2011-02-22 10:08:16

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം 21.02.2010


 പ്രിയ സഹോദരീ സഹോദരന്‍മാരെ,

ആണ്ടുവട്ടത്തിലെ ഏഴാം ഞായറാഴ്ചത്തെ വചനഭാഗം ദൈവീകജീവനില്‍ മനുഷ്യരെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്ന ദൈവഹിതത്തെക്കുറിച്ചു പറയുന്നു. നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കണമെന്ന് ലേവിയുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. പത്തൊന്‍പതാം അദ്ധ്യായം ഒന്നാം വാക്യം. അവിടുത്തെ പാതയിലൂടെ നടന്നുകൊണ്ട് അവിടുത്തെ ഉടമ്പടിയോടുള്ള വിശ്വസ്തതയില്‍ ജീവിക്കുവാനാണ് ഈയാഹ്വാനത്തിലൂടെയും തുടര്‍ന്നു നല്‍കുന്ന കല്‍പനകളിലൂടെയും ദൈവപിതാവ് നമ്മോട് ആവശ്യപ്പെടുന്നത്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന കല്‍പനയിലൂടെ സാമൂഹ്യനിയമസംഹിതയ്ക്ക് അടിസ്ഥാനം കുറിക്കുകയാണ് അവിടുന്ന്. മനുഷ്യാവതാരത്തിലൂടെ നമ്മുടെ ഓരോരുത്തരുടെയും അയല്‍ക്കാരനായിമാറിക്കൊണ്ട് നമ്മോടുള്ള അന്തസ്നേഹം പ്രകടമാക്കിയ ക്രിസ്തുവിന്‍റെ വാക്കുകള്‍ ശ്രവിക്കുമ്പോള്‍ പിതാവിന്‍റെ അതേവിളിയും ലക്ഷൃവുമാണ് നാം വീണ്ടും കണ്ടെത്തുന്നത്. കര്‍ത്താവ് ഇപ്രകാരം അരുള്‍ച്ചെയ്യുന്നു, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍. മത്തായി എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായം നാല്‍പത്തെട്ടാം വാക്യം. എന്നാല്‍ ആര്‍ക്കാണ് പരിപൂര്‍ണ്ണരായിരിക്കുവാന്‍ സാധിക്കുന്നത്? ദൈവത്തിന്‍റെ തിരുഹിതം നിറവേറ്റിക്കൊണ്ട് അവിടുത്തെ മക്കളെന്ന നിലയില്‍ ഏളിമയിലൂടെ ജീവിക്കുന്നതിലാണ് നമ്മുടെ പരിപൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. ദൈവമക്കളുടെ പെരുമാറ്റം ദൈവത്തിന്‍റെ പിതൃത്വത്തോട് അനുരൂപമായിരിക്കണമെന്നും മനുഷ്യന്‍റെ സത്പ്രവര്‍ത്തികളിലൂടെ ദൈവം സ്തുതിക്കപ്പെടുകയും മഹത്വപ്പെടുകയും വേണമെന്നും വിശുദ്ധ സിപ്രിയാന്‍ എഴുതി.
എപ്രകാരമാണ് നമുക്ക് ക്രിസ്തുവിനെ അനുകരിക്കാന്‍ സാധിക്കുന്നത്? യേശുതന്നെ പറയുന്നുണ്ട് ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ അങ്ങനെ നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം നാല്‍പ്പത്തിനാലും നാല്‍പ്പത്തിയഞ്ചും വാക്യങ്ങള്‍. കര്‍ത്താവിനെ സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചുകൊണ്ട് അവിടുത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ക്കാണ് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ സാധിക്കുന്നത്. ദൈവഹിതം മനസ്സിലാക്കികൊണ്ട് നിത്യത ലക്ഷൃമാക്കിയ അസ്തിത്വം സ്നേഹത്തിലധിഷ്ഠിതമായി രൂപീകരിക്കാന്‍ അപ്രകാരമുള്ളവര്‍ക്കു സാധിക്കും. നിങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളാണ് നിങ്ങളെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെയെന്ന് വിശുദ്ധ പൗലോസപ്പോസ്തോലന്‍ ചോദിക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നാം സത്യമായും അവബോധമുള്ളവരാണെങ്കില്‍ നമ്മുടെ ജീവിതം അപ്രകാരം രൂപീകരിക്കപ്പ‍െടുകയും അങ്ങനെ നമ്മുടെ ജീവിത സാക്ഷൃം സുവ്യക്തവും ശക്തവും ഫലദായകവുമായിത്തീരും. മനുഷ്യാസ്തിത്വവും ദൈവസ്നേഹവും കൂടികലരുമ്പോള്‍ മനുഷ്യാത്മാവിന്‍റെ പ്രകാശം ബാഹ്യമായും പ്രകടമാകുമെന്ന് മധ്യപൂര്‍വ്വ കാലഘട്ടത്തിലെ ഒരു ഗ്രന്ഥകാരന്‍ രേഖപ്പെടുത്തി.
സ്നേഹം ശ്രേഷ്ഠമായൊരുകാര്യമാണ്. ഭാരമേറിയ കാര്യങ്ങള്‍ ലളിതമായും ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ പ്രശാന്തതയോടെയും നേരിടാന്‍ സ്നേഹം നമ്മെ സഹായിക്കുന്നുവെന്നും. ഭൗമീക കാര്യങ്ങളെ വിട്ട് ഉന്നതങ്ങളിലേക്കുയരുവാന്‍ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ദൈവത്തില്‍ നിന്നുല്‍ഭവിക്കുന്ന സ്നേഹം ദൈവത്തില്‍ മാത്രമേ വിശ്രമം കണ്ടെത്തുകയുള്ളുവെന്നും ക്രിസ്ത്വാനുകരണത്തില്‍ നാം വായിക്കുന്നു…….

ഈ വാക്കുകളെ തുടര്‍ന്ന് വരുന്ന ചൊവ്വാഴ്ച അതായത് ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാള്‍ സഭകൊണ്ടാടുകയാണെന്ന് മാര്‍പാപ്പ പരാമര്‍ശിച്ചു. അപ്പസ്തോലന്‍മാരില്‍ പ്രഥമനായ പത്രോസിനെ ദൈവജനത്തിന് സ്വര്‍ഗ്ഗത്തിലേക്കുയരാന്‍ സാധിക്കുമാറ് അവരെ ആത്മീയമായി നയിക്കേണ്ട ഗുരുവും ഇടയനുമായി ക്രിസ്തു നിയമിച്ചുവെന്നു പറഞ്ഞ മാര്‍പാപ്പ. സഭയിലെ അജപാലകര്‍ ക്രിസ്തു ആരംഭിച്ച പുതിയ ജീവിത മാതൃക ഉള്‍ക്കൊണ്ടുകൊണ്ടു ജീവിക്കണമെന്നും ആഹ്വാനം ചെയ്തു. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളെന്ന നിലയില്‍ പരസ്പരം സ്നേഹിക്കാനും സഹോദരങ്ങളായി ജീവിക്കാനും നമ്മെ പഠിപ്പിക്കാന്‍ ദൈവമാതാവും സഭാമാതാവുമായ പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥം നേടിക്കൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

 







All the contents on this site are copyrighted ©.