2011-02-19 13:54:53

സുവിശേഷപരിചിന്തനം - 20 ഫെബ്രുവരി 2011 ഞായര്‍
ലത്തീന്‍ റീത്ത്


 മത്തായി 5, 43-48 ശത്രുസ്നേഹം
വടക്കെ ഇന്ത്യയിലെ ഇന്‍ഡോറിലെ ഉദയനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന തീക്ഷ്ണമതിയായ സമൂഹ്യപ്രവര്‍ത്തകയും ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സഭാംഗവുമായിരുന്നു സിസ്റ്റര്‍ റാണി മരീയ. തന്‍റെ ഗ്രാമത്തിലെ പാവങ്ങളായ സഹജീവികളുടെ സാമൂഹ്യ ഉന്നമനത്തിനും സ്വാതന്ത്യത്തിനുംവേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ച ഈ സഹോദരിക്കു ലഭിച്ചത് രക്തസാക്ഷിത്വമായിരുന്നു. 1995 ഫെബ്രുവരി 25-ാം തിയതി തന്‍റെ പ്രവര്‍ത്തന മേഖലയായ ഇന്‍ഡോറിലെ ഉദയനഗറില്‍നിന്നു 25 കി.മീ. അകലെവച്ച് യാത്രചെയ്തിരുന്ന ബസ്സില്‍നിന്നും ജന്മിമാരുടെ ഗുണ്ടകളാല്‍ വലിച്ചു താഴെയിടപ്പെട്ട്, കഠാരകൊണ്ട് ദാരുണമായി കുത്തി കൊലചെയ്യപ്പെട്ടു. ഘാതകന്‍ ജീവപര്യന്ത്യം തടുവു ശിക്ഷിയ്ക്ക് വിധിക്കപ്പെട്ടു. നിര്‍ദ്ദോഷിയായ ഈ സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകത്തിനു തന്നെ പ്രേരിപ്പിച്ച വ്യക്തിയെ ജയിലില്‍നിന്നും പുറത്തുവന്ന് ഒരുനാള്‍ വകവരുത്തണം എന്ന ചിന്തയാല്‍ 48 വയസ്സുകാരന്‍ സാമന്ദര്‍ സിംഗ്, ജയിലില്‍ അസ്വസ്തനായി കഴിഞ്ഞുകൂടി.

സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി, സിസ്റ്റര്‍ സെല്‍മി ഒരുനാള്‍ ഇന്‍ഡോര്‍ ജയിലില്‍ കിടക്കുന്ന തന്‍റെ സഹോദരിയുടെ ഘാതനെ സന്ദര്‍ശിക്കുകയുണ്ടായി.
ക്രിസ്തുവിനെയും തന്‍റെ കൊല്ലപ്പെട്ട സഹോദരിയെപ്രതിയും നിന്നോടു ക്ഷമിക്കുന്നു, എന്ന് പറഞ്ഞ സിസ്റ്റര്‍ സെല്‍മ, അയാളുടെ വലതുകൈയില്‍ രക്ഷാബന്ധന്‍ ചുറ്റി, ആശ്ലേഷിച്ച്, സ്വന്തം സഹോദരനെപ്പോലെ സ്വീകരിച്ചു. അന്ന് സാമന്ദറിന്‍റെ മനസ്സില്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു കുളിര്‍കാറ്റ് ആദ്യമായി വീശി. തുടര്‍ന്നുള്ള പത്തു വര്‍ഷങ്ങള്‍ സാമന്ദറിനെ ജയില്‍വിമോചിതനാക്കുവാനുള്ള ശ്രമങ്ങളായിരുന്നു. സി. റാണി മരിയായുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ പരിശ്രമഫലമായി അതു സാധിച്ചു.
“നിങ്ങള്‍ ക്രൈസ്തവര്‍ക്കു മാത്രമേ ഇതുപോലെ ക്ഷമിക്കാനാവൂ,” എന്നാണ് ഘാതകന്‍ കണ്ണീരോടെ പറഞ്ഞത്. പുണ്യാത്മാവായ സിറ്റര്‍ റാണി മരിയ പ്രവര്‍ത്തിച്ച ആദ്യാത്ഭുതമായിരിക്കാം ക്ഷമിക്കുന്ന സ്നേഹത്തിലൂടെ ആര്‍ജ്ജിച്ച ഒരു ഘാതകന്‍റെ മാനസാന്തരം.

