2011-02-06 18:32:53

ക്രിസ്തുവിനോട് ചേര്‍ന്നിരിക്കുന്ന
ആത്മീയൗന്നത്യം പ്രാര്‍ത്ഥനയെന്ന് –മാര്‍പാപ്പ


5 ഫെബ്രുവരി 2011
ഫെബ്രുവരി 5-ാം തിയതി ശനിയാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അഞ്ച് വൈദികരെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍വച്ച് മെത്രാപ്പോലീത്താമാരായി അഭിഷേകംചെയ്തു. ശനിയാഴ്ച രാവിലെ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സാഘോഷമായ ദിവ്യബലിമദ്ധ്യേയാണ് മാര്‍പാപ്പ വത്തിക്കാന്‍റെ പ്രത്യേക സേവനവിഭാഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ 5 വൈദികരെ മെത്രാപ്പോലീത്താമാരായി അഭിഷേകംചെയ്തത്. സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ സെക്രട്ടറി സാവിയോ ഹൊന്‍ തായ്-ഫാ, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മര്‍ചേല്ലോ ബര്‍ത്തൊലൂച്ചി, വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ചെല്‍സ്സോ ഈര്‍സുബിയേത്താ, അപ്പസ്തോലിക്ക് നൂണ്‍ഷ്യോ പദവിയിലേയ്ക്ക് ആന്‍റെണി ഗ്വീദോ ഫിലിപ്പാസ്സി, പാക്കിസ്ഥാനിലേയ്ക്കുള്ള അപ്പസ്തോലിക്‍ നൂണ്‍ഷ്യോ, എഡ്ഗര്‍ പേഞ്ഞാ പിയെര്‍ എന്നിവരെയാണ് മാര്‍പാപ്പാ ആര്‍ച്ചുബിഷപ്പുമാരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.
.
മാര്‍പാപ്പ ദിവ്യബലി മദ്ധ്യേ വചനപ്രഘോഷണം നടത്തി:
(An extract from the Homily of the Pope)
“അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം അവര്‍ പങ്കുചേര്‍ന്നു” (അപ്പ. 2, 42) എന്ന അപ്പസ്തോല നടപടി പുസ്തകത്തിലെ വചനത്തെ ആധാരമാക്കിയാണ് മാര്‍പാപ്പ വചനപ്രഘോഷണം നടത്തിയത്. വിശുദ്ധ ലൂക്കാ വിവരിക്കുന്ന ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ നാലു മുഖ്യഘടനകള്‍ ഒന്നൊന്നായി മാര്‍പാപ്പ വിവരിച്ചു. നടപടി പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍, വിശുദ്ധ ലൂക്കാ മൂലഗ്രന്ഥത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ബഹുവചനം ഉപയോഗിക്കുന്നതു പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചു.
ജെറൂസലേം സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഗ്രന്ഥകാരന്‍ ലൂക്കാ ബഹുവചനം ഉപയോഗിക്കുമ്പോള്‍ അവിടെ വ്യക്തിപരമായ പ്രാര്‍ത്ഥന ബഹുമുഖങ്ങളാവുകയാണ്: ദൈവവുമായുള്ള ഒരു മല്‍പിടുത്തമാകുന്ന പ്രാര്‍ത്ഥന, ദൈവത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ അന്വേഷണമാകുന്ന പ്രാര്‍ത്ഥന, കൃതഞ്ജതാ പ്രാര്‍ത്ഥന, ആത്മിയാനന്ദത്തിന്‍റെ പ്രകടനമാകുന്ന പ്രാര്‍ത്ഥന, എന്നിങ്ങനെ. ഈ വീക്ഷണത്തില്‍ പ്രാര്‍ത്ഥന ഒരിക്കലും മറ്റുള്ളവരുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ഒരു പ്രകടനമല്ല, മറിച്ച് കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനവഴി എല്ലാവരും ദൈവപിതാവന്‍റെ മക്കളായി തീരുന്നു. പ്രാര്‍ത്ഥനയുടെ കൂട്ടായ്മ മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്നു.
ഒരു വശത്ത് പ്രാര്‍ത്ഥന മനുഷ്യന്‍റെ ഹൃദയാന്തരാളത്തില്‍നിന്നുതിരുന്ന വളരെ വ്യക്തിപരമായ ആവിഷ്ക്കരണമാണ്. മറുഭാഗത്ത്, അത് ക്രിസ്തുവിന്‍റെ മൗതികശരീരമാകുന്ന സഭാഗാത്രത്തില്‍നിന്നും ഉയരുന്നതും യഥാര്‍ത്ഥമായ ദൈവസ്നേഹത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതുമാണ്. പ്രാര്‍ത്ഥനയെ നാം ചെയ്യുന്ന പലകാര്യങ്ങളുടെയും സമയപരിധിയില്‍പ്പെട്ട മറ്റൊരു പ്രവൃത്തിയായിട്ടു കാണരുത്. ‘ഹൃദയം കര്‍ത്താവിങ്കലേയ്ക്ക് ഉയര്‍ത്തുവിന്‍,’ എന്ന സ്തോത്രയാഗപ്രാര്‍ത്ഥനയുടെ ആരംഭത്തിലുള്ള ആഹ്വാനത്തിന് മറുപടിയാണ് പ്രാര്‍ത്ഥനയെന്നും വ്യാഖ്യനിക്കാവുന്നതാണ്. അങ്ങിനെ പ്രാര്‍ത്ഥന. നമ്മെത്തന്നെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്ന ഒരു ഘടകമാണ്.
“കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍” (യോഹന്നാന്‍ 5,35). യോഹന്നാനെക്കുറിച്ച് ക്രിസ്തു നല്കിയ സാക്ഷൃം ഉദ്ധരിച്ചുകൊണ്ട്, മഹാനായ വിശുദ്ധ ഗ്രിഗരി ഇങ്ങനെ പഠിപ്പിക്കുന്നു, സ്വര്‍ഗ്ഗീയമായ കാര്യങ്ങള്‍ക്കായുള്ള അതിയായ തീക്ഷ്ണതകൊണ്ട് പ്രോജ്ജ്വലിക്കുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനയെന്ന്. ഈ തീക്ഷണത അണയാതെ ജീവിതാന്ത്യംവരെ നിലനിര്‍ത്തേണ്ടതാണ്. ഇക്കാലയളവില്‍ ക്രിസ്തുവിന് സാക്ഷൃമേകാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ ആത്മീയൗന്നത്യം നമുക്കാവശ്യമാണ്. ക്രിസ്തുവിലേയ്ക്ക് വ്യക്തി എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം അത്മീയൗന്യത്ത്യം വ്യക്തിയുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്നു. പ്രാര്‍ത്ഥനയില്‍ ക്രിസ്തുവുമായുള്ള ഐക്യത്തിലാണ് മനുഷ്യജീവന്‍റെ ഉണര്‍വ്വ് നിലനിറുത്തേണ്ടത്. End.







All the contents on this site are copyrighted ©.