2011-01-24 15:03:11

സുവിശേഷ പ്രഘോഷണം ഡിജിറ്റല്‍ യുഗത്തില്‍


 ഡിജിറ്റല്‍ യുഗത്തില്‍ സമ്പര്‍ക്കമാധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ജനുവരി ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച പ്രകാശനംചെയ്ത നാല്‍പത്തിയഞ്ചാമത് ആഗോള സംമ്പര്‍ക്ക മാധ്യമ ദിനസന്ദേശത്തിലാണ് പാപ്പയുടെ ഈയാഹ്വാനമുള്ളത്. ഡിജിറ്റല്‍ യുഗത്തില്‍, സത്യവും പ്രഘോഷണവും ജീവന്‍റെ ആധികാരികതയും എന്നതാണ് നാല്‍പത്തിയഞ്ചാമത് ആഗോള സംമ്പര്‍ക്ക മാധ്യമ ദിന സന്ദേശത്തിന്‍റെ പ്രമേയം. വ്യവസായ വിപ്ലവം സാമൂഹ്യജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തിയതുപോലെ ആശയവിനമയരംഗത്ത‍് സംജാതമായിരിക്കുന്ന മാറ്റങ്ങള്‍ സാംസ്ക്കാരീക രൂപാന്തീകരണത്തിനും സാമൂഹ്യവികസനത്തിനും വഴിതെളിക്കുന്നുവെന്നു സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ, മാനവവൈഭവത്തിന്‍റെ മറ്റേതു ഫലത്തെയും പോലെ ആശയവിനിമയ രംഗത്തുവന്നിരിക്കുന്ന നൂതന സാങ്കേതീക മികവ് വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെടണമെന്നും പ്രബോധിപ്പിച്ചു. ആശയവിനിമയ രംഗത്തെ സാങ്കേതിക പുരോഗതിയുടെ ഗുണദോഷങ്ങള്‍ വസ്തുനിഷ്ഠമായി സന്ദേശത്തില്‍ പ്രതിപാദിച്ച മാര്‍പാപ്പ നവീന സംമ്പര്‍ക്ക മാധ്യമരംഗത്ത് പ്രത്യേകിച്ച് സാങ്കേതീക സാമൂഹ്യ ശൃംഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന യുവജനപങ്കാളിത്തെക്കുറിച്ചും പ്രത്യേകം പരാമര്‍ശിച്ചു. വേര്‍ച്ച്വല്‍ ലോകത്തിന്‍റെ ഭവിഷത്തുകള്‍ക്കടിമപ്പെടാതെ തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിന്‍റെ തനിമ കാത്തുസൂക്ഷിക്കാന്‍ പാപ്പ യുവജനങ്ങളോടാഹ്വാനം ചെയ്തു. സാങ്കേതികലോകത്തെ ബന്ധങ്ങള്‍ നിത്യജീവിതത്തില്‍ നാം ഇടപെടുന്ന വ്യക്തികളുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനു പ്രതിബന്ധമാകരുതെന്നും സന്ദേശത്തിലൂടെ പാപ്പ മുന്നറിയിപ്പു നല്‍കി. വിവര സാങ്കേതിക ലോകത്ത‍െ പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷത്തിന്‍റെ സജീവ സാക്ഷികളാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിച്ച മാര്‍പാപ്പ ഉത്തരവാദിത്തപൂര്‍ണ്ണമായ ക്രിയാത്മകയോടെ സാങ്കേതിക ആശയവിനിമയ ശൃംഖലകളില്‍ അംഗങ്ങളാകാനും അവരെ ക്ഷണിച്ചു.







All the contents on this site are copyrighted ©.