2011-02-09 16:10:35

സമൃദ്ധമായ ദൈവവിളി സഭയുടെ ജീവാത്മകതയുടെ അടയാളം- മാര്‍പാപ്പ


സുവിശേഷവല്‍ക്കരണ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണത്തിന് ദൈവവിളിക്കു പ്രത്യുത്തരിച്ചുകൊണ്ട് ജീവിതം പൂര്‍ണ്ണമായി സുവിശേഷസേവനത്തിനായി സമര്‍പ്പിക്കുന്നവരെ ആവശ്യമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ദൈവവിളിക്കുവേണ്ടി നടത്തപ്പെടുന്ന രണ്ടാമത് ലാറ്റിനമേരിക്കന്‍ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം അഭിപ്രായപ്പട്ടത്. കൂടുതല്‍ തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ ക്രൈസ്തവ ജീവിതം കൂടുതല്‍ ശക്തീകരിക്കാനും കൂടുതല്‍പേര്‍ സമര്‍പ്പണ ജീവിതത്തിലേക്കു കടന്നുവരാനും ഇടയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പ, സമൃദ്ധമായ ദൈവവിളികള്‍ സഭയുടെ ഊര്‍ജ്ജ്വസ്വലതയുടെയും ദൈവജനത്തിന്‍റെ വിശ്വാസപൂര്‍ണ്ണമായ ജീവിതത്തിന്‍റെയും അടയാളമാണെന്നും വിശദീകരിച്ചു. സഭയുടെ അസ്തിത്വത്തില്‍ തന്നെ ദൈവവിളിയുടെതായ ഒരംശമുണ്ടെന്നും അപ്പസ്തോലന്‍മാരുടെ ജീവിതങ്ങള്‍ പൂര്‍ണ്ണമായി പരിവര്‍ത്തനം വരുത്തിയ എന്ന അനുഗമിക്കുക എന്ന ക്രിസ്ത്വാഹ്വാനം ഓരോ ക്രൈസ്തവന്‍റെയും അന്തരംഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവവിളിയെ ഒരു മാനുഷീക പദ്ധതിയുടെയോ സംഘടനാ പ്രവര്‍ത്തനങ്ങളുടെയോ ഭാഗമായി കാണരുതെന്നും ദൈവവിളിക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആത്മീയജീവിതത്തിനു പ്രത്യേക പ്രാധാന്യം നല്‍കണമെന്നും പാപ്പ ഉത്ബോധിപ്പിച്ചു. ദൈവവിളി ഒരു ദൈവീക ദാനമാണെന്നും തങ്ങളുടെ ജീവിതത്തില്‍ പ്രവേശിക്കുന്ന ദൈവത്തിന്‍റെ അനുപമ സ്നേഹത്തില്‍ ആകൃഷ്ടയാരായാണ് വ്യക്തികള്‍ ആ വിളി തിരഞ്ഞെടുക്കുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയ മാര്‍പാപ്പ ലോകത്തിന് ദൈവത്തെ ആവശ്യമുണ്ടെന്നും അതിനാല്‍ ദൈവത്തിനുവേണ്ടി ജീവിച്ചുകൊണ്ട് അവിടുത്തെ മറ്റുള്ളവരോടു പ്രഘോഷിക്കുന്നവരെയും ആവശ്യമാണെന്നും വിശദീകരിച്ചു. ജനുവരി മുപ്പത്തിയൊന്നാം തിയതി ആരംഭിച്ച സമ്മേളനം ഫെബ്രുവരി അഞ്ചാം തിയതി സമാപിക്കും. കോസ്റ്റാറിക്കായിലെ കാര്‍ത്താഗോ പട്ടണത്തിലാണ് സമ്മേളനം നടക്കുന്നത്.








All the contents on this site are copyrighted ©.