ക്രിസ്തു പഠിപ്പിക്കുന്ന ശത്രുസ്നേഹം വിപ്ലവകരമായ ഒരാശയമാണ്, ഒരാഹ്വാനമാണ്. മിത്രത്തെ സ്നേഹിക്കുവാനും ശത്രുവിനെ ദ്വേഷിക്കുവാനുമാണ് എല്ലാമനുഷ്യരുടെയും സ്വാഭാവികമായ പ്രേരണ. ക്രിസ്തു ഒരു പടികൂടി മുന്നോട്ടു കടന്ന് ശത്രുക്കളോടു ക്ഷമിക്കുവാന്‍ മാത്രമല്ലെ, അവരെ സ്നേഹിക്കുവാനും ആഹാനംചെയ്യുന്നു. ക്രിസ്തുവിന്‍റെ ഈ സ്നേഹ-വിപ്ലവം ശത്രു-സ്നേഹത്തിന്‍റെ ആത്മദാനമാണ്.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, എന്ന പുരാതന സാമൂഹ്യചട്ടം തിരുത്തിക്കുറിച്ചുകൊണ്ടാണ് ക്രിസ്തു ഈ സ്നേഹവിപ്ലവം തുടങ്ങിവച്ചത്. എതിര്‍ക്കുന്നവരെ എതിര്‍ക്കുക എന്നത് മൃഗീയമായ മനോഭാവമാണ്. ശത്രുക്കളെ എതിര്‍ക്കുകയല്ല സ്നേഹിക്കുകയാണ് അവരെ കീഴടക്കുവാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗമെന്നു ക്രിസ്തു പഠിപ്പിക്കുന്നു.

പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ ക്രിസ്തുവിനെ പിടുകൂടുവാന്‍ യൂദാസീനോടൊപ്പം സെന്‍ഹെദ്രിന്‍ സംഘമെത്തിയപ്പോള്‍, ക്രിസ്തുവിന്‍റെ ചാരത്തുണ്ടായിരുന്ന പത്രോസ് വെപ്രാളത്തില്‍ എവിടന്നോ ഒരരു വാളെടുത്ത് വീശി വെട്ടി, ബന്ധിക്കുവാന്‍ വന്ന പട്ടാളക്കാരന്‍റെ കഴുത്തല്ല, ചെവിയാണ് പത്രോസ് വെട്ടിയത്. ക്രിസ്തുവാകട്ടെ അയാളെ തൊട്ട് അത്ഭുതകരമായി സുഖപ്പെടുത്തി. ബലിയര്‍പ്പണത്തിന് ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു യോഗ്യതയാണ് ശത്രുസ്നേഹമെന്ന് ക്രിസ്തു പഠിപ്പിച്ചു. ബലിയര്‍പ്പിക്കുവാന്‍ വരുമ്പോള്‍ നി‍ന്‍റെ സഹോദരന് നിനക്കെതിരായി എന്നെങ്കിലുമുണ്ടെന്നു ഓര്‍മ്മവന്നാല്‍, പോയി ആദ്യം അവനുമായി രമ്യപ്പെടൂ, പിന്നെ വന്നു ബലിയര്‍പ്പിക്കൂ, എന്നാണ് അവിടുന്നു പഠിപ്പിച്ചത്. എനിക്ക് ആരോടും ശത്രുതയില്ല, എല്ലാവരോടും സ്നേഹമാണ് എന്നു പരസ്യമായി പ്രഖ്യാപിക്കുനാണല്ലോ നാം ഓരോ ബലിയിലും കൈകൂപ്പി തലകുനിച്ച് സമാധാനമാശംസിക്കുന്നത്. കുരിശ്ശിലെ സ്നേഹബലിവഴി ക്രിസ്തു നേടിത്തന്ന നിത്യഭാഗ്യത്തിലേയ്ക്കു അനുദിനം നടന്നടുക്കുവാന്‍ ഈ ക്ഷമിക്കുന്ന സ്നേഹം ആവശ്യമാണ്. സ്നേഹത്തിന്‍റെ ഭവനമാണ് സ്വര്‍ഗ്ഗം. പരസ്പരം ക്ഷമിച്ചും, ക്ഷമിക്കുന്ന സ്നേഹം അനുദിനം ജീവിച്ചുകൊണ്ടുമാണ് നമ്മുടെ ഭവനങ്ങളും സമൂഹങ്ങളും ജീവിതസാഹചര്യങ്ങളും ഈ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കാന്‍ സാധിക്കുന്നത്.

