2011-02-17 18:10:46

ആത്മഹത്യ തടയേണ്ടത്
എല്ലാവരുടേയും ധര്‍മ്മം


16 ഫെബ്രുവരി 2011 കൊച്ചി
ആത്മഹത്യ തടയേണ്ടത് എല്ലാവരുടെയും ധര്‍മ്മമെന്ന് കേരളത്തിലെ മനഃശ്ശാസ്ത്രവിദഗ്ധന്‍,ഡോ. സി. ജെ. ജോണ്‍ ദേശീയ സമ്മേളനത്തില്‍ പ്രസ്താവിച്ചു. കേരളത്തിലെ ആത്മഹത്യാ പ്രവണത പ്രതിരോധ സംരംഭമായ, മൈത്രിയുടെ സ്ഥാപക ഡയറക്ടറും പ്രശസ്ത മനഃശ്ശാസ്ത്ര വിദഗ്ധനുമായ ഡോക്ടര്‍ സി. ജെ. ജോണ്‍ ഫെബ്രുവരി 12-ാം തിയതി ശനിയാഴ്ച, Counsellors Association of India –യുടെ കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തൊണ്ണൂറുകളില്‍ ‘ഭാരതത്തിന്‍റെ ആത്മഹത്യാ തലസ്ഥാന’മെന്ന് കുപ്രസിദ്ധമായ കേരളത്തില്‍ ഇന്ന് ആത്മഹത്യാനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന്, ഡോക്ടര്‍ ജോണ്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പങ്കുവച്ചു. സമര്‍പ്പണമുള്ള ഡോക്ടര്‍മാരും സന്നദ്ധ സംഘടകളും സര്‍ക്കാരും കൈകോര്‍ത്തു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടാണ് കേരളത്തിന്‍റെ ആത്മഹത്യാ നിരക്ക് പ്രതിദിനം 28 എന്നത് പകുതിയായി കുറയ്ക്കാന്‍‍ സാധിച്ചതെന്ന് ഡോക്‍ടര്‍ ജോണ്‍ വ്യക്തമാക്കി. പ്രധാന പട്ടണങ്ങളിലും വിവിധ കേന്ദ്രങ്ങളിലുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 41-മൈത്രി കേന്ദ്രങ്ങളിലെ നിസ്വാര്‍ത്ഥരായ സന്നദ്ധസേവകരുടെയും ഡോക്ടര്‍മാരുടെയും സേവനങ്ങളെ ഡോ. ജോണ്‍ നന്ദിയോടെ അനുസ്മരിച്ചു.
ഇന്ന് ഭാരതത്തില്‍ ആത്മഹത്യാ നിരക്കില്‍ ഉയര്‍ന്നു നില്കുന്നത് കര്‍ണ്ണാടകയും പശ്ചിമ ബംഗാളുമാണെന്ന് ഡോക്ടര്‍ ജോണ്‍ ചൂണ്ടിക്കാട്ടി.
ഗവണ്‍മന്‍റിന്‍റെയും മാധ്യമങ്ങളുടെയും ഡോക്ടര്‍മാരുടെയും സന്നദ്ധസംഘടകളുടെയും നിരന്തരമായ പരിശ്രമം ഇനിയും ആവശ്യമാണെന്നും, ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ നിരാശയുടെയും വിഷാദത്തിന്‍റെയും വക്കിലെത്തിയ മനുഷ്യര്‍ക്ക് സാഹോദര്യത്തിന്‍റെ താങ്ങായിക്കൊണ്ട് പുതുജീവിന്‍ നല്കേണ്ട ഉത്തരവാദിത്വം എല്ലാവരുടെയുമാണെന്ന് ഡോക്ടര്‍ ജോണ്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.