2011-02-09 16:30:44

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം
06.02.2011


 ഞായറാഴ്ച ദിവ്യബലിമധ്യേ വായിച്ച സുവിശേഷഭാഗത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ വാക്കുകള്‍ ആരംഭിച്ചത്.
ക്രിസ്തു തന്‍റെ ശിഷ്യന്‍മാരോട് അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണെന്ന് പറയുന്നതായി ഈ ഞായറാഴ്ചയിലെ സുവിശേഷത്തില്‍ നാം വായിക്കുന്നു.
അര്‍ത്ഥപൂര്‍ണ്ണമായ ഈ പ്രതീകങ്ങളിലൂടെ അവരുടെ ദൗത്യത്തെയും അവര്‍ നല്‍കേണ്ട സാക്ഷൃത്തെക്കുറിച്ചും ക്രിസ്തു വിശദീകരിക്കുകയാണ്. സൃഷ്ടാവായ ദൈവത്തിന്‍റെ പ്രഥമ സൃഷ്ടിയായ പ്രകാശം ജീവന്‍റെ ഉറവിടവുമാണ്. അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ് എന്ന് സങ്കീര്‍ത്തം പറയുന്നതുപോലെ പ്രകാശത്തെ ദൈവവചനത്തോട് ഉപമിക്കാവുന്നതാണ്. വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം നല്‍കുകയും പീഡിതരായവരെ സമാശ്വസിപ്പിക്കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കുമെന്നും നിന്‍റെ ഇരുണ്ടവേളകള്‍ മധ്യാഹ്നംപോലെയാകുമെന്നും ഏശയ്യാ പ്രവാചകനും പ്രഘോഷിച്ചു. വിജ്ഞാനം ഉപ്പിന്‍റെയും പ്രകാശത്തിന്‍റയും സത്ഗുണങ്ങള്‍ പുനരാഗിരണം ചെയ്യുന്നു. ലോകത്തിനു പുതിയ രുചി നല്‍കാന്‍ വിളിക്കപ്പെട്ടവരാണല്ലോ ക്രിസ്തു ശിഷ്യന്‍മാര്‍. എല്ലാമനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ പ്രകാശമായ ക്രിസ്തുവിന്‍റെ വദനത്തില്‍ ഉജ്ജ്വലിക്കുന്ന പ്രകാശം ലോകത്തിനേകികൊണ്ട് ദുഷിച്ചുപോകാതെ ദൈവവിജ്ഞാനത്തില്‍ ലോകത്തെ കാത്തുസൂക്ഷിക്കേണ്ട ചുമതല അവരില്‍ നിക്ഷിപ്തമായിരിക്കുന്നു. അവഗണനയുടെയും സ്വാര്‍ത്ഥതയുടെയും അന്ധകാരത്തില്‍ ക്രിസ്തുവില്‍ ഒന്നായിക്കൊണ്ട് ദൈവസ്നേഹത്തിന്‍റെയും മാനുഷീക പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവും ദിശമയുമേകുന്ന യഥാര്‍ത്ഥ വിജ്ഞാനത്തിന്‍റെയും പ്രകാശം പരത്താന്‍ ക്രൈസ്തവര്‍ക്കു സാധിക്കും.

ഈ വാക്കുകളെ തുടര്‍ന്ന് ലൂര്‍ദ്ദ് നാഥയുടെ തിരുന്നാള്‍ ദിനമായ ഫെബ്രുവരി പതിനൊന്നാം തിയതി ലോക രോഗീദിനമായി സാര്‍വ്വത്രീകസഭ ആചരിക്കുകയാണെന്നനുസ്മരിച്ച മാര്‍പാപ്പ രോഗബാധിതരായ സഹോദരീ സഹോദരന്‍മാരോടുള്ള സഹാനുഭൂതിയില്‍ വളര്‍ന്നുകൊണ്ട് സഭാസമൂഹങ്ങളും സാമൂഹ്യ സംഘടനകളും അവരെക്കുറിച്ചു ചിന്തിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ള ഒരവസരമായി ഇതുകാണണമെന്നും ആഹ്വാനം ചെയ്തു.