പുഴയോരത്ത് ഒരു കുഞ്ഞിരുന്നു കരയുന്നു. അവന്‍റെ മണ്‍വീട് അരോ തകര്‍ത്തുകളഞ്ഞു. അതാണവന്‍റെ വേദന. ഞാന്‍ ആരുടെയും കളിവീടു തകര്‍ത്തിട്ടില്ല. എന്നിട്ടുമെന്തേ എന്‍റെ കളിവീടു തകര്‍ക്കപ്പെട്ടു. എന്നും നമ്മുടെ ബന്ധങ്ങളില്‍ പൊളളലായി ഉയരുന്ന ചോദ്യമാണിത്.
ജീവിതാഹ്ലാദത്തിന് മൂന്ന് അനിവാര്യതകളുണ്ട്. ഒന്ന്, നമ്മോടുതന്നെ പൊറുക്കാനാവുക. രണ്ട് അപ്രീയമായ അനുഭവങ്ങളുടെ പേരില്‍ത്തന്നെ അപരനോടു ക്ഷമിക്കാന്‍ കഴിയുക. മൂന്ന്, നമുക്ക് താത്പര്യമില്ലാത്ത ജീവിതാനുഭവങ്ങള്‍ക്ക് , സഹനങ്ങള്‍ക്ക്, ദൈവത്തോടും പരിഭവം ഇല്ലാതിരിക്കുക. അപ്പോള്‍ ആരോടും പരിഭവമില്ലാതിരിക്കുക എന്നതാണു ജീവിതത്തില്‍ പ്രധാനം. ഒരു സഞ്ചാരിയുടെ ദൈവശാസ്ത്രം പോലെയാണിത്. അമിതഭാരങ്ങള്‍ യാത്രയുടെ കൗതുകത്തെ പാടെ നശിപ്പിച്ചുകളയുന്നു. ജീവിതയാത്രയെ ഒരു തീര്‍ത്ഥയാത്രയായി കാണാന്‍ കഴിയണമെങ്കില്‍ നമ്മുടെ മനസ്സിലെ ഭാണ്ഡക്കെട്ടിലെ കല്ലുകള്‍ എടുത്തു മാറ്റിയാലെ തീരൂ.

കുരിശില്‍ക്കിടുന്നു കൊണ്ട് ക്രിസ്തു പ്രാര്‍ത്ഥിച്ചു. പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നല്ല. ആരും ഒന്നും അറിയുന്നില്ല എന്നതാണു സത്യം. വേദനിപ്പിച്ചവന്‍ അറിയുന്നില്ല, അപരനു നല്കിയ ഉറക്കമില്ലാത്ത രാവുകളെപറ്റി, അല്ലെങ്കില്‍ പ്രാര്‍ത്ഥനയില്‍ നാം വീഴ്ത്തിയ കണ്ണീരിന്‍റെ അളവുകള്‍ ആരും അറിയുന്നില്ല , ആരും ആരേയും മനസ്സിലാക്കാത്ത അവസ്ഥ.


ബോബിയച്ചന്‍റെ കഥ പറയട്ടെ.....
അതാ ഓരാള്‍ പൂന്തോട്ടത്തിലേയ്ക്ക് കടന്നു വരുന്നു. കടന്നു വരികമാത്രമല്ല, എല്ലാം ചവിട്ടിമെതിച്ച് നീങ്ങുകയാണ്, പൂക്കളും പുല്‍ത്തകിടികളും ചെടികളുമെല്ലാം. ഉടമസ്ഥന്‍ ഓടിച്ചെന്ന് അയാളെ പിറകില്‍നിന്ന് കഴുത്തിനുപിടിച്ച് വലിച്ച് തള്ളി ഗെയ്റ്റിനു പുറത്താക്കി.
അയാള്‍ അറിഞ്ഞില്ല, തോട്ടത്തിലെ ചെടികള്‍ ചവിട്ടിമെതിച്ചു നടന്നവന്‍ അന്ധനായിരുന്നു. അറിയാതെ വഴിതെറ്റി പൂന്തോട്ടത്തില്‍ പ്രവേശിച്ചതാണ്.
നമ്മുടെ തോട്ടങ്ങള്‍ നശിപ്പിക്കുന്നവരോട് വിദ്വേഷമരുത്, ഒരു പക്ഷേ അവര്‍ അന്ധരായിരിക്കാം.
ഇനി ക്രിസ്തുവിന്‍റെ കഥപറയാം. ക്രിസ്തുവിനെ കുരിശ്ശില്‍തറച്ചു കൊന്നിട്ടും പകതീരാത്തൊരു പടയാളി, ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആ പടയാളി കുന്തംകൊണ്ട് കര്‍ത്താവിന്‍റെ വിരിമാറ് കുത്തിപ്പിളര്‍ന്നു. ക്രിസ്തുവാകട്ടെ തന്‍റെ നെഞ്ചില്‍നിന്നൊഴുകുന്ന രക്തവും നീരുംകൊണ്ട് കാഴ്ചയില്ലാത്തവന്‍റെ കണ്ണുകളെ സുഖപ്പെടുത്തി. “എന്‍റെ മുറിവുകളാല്‍ അവര്‍ സൗഖ്യപ്പെട്ടു…”
ക്ഷമയ്ക്ക് ഒരു ഉത്ഥാന-സ്വഭാവം ഉണ്ടെന്നു പറഞ്ഞു വയ്ക്കട്ടെ.
ക്ഷമിക്കുന്നതിലൂടെ, ക്ഷമിക്കപ്പെടുന്നതിലൂടെ ആത്മീയ മരണത്തില്‍നിന്നും ഒരുവന്‍ ഉത്ഥാനംചെയ്യുകയാണ്. എന്‍റെ മനസ്സിന്‍റെ വ്രണപ്പെട്ട അവസ്ഥയില്‍നിന്നും നവമായ ആത്മീയ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണത്. ക്ഷമയിലൂടെയും അനുരഞ്ജനത്തിലൂടെയും നാം ആര്‍ജ്ജിക്കുന്ന ഉത്ഥാന മഹത്വവും സന്തോഷവും സ്വാത്ന്ത്ര്യവും അവര്‍ണ്ണനീയമാണ്..

