2011-02-17 17:54:09

വിശ്വാസികള്‍ വത്തിക്കാന്‍റെ
സാമ്പത്തിക സ്രോതസ്സ്


17 ഫെബ്രുവരി 2011
വിശ്വാസികളുടെ രഹസ്യവും പരസ്യവുമായ കാണിക്കകളാണ് വത്തിക്കാന്‍റെ സാമ്പത്തിക സ്രോതസ്സെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വെളിപ്പെടുത്തി. ഫെബ്രുവരി 15, 16 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വത്തിക്കാനില്‍ ചേര്‍ന്ന പരിശുദ്ധ സിംഹാസനത്തിന്‍റെയും വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെയും 2011-ാമാണ്ടിലെ വരവു-ചിലവു കണക്കു പരിശോധനയുടെ സമാപനത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളസഭയുടെ വിവിധ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓഫിസുകള്‍, പരിശുദ്ധ പിതാവിന്‍റെ കാര്യാലയം, പ്രസ്സ്, റേഡിയോ, ടെലിവിഷന്‍, പത്രം എന്നിവയുള്‍പ്പെടുന്ന വത്തിക്കാന്‍റെ വിവിധ ആശയവിനിമയ മാധ്യമങ്ങള്‍, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് എന്നിവയാണ് വരവു-ചിലവു കണക്കു പരിശോധനയില്‍പ്പെടുന്ന വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ വിഭാഗങ്ങള്‍.
ഇതില്‍ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റു മാത്രമാണ് സ്വതന്ത്രഭരണ സൗകര്യങ്ങളുമായി വത്തിക്കാന്‍റെ വസ്തു-വകളുടെ മേല്‍നോട്ടം നടത്തിക്കൊണ്ട് പരിശുദ്ധ സിംഹാസനത്തെ സാമ്പത്തികമായി തുണയ്ക്കുന്ന ഏക ഭരണസംവിധാനം. ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍റെ സ്വാധീനവും വിലവര്‍ദ്ധനവും ഈ സാമ്പത്തിക വര്‍ഷത്തിലും കമി-ബഡ്ജറ്റ് ആയിരിക്കുമ്പോഴും പരിശുദ്ധ സിംഹാസനത്തിന്‍റെ ആഗോള ശുശ്രൂഷാദൗത്യത്തില്‍ പങ്കുചേരുകയും തുണയ്ക്കുകയുംചെയ്യുന്ന എല്ലാവര്‍ക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഹൃദ്യമായി നന്ദിപറയുകയും, തുടര്‍ന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വിളിച്ചുകൂട്ടിയ വരവു-ചിലവു പരിശോധന യോഗത്തില്‍ വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ഓഫിസിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ വലേസ്സിയോ പാവൊളിസ്, അക്കൗണ്ടന്‍റ് ജനറള്‍, പ്രഫസര്‍ സ്റ്റീഫന്‍ ഫരെല്ലിയോണി, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ അധികാരികളായ കര്‍ദ്ദിനാള്‍ ജോണ്‍ ലൊയോളോ, കര്‍ദ്ദിനാള്‍ അത്തീലിയോ നിക്കോരാ, ആര്‍ച്ചുബിഷ്പ്പ് കാര്‍ളോ വിഗനോ, ആര്‍ച്ചുബിഷപ്പ് ഡോമ്നിക്ക് കള്‍ക്കാഞ്ഞോ, വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പോര്‍ഡി, അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍, ഡോ. ആല്‍ബര്‍ട്ട് ഗസ്ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു.







All the contents on this site are copyrighted ©.