2011-02-05 16:27:43

സുവിശേഷപരിചിന്തനം – 05 ഫെബ്രുവരി 2011, ശനി
മലങ്കര റീത്ത്


മത്തായി 11, 2-6
സ്നാപകയോഹന്നാന്‍റെ ക്രിസ്തുവിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇന്നത്തെ സുവിശേഷഭാഗം. കാരാഗൃഹത്തില്‍ നിന്നാണ് യോഹന്നാന്‍ ഈ അന്വേഷണങ്ങള്‍ നടത്തുന്നത്.
ഈ അന്വേഷണം ക്രിസ്തുവിന്‍റെ വ്യക്തിത്വം അവിടുത്തെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ത്തന്നെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്.
കാര്‍ക്കശ്യത്തിന്‍റെയും ആത്മീയതയുടെയും അധികാരമുള്ള ഒരു ശബ്ദമായിട്ടാണ് യോഹന്നാന്‍ ഗലീലിയായിലെ മലമ്പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.
തന്‍റെ സഹോദര ഭാര്യയെ പരിഗ്രഹിച്ച ഗലീലിയായിലെ റോമന്‍ അധികാരിയെ യോഹന്നാന്‍ ശകാരിക്കുകയും കുറ്റമാരോപിക്കുകയും ചെയ്തു.
പര്സ്യമായും നിര്‍ഭയമായും പൊള്ളയായ അധികാരത്തെ ചോദ്യംചെയ്യുകയും കുറ്റംചൂണ്ടിക്കാണിക്കുകയും ചെയ്ത യോഹന്നാന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുന്നു.
അങ്ങനെയാണ് യോഹന്നാന്‍ ബന്ധിയാവുന്നത്. ചരിത്രത്തില്‍നിന്നും നമുക്കറിയാം, ഹെറോദ് അന്തിപ്പാസ് രാജാവ് ചാവുകടലിനടുത്തുള്ള മക്കേരൂസ് കോട്ടയിലെ ഒരു തടങ്കലിലാണ് യോഹന്നാനെ ബന്ധിയാക്കിയത്.

മരണം പാര്‍ത്തിരിക്കുന്ന ഒരു മനുഷ്യനാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്, എന്നു മനസ്സിലാക്കുമ്പോള്‍ യോഹന്നാന്‍റെ ഹൃദയാന്തരാളത്തില്‍ ഇനിയും അണയാത്ത പ്രത്യശയുടെ കിരണം ആളിക്കത്തുകയാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. തന്‍റെ പിന്നാലെ വന്ന ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തുവിനെ അദ്ദേഹം അന്വേഷിക്കുന്നത്.
യേശുവിലുള്ള പരിപൂര്‍ണ്ണ വിശ്വാസത്തിന്‍റെയും രക്ഷയുടെ പ്രതീക്ഷയുടെയും അടയാളമാണ് ഈ തടങ്കലില്‍നിന്നുമുള്ള അന്വേഷണം. ആത്മവിശ്വാസത്തിന്‍റെ വലിയ സ്വരബലവും ചങ്കൂറ്റവുമാണ് അന്ത്യനിമിഷങ്ങളിലും യോഹന്നാന്‍ പ്രകടമാക്കുന്നത്. ആ പ്രത്യാശയുടെ സ്ഥിരീകരണമാണ് യോഹന്നാന്‍റെ വാക്കുകളിള്‍ ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പ്രതിധ്വനിക്കുന്നത്.

കാരാഗൃഹത്തില്‍വച്ച് മിശിഹായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ട യോഹന്നാന്‍ തന്‍റെ ശിഷ്യരെ യേശുവിന്‍റെ പക്കലേയ്ക്കയച്ചു, എന്നിട്ടന്വേഷിച്ചു. ചോദിച്ചു. വരാനിരിക്കുന്നവന്‍ നീ തന്നെയോ…? അതോ, മറ്റൊരാളെ ഞങ്ങള്‍ കാത്തിരിക്കണമോ....?
ഈശോ അവരോട് അരുള്‍ചെയ്തു, “നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനെ അറിയിക്കുവിന്‍. അന്ധര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു. ബധിരന്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍ക്കുന്നു. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. ഞാന്‍ നിമിത്തം ഇടര്‍ച്ച ഉണ്ടാകാത്തവര്‍ ഭാഗ്യവാന്മാര്‍.”

