2011-02-18 15:06:52

ഇന്നത്തെ ലോകത്തെ പ്രശ്നങ്ങള്‍ നേരിടാന്‍ അല്‍മായ പ്രഷിതത്വം ആവശ്യമെന്ന് മാര്‍പാപ്പ


ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ അല്‍മായര്‍ സുവിശേഷ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അത് വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും പകര്‍ത്തേണ്ടതാണെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ആദ് ലിമിന സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരുസംഘം ഫിലീപ്പീന്‍സ് മെത്രാന്‍മാരെ ഫെബ്രുവരി പതിനെട്ടാം തിയതി വെള്ളിയാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഫിലീപ്പീന്‍സില്‍ കത്തോലീക്കാസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു സംസാരിച്ച പാപ്പ, ക്രിസ്തുസ്നേഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുള്ള സഭാസമൂഹങ്ങള്‍ സുവിശേഷവല്‍ക്കരണത്തിന്‍റെ യഥാര്‍ത്ഥ ഉപകരണങ്ങളാണെന്നും പ്രസ്താവിച്ചു. സാമ്പത്തീക വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല ഗൗരവമായി പരിഗണിക്കേണ്ടതെന്നും മതനിരപേക്ഷകതയും, ഭൗതീകവാദവും, ഉപഭോഗസംസ്ക്കാരവുമെല്ലാം ജീവിതപൂര്‍ണ്ണതയ്ക്കു വിഘാതങ്ങളായി നില്‍ക്കുന്ന ഘടകങ്ങളാണെന്നും പാപ്പ വിശദീകരിച്ചു. ദൈവം ഉണ്ടെന്നും അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ അസ്ഥിത്വത്തിന്‍റെ അടിസ്ഥാനചോദ്യങ്ങള്‍ക്ക് അവിടുന്ന് ഉത്തരം നല്‍കുമെന്നും ജനങ്ങള്‍ക്കു മനസിലാക്കികൊടുക്കേണ്ടതും ക്രിസ്തുവുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ അവരെ സഹായിക്കേണ്ടതും അജപാലകരുടെ കടമയാണെന്ന് മാര്‍പാപ്പ മെത്രാന്‍മാരെ ഓര്‍മിപ്പിച്ചു. അന്നാട്ടിലെ യുവജനങ്ങള്‍ വിശ്വാസ ജീവിതത്തില്‍ സജീവമാണെന്ന വസ്തുതയില്‍ താന്‍ ആന്ദിക്കുന്നുവെന്ന് പറഞ്ഞ പാപ്പ അവര്‍ കൂദാശാപരമായ ജീവിതത്തിലൂടെ നയിക്കപ്പെടേണ്ടതാണെന്നും ആഹ്വാനം ചെയ്തു. വിവാഹജീവിതത്തിലേക്കുള്ള വിളിയെപ്പോലെ സമര്‍പ്പിത ജീവിതത്തിലേക്കുള്ള വിളികളും പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും പറഞ്ഞ മാര്‍പാപ്പ അന്നാട്ടില്‍ ദൈവവിളി സമൃദ്ധമായുണ്ടാകാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും ഉറപ്പുനല്‍കി.







All the contents on this site are copyrighted ©.