2011-02-02 20:19:27

വൈദികര്‍ രക്ഷാകര സന്ദേശത്തിന്‍റെ
പ്രഥമ സ്രോതസ്സ്


02 ഫെബ്രുവരി 2011
ലോകത്ത് രക്ഷാകര സന്ദേശത്തിന്‍റെ പ്രഥമ സ്രോതസ്സാകേണ്ടവര്‍ വൈദികര്‍ തന്നെയെന്ന്, കര്‍ദ്ദിനാള്‍ മാവുരോ പിയച്ചെന്‍സ്സാ, വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു.
പൗരോഹിത്യത്തിന്‍റെ പ്രേഷിതമാനത്തെക്കുറിച്ച്, വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച പൊതുവായ കത്തിനെക്കുറിച്ച്, ഫെബ്രുവരി 1-ാം തിയതി ചൊവ്വാഴ്ച രാവിലെ, വത്തിക്കാന്‍ റോഡിയോയ്ക്ക് നല്കിയ ഒരഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പിയച്ചെന്‍സ്സാ ഇപ്രകാരം പ്രസ്താവിച്ചത്. തന്‍റെ അസ്തിത്വത്തിന്‍റെ നിരന്തരമായ ആത്മബന്ധത്തില്‍ കൂദാശകളിലൂടെ സഭയുടെ ശിരസ്സായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ലോകത്തിനു ലഭ്യമാക്കിക്കൊണ്ട് ഒരു വൈദികന്‍ രക്ഷാകര സന്ദേശത്തിന്‍റെ പ്രഥമ സ്രോതസ്സാവുകയാണുവേണ്ടതെന്ന് കര്‍ദ്ദിനാള്‍ പിയച്ചെന്‍സ്സാ, വൈദികര്‍ക്കെഴുതിയ തുറന്ന കത്തിന്‍റെ സന്ദേശം ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു. 2010 ജൂണ്‍ 29-ാം തിയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലും ആഗോളസഭ ആചരിച്ച വൈദികവര്‍ഷത്തിന്‍റെ സമാപനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വൈദികര്‍ക്കു നല്കിയ സന്ദേശത്തെ അധികരിച്ചാണ് വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഈ കത്ത് പ്രകാശനംചെയ്തത്.
പൗരോഹിത്യത്തിന്‍റെ പ്രേഷിതമാനമെന്നു പറയുമ്പോള്‍ അതിനെ ജനങ്ങളുടെ ഇടയിലുള്ള അജപാലന ശുശ്രൂഷമാത്രമായിട്ടു കാണരുതെന്നും, ക്രിസ്തു ലോകത്തിനു നേടിത്തന്ന സാര്‍വ്വലൗകികമായ രക്ഷാകരമൂല്യം പ്രഘോഷിക്കാനുള്ള വ്യാപ്തവും ആഴവുമായ പ്രേഷിതചൈതന്യമാണ് ലക്ഷൃമാക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ അഭിമുഖത്തില്‍ വ്യക്തമാക്കി. അടിസ്ഥാനപരമായി ശുശ്രൂഷിക്കുവാനും പഠിപ്പിക്കാനും വിശുദ്ധീകരിക്കാനുമുള്ള പൗരോഹിത്യത്തിന്‍റെ ത്രിവിധ ഉത്തരവാദിത്വങ്ങളാണ് കത്ത് പ്രതിപാദ്യ വിഷയമാക്കിയിരിക്കുന്ന പൗരോഹിത്യത്തിന്‍റെ പ്രേഷിതമാനംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പിയച്ചെന്‍സ്സ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.