മേല്‍ വിവിരിച്ച സംഭാഷണം അതേപടി നടന്നതോ എന്ന ചോദ്യം അപ്രസക്തമാണ്. ഈശോയുടെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമാക്കാന്‍ ആദിമ സഭ ചോദിച്ച ചോദ്യങ്ങളാവാം അവ. യോഹന്നാന്‍റെ ശിഷ്യന്മാരുടെ ചോദ്യത്തിന് ഈശോ നല്കുന്ന ഉത്തരം മനസ്സിലാകണമെങ്കില്‍ 8 മുതല്‍ 10-വരെ അദ്ധ്യായങ്ങളില്‍ മത്തായി വിവരിക്കുന്ന അത്ഭുത രോഗശാന്തികള്‍കൂടെ മുന്നില്‍ കാണേണ്ടതുണ്ട്. അന്ധര്‍ക്ക് കാഴ്ച ലഭിക്കുന്നു (9, 27-31) തളര്‍വാതരോഗി സുഖപ്പെടുന്നു (9, 1-8) മരിച്ച ബാലികയ്ക്ക് ജീവിന്‍ നല്കുന്നു (9, 18-16).

ഈശോയുടെ മറുപടിയില്‍, പ്രാവചകന്മാര്‍ രക്ഷയുടെ കാലത്തെക്കുറിച്ചു പറഞ്ഞ സംഭവങ്ങള്‍,. “അപ്പോള്‍ അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും, ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കയില്ല, മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും, മൂകന്‍റെ നാവില്‍നിന്ന് സന്തോഷത്തിന്‍റെ ഗാനം ഉതിര്‍ക്കും (ഏശയാ 35, 5) കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരോട് സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു..” ഏശയ 61.1 എന്നീ തിരുവെഴുത്തുകള്‍ ഇവിടെ യേശുവില്‍ യഥാര്‍ത്ഥ്യമാകുന്നതായി കാണുന്നു. ഈശോയുടെ വരവോടെ, ഇസ്രായേലിന്‍റെ ദീര്‍ഘകാല പ്രതീക്ഷകള്‍ നിറവേറുന്നതായി സുവിശേഷകന്‍ മത്തായി സമര്‍ത്ഥിക്കുന്നു.
.............................
യേശുവിന്‍റെ ഗലീലിയായിലെ പ്രവര്‍ത്തനങ്ങള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുകയാണ്.
സത്യത്തോട് അന്ധരായിരുന്നവരെയും, തങ്ങളില്‍തന്നെ ഉണരേണ്ട സത്യത്തോടും, തങ്ങളുടെ സഹോദരങ്ങളോടു കാണിക്കേണ്ട സത്യസന്ധതയും, ദൈവികസത്യങ്ങളോടു ചിലര്‍ കാണിക്കുന്ന അന്ധതയുമാണ് ക്രിസ്തു മാറ്റുന്നത്. നന്മയുടെ പാതയില്‍ നിവര്‍ന്നു നില്കാന്‍ സാധിക്കാതിരുന്ന മുടന്തന്‍ കാലുകള്‍ ക്രിസ്തു ബലപ്പെടുത്തുന്നു, അത്ഭുതകരമായി സൗഖ്യപ്പെടുന്നു. വീണ്ടും... ക്രിസ്തുവില്‍ പാപക്കറയേറ്റ ആലസ്യങ്ങള്‍, രോഗങ്ങള്‍ ക്രിസ്തു തുടച്ചു നീക്കുന്നു, അവര്‍ ക്രിസ്തുവില്‍ സൗഖ്യംപ്രാപിക്കുന്നു. അതുപോലെ മനസ്സാക്ഷിയുടെ മൃദുല ശബ്ദത്തിനും ദൈവികസ്വരത്തിനും ചെവികൊട്ടിയടച്ചവര്‍ക്ക് വീണ്ടും കര്‍ത്താവാണ് കേള്‍വിശക്തി നല്കുന്നത്.
പാപഭാരത്താല്‍ ശക്തിക്ഷയിച്ച് മൃതപ്രായരായവര്‍ക്ക് ക്രിസ്തു സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നവജീവന്‍ നല്കുന്നു. അതുപോലെ ക്രിസ്തുവിന്‍റെ സാമീപ്യത്താലും കൃപാസ്പര്‍ശത്താലും ദരിദ്രരായവര്‍ ദൈവസ്നേഹത്തിന്‍റെ സമ്പന്നതയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
ഇതാണ് യേശുവിന്‍റെ വരവില്‍ ലോകം കണ്ടത്, അനുഭവിച്ചത്.
...................................
“എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍,” എന്ന് യേശു ഇന്നത്തെ സുവിശേഷത്തിന്‍റെ അവസാനം പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. യോഹന്നാനോടായ് യേശു പറയുന്നതുപോലയാണീ വാക്കുകള്‍. കാരണം യോഹന്നാന്‍ ക്രിസ്തുവിനെക്കുറിച്ചുള്ള മുഴുവന്‍ സത്യവും ഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ടാവാം
ദൈവിക രക്ഷയുടെ അല്ലെങ്കില്‍ വിശുദ്ധിയുടെ സന്ദേശം ദൈവത്തില്‍നിന്നുണ്ടാകാവുന്ന ശിക്ഷയോടും കാര്‍ക്കശ്യത്തോടുംകൂടിയാണ് യോഹന്നാന്‍ പ്രഘോഷിച്ചത്. ക്രിസ്തുവാകട്ടെ ദൈവിക രക്ഷ, ദൈവസ്നേഹത്തിലൂടെ ലഭ്യമാക്കുകയാണ്. അതുകൊണ്ട് യോഹന്നാന്‍ പ്രതീക്ഷിച്ചതും, സാധാരണ മനുഷ്യന്‍ ആഗ്രഹിച്ചതുമായ ശൈലിയിലല്ല യേശു പ്രവര്‍ത്തിക്കുന്നത്, ദൈവരാജ്യത്തിന്‍റെ സന്ദേശം ലോകത്തിനു നല്കുന്നത്. ക്രിസ്തുവില്‍ കാണുന്ന മുറിച്ചു കടക്കുന്ന, തുളച്ചു കയറുന്നു ദൈവരാജ്യത്തിന്‍റെ തീവ്രത, തീക്ഷ്ണത ഇതാണ്, ഇതുതന്നെയാണ്. ദൈവസ്നേഹത്തിന്‍റെ തീവ്രതയാണിത്.

