലെ പ്രഖ്യാപനത്തിന്‍റെ ചുവടു പിടിച്ചാണ് ആഗോള സഭകളുടെ കൂട്ടായ്മ ഈ നിയോഗത്തില്‍ എത്തിച്ചേര്‍ന്നതെന്ന് wcc-യുടെ വക്താവ് മൈക്ക് ഗോഴ്സബോത്ത് വെളിപ്പെടുത്തി. 2011-ല്‍ ക്രൈസ്തവ സഭകള്‍ ആചരിക്കുന്ന
7 ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന തപസ്സുകാലം സഭൈക്യ ജലവിതരണ പദ്ധതിയുടെ വാരമായി ആചരിച്ചുകൊണ്ട്, ശുദ്ധജല സംഭരണവും സംരക്ഷണവും, ജലത്തിന്‍റെ തുല്യവിതരണം, ഉത്തരവാദിത്വപൂര്‍ണ്ണമായ ജലത്തിന്‍റെ ഉപയോഗം എന്നീ പ്രായോഗിക പദ്ധതകളിലൂടെ wcc-യുടെ ലക്ഷൃം ആവശ്യ മേഖലകളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സമ്മേളനം തീരുമാനിച്ചു.
2013-ാമാണ്ടില്‍ ദക്ഷിണ കൊറിയയിലെ ബുസാനില്‍ സമ്മേളിക്കുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ജനറല്‍ അസംബ്ലി, ജീവന്‍റെ ദൈവമേ, ഞങ്ങളെ നീതിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കണമേ, എന്ന പ്രാര്‍ത്ഥന മുഖ്യപ്രമേയമാക്കുമെന്നും പ്രസ്താവനയില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.