2011-02-23 16:27:02

സാന്‍ മരീനോ മലയിലേയ്ക്ക്
മാര്‍പാപ്പയുടെ ഇടയസന്ദര്‍ശനം


23 ഫെബ്രുവരി 2011 സാന്‍ മരീനോ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വടക്കെ ഇറ്റലിയിലെ
സാന്‍ മരീനോ-മോന്തേഫെല്‍ത്രോ രൂപതയിലേയ്ക്കുള്ള ഇടയസന്ദര്‍ശനത്തിന്‍റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22-ാം തിയതി ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പിലാണ് സാന്‍ മാരീനോയുടെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ലൂയിജി നീഗ്രി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. വടക്കെ ഇറ്റലിയിലുള്ള അപ്പേനൈന്‍ മലമ്പ്രദേശത്തെ സാന്‍ മരീനോ റിപ്പബ്ലീക്കിലെ സാന്‍ മരീനോ-മോന്തേഫെല്‍ത്രോ രൂപതയിലേയ്ക്ക് 2011 ജൂണ്‍ 19-ാം തിയതി ഞായറാഴ്ച, പരിശുദ്ധ തൃത്വത്തിന്‍റെ തിരുനാളിലാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇടയസന്ദര്‍ശനം നടത്തുന്നത്. വത്തിക്കാനില്‍നിന്നും രാവിലെ 9.15-ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെടുന്ന മാര്‍പാപ്പ, സാന്‍ മരീനോ റിപ്പബ്ലിക്കിന്‍റെ തൊറാസ്സിയാ ഹെലിപ്പോര്‍ട്ടില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരണച്ചടങ്ങിനുശേഷം അടുത്തുള്ള
സെരവാല്ലേ മൈതാനത്തേയ്ക്ക് സമൂഹബലിയര്‍പ്പണത്തിനായി മാര്‍പാപ്പ കാറില്‍ സഞ്ചരിക്കും. പരിശുദ്ധ പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയില്‍ പാപ്പ വചനപ്രഘോഷണം നടത്തുകയും, തുടര്‍ന്ന് തൃകാലപ്രാര്‍ത്ഥനാ സന്ദേശം നല്കുകയും ചെയ്യും. ഉച്ചയ്ക്ക് അവിടെ വി. യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള സന്യാസസമൂഹത്തില്‍ ഭക്ഷണംകഴിച്ച് വിശ്രമിക്കുന്ന മാര്‍പാപ്പ,
വൈകുന്നേരം 4.15-ന്, സാന്‍ മരീയോ റിപ്പബ്ളിക്കിന്‍റെ അധികാരികള്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തിലെ ഔപചാരിക സ്വീകരണച്ചടങ്ങിലും ഹ്രസ്വമായ പൗരസമ്മേളനത്തിലും പങ്കെടുക്കും.
തുടര്‍ന്ന് അടുത്തുള്ള സമ്മേളനഹാളില്‍ സാന്‍ മരീനോയുടെ ഭരണാധികാരികളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തും.
വൈകുന്നേരം 6 മണിക്ക് സാന്‍ മറീനോ പട്ടണത്തിന്‍റെ സ്ഥാപകശില്പിയും മദ്ധ്യസ്ഥനുമായ വിശുദ്ധ മരീനോയുടെ നാമധേയത്തിലുള്ള കത്തീദ്രല്‍ ദേവാലയത്തിലേയ്ക്ക് ഹ്രസ്വസന്ദര്‍ശനം നടത്തും. വൈകുന്നേരം 7 മണിക്ക് തൊറാസ്സിയാ ഹെലിപ്പോര്‍ട്ടില്‍നിന്നും ഹെലിക്കോപ്റ്ററില്‍ പെന്നാബിലി കായികകേന്ദ്രത്തിലെത്തുന്ന മാര്‍പാപ്പ 7-15-ന് അവിടത്തെ വിക്ടര്‍ ഇമ്മാനുവല്‍ ചത്വരത്തില്‍ സംഘടിപ്പിക്കുന്ന യുവജനസമ്മേളനത്തെ അഭിസംബോധനചെയ്യും.
രാത്രി 8 മണിക്ക് ഹെലിക്കോപ്റ്ററില്‍ മാര്‍പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങും. പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ
1971-ലെ ഇടയസന്ദര്‍ശനത്തിനുശേഷം സാന്‍ മരീനോ മലയിലെ മറ്റൊരു ചരിത്രസംഭവമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന്, രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ലൂയിജി നീഗ്രി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.