സാധാരണ മനുഷ്യന്‍റെ ശൈലികളെ വികേന്ദ്രീകരിക്കുന്ന ഒരു രീതിയാണ് നാം ക്രിസ്തുവില്‍ കാണുന്നത്. അതു ദൈവരാജ്യത്തിന്‍റെ വീണ്ടെടുപ്പാണ്. ആരാധനയ്ക്കായി പ്രത്യേക ഇടങ്ങളോ നേരമോ മാറ്റിവച്ചിട്ടില്ലാത്ത ഒരിടമായിരുന്നു ദൈവത്തിന്‍റെ ഏദന്‍തോട്ടം, എന്തിന് ഈ പ്രപഞ്ചംതന്നെ. ക്രിസ്തുവില്‍ പൂര്‍ത്തിയാകേണ്ട സ്വര്‍ഗ്ഗീയ ജരൂസലേമിലും അത് അങ്ങനെയായിരുന്നിരിക്കണം.
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തെന്നാല്‍ സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമായിരുന്നു അതിലെ ദൈവാലയം (വെളിപാട് 21, 22). വലുപ്പംകൊണ്ടും അനുഷ്ഠാനംകൊണ്ടും സാധാരണക്കാരില്‍നിന്ന് അകന്നുപോയ ജരൂസലേം ദൈവാലയത്തോട് ക്രിസ്തു മമതപുലര്‍ത്തിയില്ല. എന്നാല്‍ സിനഗോഗു ശുശ്രൂഷകളില്‍ അവിടുന്ന് കൃത്യതയോടെ പങ്കെടുത്തിരുന്നു. സിനഗോഗു ചെറുതെങ്കിലും വരുന്നവര്‍ക്കിടയില്‍ ആവശ്യത്തിലേറെ കരുതലും അടുപ്പവുമുണ്ടായിരുന്നു. അതൊരു ഗ്രാമത്തിന്‍റെയും നാടിന്‍റെയും കേന്ദ്രമായിരുന്നു. തീര്‍ത്ഥാടകര്‍ ഒഴുകുന്ന ദേവാലയങ്ങളില്‍ അതില്ല. സുവിശേഷത്തില്‍ ക്രിസ്തുവിനെ മൂന്നാവര്‍ത്തിയേ ജരൂസലേം ദേവാലയത്തില്‍ കാണുന്നുള്ളൂ. കുഞ്ഞുന്നാളില്‍ പരിച്ഛേദന കര്‍മ്മത്തിന്, മുതിര്‍ന്നപ്പോള്‍ ഒന്നു തര്‍ക്കിക്കാന്‍, മൂന്നാമത്, പിന്നെ തല്ലുപിടിക്കാന്‍. ക്രിസ്തു അങ്ങിനെ പുതിയ ദൈവാലയ സങ്കല്പത്തിന് രൂപംനല്കി. ഇടങ്ങളെക്കാള്‍ മനോഭാവത്തിനാണ് ക്രിസ്തു പ്രാധാന്യം നല്കിയത്.
ഈ അടിസ്ഥാനമാറ്റം ക്രിസ്തുവില്‍ നമുക്കെപ്പോഴും കാണാനാവും. ഇത് ക്രിസ്തു ജീവിച്ച ഒരു പ്രതിസംസ്കാരമാണ്.