പ്രിയ സഹോദരീ സഹോദരന്‍മാരെ,
തന്‍റെ മുറിവുകളാല്‍ അവിടുന്നു നമ്മെ സൗഖ്യപ്പെടുത്തി(1 പത്രോസ് 2, 24), എന്ന വാക്യത്തിലൂടെ പീഡകള്‍ സഹിച്ച് മരിക്കുകയും എന്നാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ക്രിസ്തുവിനെ ധ്യാനിക്കാന്‍ ആഹ്വാനം ചെയ്ത വിശുദ്ധ പൗലോസപ്പസ്തോലന്‍റെ വാക്കുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണ് 2011-ലെ ലോക രോഗീദിനസന്ദേശം. തിന്മയുടെ ശക്തിയെ ദൈവം പൂര്‍ണ്ണമായി എതിര്‍ക്കുന്നു. ഏതു സാഹചര്യത്തിലും മനുഷ്യരെ കാത്തുപാലിക്കുന്ന ദൈവം മനുഷ്യന്‍റെ സഹനങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് അവര്‍ക്ക് പ്രത്യാശ പകരുന്നു. രോഗീപരിപാലനത്തിലേര്‍പ്പെടുന്ന ആരോഗ്യപരിപാലകര്‍ ബലഹീനമായ ഒരു ശരീരത്തിനുടമകളായി രോഗികളെ കാണുന്നതിനുപരിയായി അവരെ വ്യക്തികളായി കണ്ടുകൊണ്ട് അവരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ അധിഷ്ഠിതമായ, മികച്ച സേവനമാണ് അവര്‍ക്കു നല്‍കേണ്ടത്.

ഞായറാഴ്ച ഇറ്റലി ജീവന്‍റെ സംരക്ഷണത്തിനുവേണ്ടിയുള്ള ദിനമായി ആചരിക്കുകയാണെന്നു സൂചിപ്പിച്ച മാര്‍പാപ്പ ഏതു സാഹചര്യത്തിലും ജീവനു പ്രാധാന്യം നല്‍കുന്ന സംസ്ക്കാരം വളര്‍ത്തുവാന്‍ ഏവരും പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു. യുക്തിയും വിശ്വാസവുമനുസരിച്ചു മനുഷ്യ വ്യക്തിയുടെ അന്തസ്സ് അവന്‍റെ കഴിവുകളെയോ സിദ്ധികളെയോ ആശ്രയിച്ചിരിക്കുന്നില്ല, അതിനാല്‍ ഒരു വ്യക്തി ശക്തിഹീനനാകുകയോ, അംഗലൈകല്യം സംഭവിക്കുകയോ, ആ വ്യക്തിക്ക് പരസഹായം ആവശ്യമായി വരുകയോ ചെയ്യുന്നത് ഒരുതരത്തിലും വ്യക്തിയുടെ അന്തസ്സു കുറയ്ക്കുന്നില്ല എന്ന് വ്യക്തമാക്കിയ മാര്‍പാപ്പ മാതാപിതാക്കളും മുത്തശ്ശീ മുത്തച്ഛന്‍മാരും, അധ്യാപകരും, വൈദീകരും, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും യുവതലമുറകളെ ജീവന്‍റെ പൂര്‍ണ്ണത പ്രാപിക്കാന്‍ സാധിക്കുന്നതരത്തില്‍ ആഴമായ വിജ്ഞാനത്തില്‍ വളര്‍ത്താനും ആഹ്വാനം ചെയ്തു.

തുടര്‍ന്ന് “കര്‍ത്താവിന്‍റെ മാലാഖ” എന്നു തുടങ്ങുന്ന തൃകാല പ്രാര്‍ത്ഥന മാര്‍പാപ്പ ആരംഭിച്ചു.

