2011-01-26 17:12:53

ക്രൈസ്തവന്‍ സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും നിര്‍മ്മാതാവ്- മാര്‍പാപ്പ


പ്രേഷിത ദൗത്യം സഭയെ നവീകരിക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഇക്കൊല്ലത്തെ ലോക പ്രഷിത ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. ജനുവരി ആറാം തിയതി മാര്‍പാപ്പ ഒപ്പുവച്ച സന്ദേശം ജനുവരി ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. സുവിശേഷ പ്രഘോഷണമാണ് സഭയ്ക്ക് ലോകത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സേവനമെന്ന് സന്ദേശത്തിലൂടെ പ്രഖ്യാപിച്ച മാര്‍പാപ്പ സുവിശേഷ വല്‍ക്കരണ ദൗത്യത്തില്‍ എല്ലാ സഭാംഗങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും പരാമര്‍ശിച്ചു. പ്രഷിത ദൗത്യം സഭയുടെ അടിസ്ഥാന സ്വഭാവമാണെന്ന് രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ആവര്‍ത്തിച്ച പാപ്പ ക്രിസ്തു സഭയെ ഏല്‍പിച്ച സുവിശേഷവല്‍ക്കരണ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണത്തിലേക്ക് സഭ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നും അനുസ്മരിപ്പിക്കുന്നു. സുവിശേഷ പാരബര്യമുള്ള സമൂഹങ്ങള്‍ ഇന്ന് സുവിശേഷാധിഷ്ഠിത ജീവിതത്തില്‍ നിന്നു വഴിതെറ്റിപ്പോകുന്ന പ്രതിഭാസത്തെക്കുറിച്ചുളള ആശങ്കയും സന്ദേശത്തിലൂടെ മാര്‍പാപ്പ പങ്കുവയ്ച്ചു. സുവിശേഷവല്‍ക്കരണം വിവിധ ഘടകങ്ങള്‍ അടങ്ങിയ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണെന്നും അത് എപ്പോഴും ഐക്യദാര്‍ഢ്യത്തില്‍ അധിഷ്ഠിതമാണെന്നും പാപ്പ ഉത്ബോധിപ്പിച്ചു. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തില്‍ പങ്കുചേരുന്ന ക്രൈസ്തവന്‍ ക്രിസ്തു മനുഷ്യരാശിക്കു നല്‍കുന്ന ദാനങ്ങളായ കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റയും നിര്‍മ്മാതാവായിമാറിക്കൊണ്ട് അവിടുത്തെ രക്ഷാകര പദ്ധതിയില്‍ പങ്കാളിയാകുന്നുവെന്നും പാപ്പ സന്ദേശത്തിലൂടെ പ്രബോധിപ്പിച്ചു. ആന്ദത്തോടെ ഏവര്‍ക്കും ക്രിസ്തുവിനെ പങ്കുവയ്ക്കാന്‍ പ്രേഷിത ദിനം പ്രചോദനമാകട്ടെയെന്നാശംസിച്ച മാര്‍പാപ്പ സുവിശേഷത്തെ പ്രതി പീഢിപ്പിക്കപ്പെടുകയും വേദനയനുഭവിക്കുകയും ചെയ്യുന്നവരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.







All the contents on this site are copyrighted ©.