2011-01-27 15:49:20

അജപാലകന്‍റെ അപൂര്‍വ്വ മാതൃക
ബിഷപ്പ് ഗാര്‍ഷ്യാ


27 ജനുവരി 2011
അജപാലന ശുശ്രൂഷയുടെ അപൂര്‍വ്വ മാതൃകയായി, ലാറ്റിനമേരിക്കയിലെ ബിഷപ്പ് സാമുവല്‍ ഗാര്‍ഷ്യാ അന്തരിച്ചു. 40 വര്‍ഷക്കാലം മെക്സിക്കോയിലെ ചിയപ്പാസ് രൂപതാദ്ധ്യക്ഷനായിരുന്ന
86 വയസ്സുകാരന്‍ ബിഷപ്പ് ഗാര്‍ഷ്യ ജനുവരി 24-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് മരണമടഞ്ഞത്.
തന്‍റെ രൂപതയിലെ മര്‍ദ്ദിതരും ചൂഷിതരിമായിരുന്ന മായന്‍ വംശജരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി 40 വര്‍ഷക്കാലം പോരാടിയ ഡോണ്‍ ഗാര്‍ഷ്യായാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ മെക്സിക്കോയിലെ സാന്‍ ക്രിസബലില്‍ അന്തരിച്ചത്. ഭൂരിപക്ഷവും തോട്ടത്തൊഴിലാളികളായിരുന്ന തന്‍റെ ജനത്തിന്‍റെ ചുമലില്‍ മര്‍ദ്ദനത്തിന്‍റെ ചാട്ടവാറും, വിവേചനത്തിന്‍റെയും ചൂഷണത്തിന്‍റെയും കനത്ത നുകവും അടിച്ചേല്‍പ്പിച്ചിരുന്ന 60-കളിലാണ് ഡോണ്‍ ഗാര്‍ഷ്യാ ചിയപ്പാസ് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഒരു കഴുതപ്പുറത്തു സഞ്ചരിച്ചുകൊണ്ട് ബിഷപ്പ് ഗാര്‍ഷ്യാ, കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങളുടെ കണ്ണീരൊപ്പിയ നല്ലിടയനായിരുന്നു.
സര്‍ക്കാരുമായി നടത്തിയ നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിലൂടെ മുതലാളിത്തത്തിന്‍റെ ബന്ധനത്തില്‍നിന്നും സാധാരണക്കാരെ സ്വതന്ത്രരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അനുരഞ്ജനത്തിനും നീതിക്കുംവേണ്ടി സംവാദത്തിലൂടെ അക്ഷീണം പോരാടിയ അജപാലകനാണ് ഡോണ്‍ ഗാര്‍ഷ്യായെന്ന്, 24-ാം തിയതി മെക്സിക്കോ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ഹിലരി ക്ലിന്‍റണ്‍ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ സജീവപങ്കാളിയും ലാറ്റിനമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ സുവിശേഷ-തീക്ഷ്ണമതിയുമായിരുന്നു അന്തരിച്ച ബിഷപ്പ് ഗാര്‍ഷ്യയെന്ന് മെക്സിക്കോയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് ക്രിസ്റ്റഫര്‍ പിയെര്‍ 26-ാം തിയതി മെക്സിക്കോയിലെ ചിയപ്പാസ് കത്തീദ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട അന്തിമോപചാര ശുശ്രൂഷയില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.