യോഹന്നാന്‍ ഈശോയെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്‍റെ പശ്ചാത്തലം ഒന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. തനിക്കുശേഷം വരുന്ന രക്ഷകനെയാണ് യോഹന്നാന്‍ ക്രിസ്തുവില്‍ പ്രതീക്ഷിച്ചിരുന്നത് 3, 11-12. എന്നാല്‍ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമാണെന്ന് യോഹന്നാന് തോന്നിക്കാണാം. മനസ്സിലാക്കുന്നു. ഈശോയുടെ പ്രവര്‍ത്തനം സുവിശേഷപ്രഘോഷണവും രോഗശാന്തിയുമാണെന്ന് ആദിമ സഭ കരുതിയിരുന്നു 11, 5. പിന്നെ അതില്‍ ദൈവസ്നേഹത്തിന്‍റെയും ആര്‍ദ്രമാകുന്ന ദൈവിക കാരുണ്യത്തിന്‍റെയും വ്യക്തിത്വം കാണാതെ പോകുന്നു.

ഈശോ പരസ്യമായി രംഗപ്രവേശം ചെയ്യുന്നതിനു മുന്‍പ് സ്നാപകന്‍ ബന്ധനസ്ഥനായെന്ന് മത്തായി വിവക്ഷിക്കുന്നുണ്ട്.

വരുവാനിരിക്കുന്ന രക്ഷകന്‍ ഈശോതന്നെയോ എന്നതാണ് യോഹന്നാന്‍റെ സംശയം. പ്രതീക്ഷിച്ചിരിക്കുന്ന രക്ഷകന്‍, മിശിഹാ, വളരെ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച അറിഞ്ഞു കാണണം. ഇശോ തന്നെയാണോ ആരക്ഷകന്‍ എന്ന് അസന്നിഗ്ധമായി അറിയാന്‍ യോഹന്നാന്‍ ആഗ്രഹിക്കുന്നു.

