2011-02-23 16:39:16

ദൈവദൂഷണക്കുറ്റം ചുമത്തി
സ്ത്രീ ജയിലില്‍


23 ഫെബ്രുവിരി 2011 പാക്കിസ്ഥാന്‍
പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ആരോപിച്ച്
മറ്റൊരു ക്രൈസ്തവ സ്ത്രീയെ ജയിലിലാക്കി.
പാക്കിസ്ഥാനിലെ വാരിസ്പുരിയില്‍ ഫെബ്രുവരി 16-ാം തിയതി ബുധനാഴ്ച 48 വയസ്സുകാരി, ആഗ്നസ് നാഗോ എന്ന കത്തോലിക്കാ സ്ത്രീയെയാണ് അള്ളായ്ക്കും ഇസ്ലാമിനുമെതിരായി സംസാരിച്ചു എന്ന മുസ്ലീംങ്ങളായ അയല്‍ക്കാരുടെ പരാതിയിന്മേല്‍ പാക്കിസ്ഥാനി പൊലീസ് ജയിലിലടച്ചത്.
.ക്രൈസ്തവര്‍ക്കെതിരെ പകപോക്കാനും അവരെ കെണിയിലാക്കാനുമുള്ള മുസ്ലീം മൗലികവാദികളുടെ ഒരു എളുപ്പ മാര്‍ഗ്ഗമായി മാറിയിരിക്കയാണ് പാക്കിസ്ഥാനിലെ ദൈവദൂഷണകുറ്റ-നിയമമെന്ന്, സംഭവത്തെക്കുറിച്ച് വിശദമായി പഠനംനടത്തിയ, ഫാദര്‍ നിസാര്‍ ഭക്തും ജയിലാക്കപ്പെട്ട ആഗ്നസിന്‍റെ ഭര്‍ത്താവ്, ബഷീര്‍ മാസിയും ഫൈസലാബാദില്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടു. അയല്‍പക്കവുമായി അതിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെട്ട ആഗ്നസ് നാഗോയുടെമേല്‍ വ്യാജമായി ദൈവദൂഷണക്കുറ്റും ചുമത്തുകയായിരുന്നുവെന്ന് ദൃക്‍സാക്ഷികളും ആഗ്നസിന്‍റെ ഭര്‍ത്താവും വിവരിച്ചു
കെട്ടിച്ചമച്ച ദൈവദൂഷണ-കുറ്റത്തില്‍നിന്നും ആഗ്നസിനെ മോചിക്കുവാന്‍ കത്തോലിക്കാ സഭയുടെ നീതി-ന്യായ കമ്മിഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഇത് അന്യായമായ മറ്റൊരു ആസിയാ ബീബി കേസാണെന്നും ഫൈസലാബാദ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കൂട്സ് സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവര്‍ത്തകരോടു പ്രസ്താവിച്ചു.







All the contents on this site are copyrighted ©.