ക്ഷമ ചോദിക്കപ്പെടുമ്പോള്‍. നല്കുന്നതാണ് സ്വാഭാവികം. ക്ഷമിക്കുമ്പോള്‍, ക്ഷമ സ്വീകരിക്കപ്പെടന്നു. ക്ഷമ ചോദിക്കേണ്ടതാണ്, അതുപോലെ ക്ഷമ നല്കേണ്ടതുമാണ്. നവീകരണത്തിനും, ആത്മീയമായി ഉയിര്‍ത്തെഴുന്നേല്‍ക്കാനുമുള്ള ദൈവിക സാദ്ധ്യതകള്‍ ക്ഷമചോദിക്കുന്നവരോട് ക്ഷമിക്കാതിരുന്നുകൊണ്ട് തള്ളിക്കളയരുത്. ക്ഷമിക്കാതിരിക്കുന്നത് തിന്മയുടെ മനോഭാവവും, തിന്മയുമാണ്..ക്ഷമിക്കുക. ക്ഷമ എന്നെ ഒരു നവസൃഷ്ടിയാക്കുന്നു. ക്ഷമിക്കപ്പെടുമ്പോള്‍ മുന്നോട്ടു പോകാനുള്ള കരുത്തു ലഭിക്കുകയാണ്, പ്രത്യാശ ലഭിക്കുകയാണ്. നിങ്ങളും ഞാനും ബലഹീനരാണെന്ന് ക്ഷമയുടെ പാഠം പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ- എന്ന ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന അനുസ്മരിപ്പിക്കുന്നതുപോലെ, നിങ്ങളും ഞാനും ക്ഷമിക്കുകയാണെങ്കില്‍, ദൈവവം നമ്മോടും ക്ഷമിക്കും.
കാലത്തിന്‍റെയും പ്രകൃതിയുടെയും മാധ്യമങ്ങളിലൂടെയാണ് ദൈവം മനുഷ്യരോട് ക്ഷമിക്കുന്നതും, മനുഷ്യരെ സുഖപ്പെടുത്തുന്നതും. മൂന്നാം ദിവസം സൗഖ്യപ്പെടുന്ന ഒരു മുറിവും ഇല്ല. ചലത് 30 ദിവസമാകാം, 30 മാസങ്ങളാവാം, വര്‍ഷങ്ങളാവാം. എന്നിട്ടും ഓര്‍ക്കാന്‍ വടുക്കള്‍ ബാക്കി നില്ക്കുന്നു.... പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും ഓര്‍മ്മിക്കുവാനുംവേണ്ടി.

പഴയനിയമ ചരിത്രത്തില്‍ സഹോദരങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു കഥാപാത്രമാണു ജോസഫ്. സ്വന്തം സഹോദരങ്ങളാല്‍ എറെ ദുഃഖമനുഭവിക്കേണ്ടി വന്നവന്‍. സ്പനം കണ്ടതിന്‍റെ പേരില്‍ ഒറ്റപ്പെടുന്നു. പൊട്ടക്കിണറ്റില്‍ എറിയപ്പെടുന്നു. 20 വെള്ളിക്കാശിനു വില്ക്കപ്പെടുകയും തടവുകാരനാക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിലെന്നും നന്മയ്ക്കുവേണ്ടി നിന്നവന്‍, എല്ലായ്പ്പോഴും പീഡിപ്പിക്കപ്പെടുകയാണ്. എന്നിട്ടും തന്‍റെ പ്രതാപകാലങ്ങളില്‍ ഈ മനുഷ്യന്‍ ഉപാധികളൊന്നുമില്ലാതെ തന്‍റെ സഹോദരങ്ങളോടു ക്ഷമിക്കുന്നു, പൊറുക്കുന്നു. തനിക്കൊരു കുഞ്ഞുപിറന്നപ്പോള്‍ അയാള്‍ ഇങ്ങനെ പേരുവിളിച്ചു, മനാസ്സേ, നീ മറക്കണം, നീ ക്ഷമിക്കണം... End.







All the contents on this site are copyrighted ©.