2011-01-26 18:48:32

സഭൈക്യവാര സമാപനച്ചടങ്ങ്
മാര്‍പാപ്പ നയിച്ച പ്രാര്‍ത്ഥനാശുശ്രൂഷ


26 ജനുവരി 2011
പ്രാര്‍ത്ഥനയിലൂടെയുള്ള ഹൃദയത്തിന്‍റെ അനുരഞ്ജ്ജനമാണ് വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിന് വഴിതുറക്കേണ്ടതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സഭൈക്യവാര സമാപനച്ചടങ്ങില്‍ പ്രസ്താവിച്ചു. ജനുവരി 25-ാം തിയതി വൈകുന്നേരം റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍ സഭൈക്യവാരാഘോത്തിന്‍റെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയായിരുന്നു മാര്‍പാപ്പ. ആദ്യ പെന്തക്കൂസ്താ ദിനത്തില്‍ ജെരൂസലേമിലെ സിഹിയോണ്‍ ഊട്ടുശാലയില്‍ പരിശുദ്ധ മറിയത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ഒരുമിച്ചിരുന്ന അപ്പസ്തോലന്മാരുടെ മേലാണ് പരിശുത്മാവിന്‍റെ കൃപ വര്‍ഷിക്കപ്പെട്ടതെന്നും, അവ പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധാത്മാവില്‍നിന്നു ലഭ്യമായ ഐക്യം ഇന്നും സഭൈക്യത്തിന് പ്രചോദനവും മാതൃകയുമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
ഭിന്നിച്ചുനില്കുന്ന ക്രൈസ്തവ സഭകളുടെ ഐക്യം, പരസ്പരമുള്ള വ്യത്യാസങ്ങളെ അംഗീകരിച്ച് സമാധാന പൂര്‍ണ്ണമായൊരു സഹവര്‍തിത്ത്വം ആര്‍ജ്ജിക്കുന്നതായി മാത്രം ചുരുക്കാവുന്നതല്ലെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധാത്മാവിലൂടെ ക്രിസ്തു വിഭാവനംചെയ്ത ഐക്യം ഘനടാപരമായ ഐക്യമല്ലായെന്നു പ്രസ്താവിച്ച മാര്‍പാപ്പ, അത് ആഴമായ വിശ്വാസപ്രഘോഷണത്തിലും ദൈവാരാധനയിലും ദൈവീകൈക്യത്തിനൊത്ത സാഹോദര്യത്തിലും അധിഷ്ഠിതമാണെന്ന് വ്യക്തമാക്കി. ഈ മേഖലയിലുണ്ടാകാവുന്ന അശുഭപ്രതീക്ഷയും അലസതയും കൈവെടിഞ്ഞ് പരിശുദ്ധാത്മാവില്‍ പ്രത്യാശയര്‍പ്പിച്ച് ഇനിയും സഭൈക്യസംരംഭങ്ങള്‍ മുന്നോട്ടുതന്നെ നയിക്കണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ആഗോളതലത്തില്‍ വിവിധ സഭാ സമൂഹങ്ങള്‍ ജനുവരി 18- തിയതി മുതല്‍ ആചരിച്ച സഭൈക്യ പ്രാര്‍ത്ഥനാവാരം മാര്‍പാപ്പ നയിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ജനുവരി
25-ാം തിയതി ചൊവ്വാഴ്ച സമാപിച്ചു.







All the contents on this site are copyrighted ©.