ആദിമസഭയെ സംബന്ധിച്ചിടത്തോളം ഈശോയുടെ മറുപടി പ്രാധാന്യമര്‍ഹിക്കുന്നു. ഏശയായുടെ പ്രവചനങ്ങളുടെ പശ്ചത്തലത്തില്‍,
29, 18, ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേലിന്‍റെ രക്ഷയുടെ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമാണ്. തന്നിലൂടെ സംഭവിക്കുന്ന രോഗശാന്തികള്‍ ആഗതമാകുന്ന ദൈവരാജൃത്തിന്‍റെ അടയാളങ്ങളാണ്. രോഗശാന്തികളും സുവിശേഷപ്രഘോഷണവും ദൈവരാജ്യത്തിന്‍റെ തുറവുതന്നെയാണ്.
എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവര്‍ ഭാഗ്യവാന്മാര്‍. എന്ന ക്രിസ്തുവിന്‍റെ പ്രസ്താവന പിന്‍കാല വിശ്വാസികളെ ഉദ്ദേശിച്ചുള്ള മുന്നറിയിപ്പാണ്.
വരാനിരിക്കുന്നവന്‍ ഞാന്‍തന്നെ, നിങ്ങള്‍ വേറൊരാളെ കാത്തിരിക്കേണ്ടതില്ല, എന്ന് ഈശോ പറയുന്നില്ല. അതിനുപകരം, നിങ്ങള്‍ കാണുന്നവയും കേള്‍ക്കുന്നവയും യോഹന്നാനെ അറിയിക്കുക, എന്ന നിര്‍ദ്ദേശമാണ് അവര്‍ക്ക് നല്കുന്നത്. അവര്‍ കാണുന്നത് ക്രിസ്തുവിന്‍റെ അത്ഭുതങ്ങളും, കേള്‍ക്കുന്നത് അവിടുന്നു പ്രഘോഷിക്കുന്ന സദ്വാര്‍ത്തയുമാണ്. അവ ഗ്രഹിക്കുമ്പോള്‍ ക്രിസ്തു യുഗാന്ത്യ രക്ഷകനാണെന്ന് മനസ്സിലാക്കാന്‍ യോഹന്നാനു മാത്രമല്ല ഏല്ലാവര്‍ക്കും സാധിക്കും കാരണം, ഏശയ്യായുടെ പ്രവചനങ്ങളില്‍ യുഗാന്ത്യരക്ഷകനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.

മുന്നറിയിപ്പോടുകൂടിയ ഒരു അനുഗ്രഹവാക്കാണ് എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവര്‍ ഭാഗ്യവാന്മാര്‍. ക്രിസ്തുവില്‍ ഇടര്‍ച്ചയുണ്ടാകാനും അതുമൂലം നാശം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്ന സൂചന ഇവിടെ കാണുന്നു. മിശിഹായെക്കുറിച്ച് തെറ്റായ സങ്കല്പം പുലര്‍ത്തുന്നവര്‍ക്കാണ് ഇടര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ളത്.
..................................................................

ചരിത്രത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും ഏറെയുള്ള അതിനിര്‍ണ്ണായകമായ ഒരു ദിശാസന്ധിയിലാണ് നാമെല്ലാവരുമെന്ന് അറിയാം. അടിയൊഴുക്കുള്ള പുഴ മുറിച്ചുകടന്നേ തീരൂ. ഉറപ്പില്ലാത്ത മണ്ണും വഴുവഴുപ്പന്‍ പാറകളുമൊക്കെയുള്ളതിനാല്‍ ഒറ്റയ്ക്ക് ആര്‍ക്കും ആവില്ല അതുകൊണ്ട് കൈകോര്‍ത്തുപിടിച്ചു നടക്കാം. മുന്നോട്ടും പിറകോട്ടും നോക്കണം. ക്രിസ്തുവില്‍ പരസ്പരം കൈകോര്‍ത്തു നീങ്ങാം. അവിടുന്ന് നമ്മുടെ നാഥനും രക്ഷകനുമാണ്. കാലിടറാതെ പച്ചയായ ദൈവിക നന്മയുടെ മേച്ചില‍പ്പുറങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്ന നല്ലിടയനാണ് അവിടുന്ന്. അവിടുന്ന് തന്‍റെ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവന്‍ നല്കി,. സ്നേഹിതര്‍ക്കുവേണ്ടി സ്വയം ജീവനേകുന്നതിലും മീതെ സ്നേഹമില്ല, എന്ന ആത്മത്യഗത്തിന്‍റെ സന്ദേശം അവിടുന്ന് ലോകത്തിനായി കൈമാറി. End.







All the contents on this site are copyrighted ©.