2011-01-27 15:42:42

അറിവ് മനുഷ്യനെ ദൈവീക
ബന്ധത്തില്‍ വളര്‍ത്തുന്നു


27 ജനുവരി 2011
യഥാര്‍ത്ഥ ജ്ഞാനം സൃഷ്ടാവിനെക്കുറിച്ചുള്ള ജ്ഞാനത്തില്‍നിന്നും വേര്‍പെടുത്താനാവാത്തതെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ്, വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപാതാദ്ധ്യക്ഷന്‍. യൂറോപ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അജപാലന ശുശ്രൂഷ, എന്ന വിഷയത്തെകേന്ദ്രീകരിച്ച് ജനുവരി 27-ാം തിയതി ജര്‍മ്മനിയിലെ മ്യൂനിക്ക് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് ഇപ്രകാരം പ്രസ്താവിച്ചത്. വാ‌ഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വിദ്യാഭ്യാസ ദര്‍ശനം യൂറോപ്പിന്‍റെ ഭാവി വളര്‍ച്ചയ്ക്ക്, എന്ന വിഷയത്തെ അധികരിച്ചാണ് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പ്രബന്ധമവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവിധ വിഷയങ്ങള്‍ യുവാക്കളെ പഠിക്കുന്നുണ്ടെങ്കിലും അതെല്ലാം ദൈവവുമായി അവരെ ഒരു സുഹൃദ്ബന്ധത്തില്‍ വളരുന്നതിനുള്ള പശ്ചാത്തലമായി കാണേണ്ടതാണെന്ന, വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ചിന്തകള്‍ ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് സമ്മേളനത്തില്‍ വിവരിച്ചു. ആത്മീയവും ധാര്‍മ്മികവുമായ ജീവന്‍റെ തത്വങ്ങള്‍ അവഗണിച്ചുകൊണ്ട് ഒരു നല്ല ശാസ്ത്രജ്ഞന്‍ തന്‍റെ കാഴ്ചപ്പാട് ശാസ്ത്രജ്ഞാനത്തില്‍ മാത്രം ഒതുക്കി നിറുത്തുന്നത് അപകടകരമാണെന്നും, മറിച്ച് ശാസ്ത്രീയ വിജ്ഞാനത്തെ മതം പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടും സമൂഹത്തിന് വിനയായി ഭവിക്കുമെന്നും അദ്ദേഹം പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു. നല്ല വിദ്യാഭാസം സമഗ്രമായിരിക്കുമെന്നും അത് ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയെ ലക്ഷൃമാക്കിയുള്ളതാണെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് വ്യക്തമാക്കി. വിദ്യാഭ്യാസത്തെ ഒരു ഉപഭോഗ മനഃസ്ഥിതിയോടെ കാണാതെ വ്യക്തിരൂപീകരിണത്തിനും, സമഗ്രവളര്‍ച്ചയ്ക്കു സഹായകമാകുന്ന
ഒരു ഘടകമായി കാണേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.