തൃകാല പ്രാര്‍ത്ഥനയെ തുടര്‍ന്ന് മധ്യപൂര്‍വ്വദേശത്തെ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക പാപ്പ പങ്കുവയ്ച്ചു. ഈജിപ്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് താന്‍ മനസ്സിലാക്കികൊണ്ടിരിക്കുന്നതെന്നു പറഞ്ഞ മാര്‍പാപ്പ തിരുക്കുടുംബത്തിന്‍റെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമാക്കപ്പെട്ട ആ നാട്ടില്‍ പ്രശാന്തി സംജാതമാകുന്നതിനും പൊതുനന്മയ്ക്കുവേണ്ടി സമാധാനത്തില്‍ പരസ്പരം സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ അന്നാട്ടിലെ ജനങ്ങള്‍ക്കു സാധിക്കാനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. തൃകാല പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ കര്‍ദ്ദിനാള്‍ വികാരി അഗസ്റ്റീനോ വല്ലീനിയുടെ നേതൃത്വത്തില്‍ വന്നിരുന്ന ഒരുകൂട്ടം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിവാദ്യം ചെയ്ത മാര്‍പാപ്പ ശാസ്ത്രത്തിന്‍റെയും സാങ്കേതീക വിദ്യയുടെയും സഹായത്തോടെയുള്ള ഗവേഷണങ്ങള്‍ ധാര്‍മ്മീക മൂല്യങ്ങളില്‍ അധിഷ്ഠിതമായിത്തിരുമ്പോള്‍ അത് ജീവന്‍റെ സംരക്ഷണത്തിനും മാതൃത്വത്തിന്‍റെ പ്രോത്സാഹനത്തിനും വഴിതെളിക്കുമെന്നും അവരോടു പറഞ്ഞു. നവതലമുറയിലെ ആരോഗ്യപരിപാലകര്‍ നവീനമായ ജീവന്‍റെ സംസ്ക്കാരത്തിന്‍റെ വക്താക്കളായിത്തീരട്ടെയെന്നും പാപ്പ ആശംസിച്ചു.


തുടര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന ജനങ്ങളെ പാപ്പ ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ അഭിവാദ്യംചെയ്തു.
ആഗംലഭാഷ സംസാരിക്കുന്നവരെ സംബോധന ചെയ്യവേ, അന്യര്‍ക്കു പ്രകാശമായി സ്വര്‍ഗ്ഗസ്ഥനായ പിതാവിനു മഹത്വമേകാന്‍ ക്രിസ്തു ആഹ്വാനം ചെയ്യുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ ക്രിസ്തുവിന്‍റെ പ്രകാശം നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ശുദ്ധീകരിക്കട്ടെയെന്നാശംസിച്ചു. ലൂര്‍ദ്ദ് നാഥയുടെ തിരുന്നാള്‍ ദിനം ലോക രോഗീദിനമായി സഭ ആചരിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ പ്രകാശം രോഗബാധിതരായവര്‍ക്കു പ്രത്യാശ പകര്‍ന്നുകൊണ്ട് അവര്‍ക്കു സൗഖ്യം പകരട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.

ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവരെ അഭിവാദ്യം ചെയ്യവേ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി വിശുദ്ധ ഗ്രിഗറി ഏഴാമന്‍റെ നാമധേയത്തിലുള്ള ഇടവകയില്‍ ശനിയാഴ്ച രാത്രിമുഴുവന്‍ ജാഗരണ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യാരാധനയും നടത്തിയ കുടുംബസ്നേഹ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കു മാര്‍പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. ഏവര്‍ക്കും ഒരു നല്ല ഞായറാഴ്ചയും നല്ല വാരവും ആശംസിച്ചുകൊണ്ടാണ് പാപ്പ തന്‍റെ പഠനമുറിയുടെ ജാലകത്തിങ്കല്‍ നിന്നും വിടവാങ്ങിയത്







All the contents on this site are copyrighted ©.