2011-02-10 18:03:59

നീതിയില്‍
അധിഷ്ഠിതമായ സ്നേഹം


10 ഫെബ്രുവരി 2011 റോം
സ്നേഹം നീതിയില്‍ അധിഷ്ഠിതമായിരിക്കണമെന്ന്,
കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, റോമാ വികാരിയത്തിന്‍റെ അദ്ധ്യക്ഷന്‍ റോമില്‍ പ്രസ്താവിച്ചു. ഫെബ്രുവരി 6-ാം തിയതി ഞായറാഴ്ച, റോമിന്‍റെ പ്രാന്തപ്രദേശത്തെ ചേരിയിലുണ്ടായ അഗ്നിബാധയില്‍ മരണമടഞ്ഞ
4 റൊമേനിയന്‍ കുട്ടികള്‍ക്കുവേണ്ടി, ഫെബ്രുവരി 9-ാം തിയതി ബുധനാഴ്ച റോമില്‍ (ത്രസ്തവേരെയിലുള്ള മാതാവിന്‍റെ ബസിലിക്കായില്‍) നടത്തിയ അനുസ്മരണച്ചടങ്ങിലാണ് റോമാ വികാരിയത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ വല്ലീനി ഇപ്രകാരം പ്രസ്താവിച്ച്. 4-മുതല്‍ 11-വയസ്സുവരെ പ്രായമുള്ള സെബാസ്റ്റൃന്‍, പാട്രിക്ക്, റാവൂള്‍, ഫെര്‍നാന്‍ഡോ എന്നീ കുട്ടികളാണ് ഞായറാഴ്ച രാത്രിയിലുണ്ടായ അഗ്നിബാധയില്‍ മരണമടഞ്ഞത്.
നിഷ്ക്കളങ്കരായ കുട്ടികളുടെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ കര്‍ദ്ദിനാള്‍ വല്ലീനി, കുടിയേറ്റക്കാരെ ഒരു സാമൂഹ്യശല്യമായി കാണുന്ന മനോഭാവം തെറ്റാണെന്നും, മറിച്ച്, മറ്റാരേയുംപോലെ ഇവരും സമൂഹത്തിന്‍റെ വളര്‍ച്ചയിലും സുസ്ഥിയിലും പങ്കുചേരുന്നവരാണെന്ന യുക്തി വളര്‍ത്തിയെടുക്കണമെന്നും പ്രസ്താവിച്ചു. ആഗോളവത്ക്കരണത്തിന്‍റെ നവമായ പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരോടുള്ള സമീപനം ഒരു സാമൂഹ്യനന്മ എന്നതിലുമപ്പുറം, നീതിയിലധിഷ്ഠിതമായ ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവമാക്കി വളര്‍ത്തിയെടുക്കണമെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
കുടിയേറ്റക്കാരായ ഒന്നരലക്ഷത്തോളം റൊമേനിയക്കാര്‍ റോമാ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി താല്‍ക്കാലിക പ്ലാസ്റ്റിക് കൂടരങ്ങളില്‍ പാര്‍ക്കുന്നുണ്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മേയര്‍,‍ ജിയാന്നി അലിമാന്നോ വെളിപ്പെടുത്തി. അപകടസാദ്ധ്യതകളില്‍ കഴിയുന്ന കുടിയേറ്റക്കാരെ ഉടനടി പുനഃരധിവസിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ എടുത്തുകഴിഞ്ഞൂവെന്നും മേയര്‍ അറിയിച്ചു.







All the contents on this site are copyrighted ©.