2011-02-16 17:14:06

മാര്‍പാപ്പയ്ക്ക് മാഡ്രിഡില്‍നിന്നും
സ്നേഹപൂര്‍വ്വം


16 ഫെബ്രുവരി 2011, വത്തിക്കാന്‍
ലോകയുവജന സമ്മേളനത്തിന്‍റെ ‘യാത്രാസഞ്ചി’’ backpack മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. 2011 ആഗസ്റ്റ് മാസത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറാന്‍ പോകുന്ന ലോകയുവജനസമ്മേളനത്തിന് ഇനി ആറു മാസങ്ങള്‍ മാത്രം ബാക്കിനില്ക്കേ, അവിടെയെത്തുന്ന ചെറുപ്പക്കാര്‍ക്കും നല്കുവാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന യാത്രാസഞ്ചിയുടെ ആദ്യമാതൃക മാദ്രിഡിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരീയ റൂക്കോ വത്തിക്കാനിലെത്തി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു സമ്മാനിച്ചു.
ആഗസ്റ്റ് 16-മുതല്‍ 24-വരെ മാദ്രിഡില്‍ അരങ്ങേറുന്ന യുവജനസമ്മേളനത്തില്‍ റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു നല്കുവാനുള്ളതാണ് യാത്രാസഞ്ചി.
പൂര്‍ത്തിയായ പ്രഥമ യാത്രാസഞ്ചി മാര്‍പാപ്പയ്ക്കു സമ്മാനിക്കുവാനും പാപ്പായെ പ്രത്യേകം ക്ഷണിക്കുവാനും ഒരുക്കങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധരിപ്പിക്കുവാനുമാണ് താന്‍ വത്തിക്കാനിലെത്തിയതെന്ന്, ഫെബ്രുവരി 15-ാം തിയിതി ചൊവ്വാഴ്ച രാവിലെ കര്‍ദ്ദിനാള്‍ റൂക്കോ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. പാപ്പായ്ക്കു നല്കിയ മാതൃകാ യാത്രാസഞ്ചിയില്‍ ജപമാല, യാത്രാ സഹായിയായ ചെറുപുസ്തകം, യുവജനസമ്മേളന പരിപാടികളുടെ സഹായഗ്രന്ഥം, YouCat (Youth Catechism) -ന്‍റെ പ്രതി, യാത്രചെയ്യുനുള്ള പാസ്സ്, തൊപ്പി, ചെറിയ വിശറി എന്നിവയാണെന്ന് ലോക യുവജന സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകരിലൊരാളായ കര്‍ദ്ദിനാള്‍ റൂക്കോ വത്തിക്കാനില്‍ വെളിപ്പെടുത്തി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി റെജിസ്റ്റര്‍ ചെയ്ത
5 ലക്ഷത്തിലേറെ യുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 1987-ലാണ് പ്രഥമ അന്തര്‍ദേശിയ യുവജനസമ്മേളനം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് എല്ലാ 3 വര്‍ഷം കൂടുമ്പോഴുമാണ് അന്തര്‍ദേശിയതലത്തില്‍ യുവജനസമ്മേളനങ്ങള്‍ നടത്തപ്പെടുന്നത്. 2008-ല്‍ ഓസ്ട്രേലിയായിലെ സിഡ്നിയിലെ സമ്മേളനത്തെ തുടര്‍ന്നാണ് ഈ വര്‍ഷം അന്തര്‍ദേശിയ യുവജന സമ്മേളനം മാദ്രിഡില്‍ അരങ്ങേറുന്നത്. ഇന്ത്യയില്‍നിന്നു 200-ലേറെ യുവാക്കള്‍ മാദ്രിഡിലെത്തുമെന്ന് ദേശീയ കോര്‍ഡിനേറ്റര്‍ മനോജ് സണ്ണി, ഫെബ്രുവരി 16-ാം തിയതി വ്യാഴാഴ്ച റോമില്‍ വെളിപ്പെടുത്തി.
“അവനില്‍ വേരുറപ്പിക്കപ്പെടും, പണിതുയര്‍ത്തപ്പെടും, നിങ്ങള്‍ സ്വീകരിച്ച വിശ്വസത്തില്‍ ദൃഢതപ്രാപിച്ചുകൊണ്ട് അനര്‍ഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തില്‍ മുഴുകുവിന്‍...” -കൊളോസ്സിയര്‍ 2,7. എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ആപ്തവാക്യമയിട്ടാണ് സമ്മേളനം അരങ്ങേറുന്നത്.







All the contents on this site are copyrighted ©.