2011-01-15 16:07:45

സുവിശേഷപരിചിന്തനം – 16 ജനുവരി 2011 ഞായര്‍
മലങ്കര റീത്ത്


ലൂക്കാ 4,14-22, റോമാക്കാര്‍ 3,1-8, 1 പത്രോസ് 1,13-25

യേശുവിന്‍റെ പരസ്യജീവിതത്തിലെ ഒരു ആരംഭസംഭവമാണ് വിശുദ്ധ ലൂക്കാ വിവരിക്കുന്ന യേശുവിന്‍റെ നസ്രത്തിലെ ദേവാലയ സന്ദര്‍ശനം. തന്‍റെ ജീവിതത്തിന്‍റെ ഒരു നയപ്രഖ്യാപനംതന്നെ ഈശോ അവിടെ നടത്തുകയാണ് ഈ സംഭവത്തിലൂടെ.ഈശോയുടെ ആദ്യ പ്രവര്‍ത്തന രംഗമായി ലൂക്കാ അവതരിപ്പിക്കുന്നതു ഗലീലിയായാണ്. ഗലീലിയാ മുതല്‍ ജരൂസലേംവരെയുള്ള ഈശോയുടെ ജീവിതലെ രക്ഷാകരമായ വഴിയെക്കുറിച്ചാണു ലൂക്കാ തന്‍റെ സുവിശേഷത്തിലാകമാനം പ്രതിപാദിക്കുന്നത്. മരുഭൂമിയില്‍നിന്നു ഗലീലിയായിലേയ്ക്കു മടങ്ങുന്ന യേശുവിന്‍റെ കീര്‍ത്തി എങ്ങും വ്യാപിക്കുന്നു.

ഈശോയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണേണ്ടത് അവിടുത്തെ മാമ്മോദീസായുടെ പശ്ചാത്തലത്തിലാണ്. പരിശുദ്ധാത്മാവ് അവിടുന്നില്‍ വസിക്കുന്ന..... “യോര്‍ദ്ദാനില്‍ ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗംതുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു....” ലൂക്കാ 3, 21. പരിശുദ്ധാത്മാവ് അവിടുത്തെ നയിക്കുന്നു. “യേശു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായി ജോര്‍ദ്ദാനില്‍നിന്നും മടങ്ങി.” ലൂക്കാ 4, 1. ലൂക്കായുടെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പ്രത്യേകതയാണ്, പരിശുദ്ധാത്മാവിലൂടെയുള്ള ഈശോയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍. അവിടുത്തെ പ്രബോധനങ്ങളും രോഗശാന്തികളും ഭൂതോച്ചാടനങ്ങളുമെല്ലാം പരിശുദ്ധാത്മാവിന്‍റെ ശക്തിയാലുള്ളതാണ്. ക്രിസ്തുവിന്‍റെ രക്ഷാകര ജോലികളെല്ലാംതന്നെ ഒരു ദേശാടകന്‍റെ പ്രവര്‍ത്തനങ്ങള്‍ പോലെയാണ് ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ല എന്ന പ്രസ്താവനതന്നെ അന്വര്‍ത്ഥമാക്കുന്നുണ്ട്.

ഇന്നത്തെ സുവിശേഷ സംഭവത്തിന്‍റെ വിശദാംശങ്ങളിലേയ്ക്ക് ഒന്നെത്തി നോക്കുമ്പോള്‍... ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടു മുന്‍പുമുതല്‍, സിനഗോഗുകളില്‍ ദൈവവചനശുശ്രൂഷ പ്രചാരത്തിലില്‍ ഉണ്ടായിരുന്നു എന്നു കാണാം. സാബത്തുകളില്‍ അനുഷ്ഠിച്ചിരുന്ന ദൈവവചനശുശ്രൂഷകളിലെ പ്രധാന പരിപാടികള്‍ പ്രാര്‍ത്ഥനയും തിരുലിഖിതപാരായണവും പ്രബോധനവുമായിരുന്നു. ഈശോ സിനഗോഗുകളില്‍ പഠിപ്പിച്ചിരുന്നു. പഠിപ്പിക്കല്‍ അര്‍ത്ഥമാക്കുന്നതു സന്ദേശം നല്കലാണ്. അവിടന്നു സന്ദേശം നല്കിയിരുന്നതു തിരുലിഖിതങ്ങളുടെ അടിസ്ഥാനമാണെന്നും നമുക്കു മനസ്സിലാക്കാം. ആദിമ സഭയിലെ പ്രേഷിത പ്രവര്‍ത്തന രീതികൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വിവരണമാണ് ലൂക്കാ ഇവിടെ നല്കുന്നത്. സിനഗോഗുകളില്‍ പഠിപ്പിക്കുന്ന ഈശോ, പഴയനിയമത്തെയും പുതിയ നിയമത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്നു. പിന്നീട് അവിടുത്തെ ശിഷ്യന്മാരും പ്രേഷിത ശുശ്രൂഷകരുമെല്ലാം ഈ ശൈലി പിന്‍തുടരുന്നതു കാണാം.
പൗലോസ് അപ്പസ്തോലനും ആദ്യം സിനഗോഗുകള്‍ സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിക്കുകയാണു ചെയ്തതെന്ന് അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും, അപ്പസ്തോലന്‍റെ ലേഖനങ്ങളില്‍നിന്നും വ്യക്തമാണ്.
ഈശോയുടെ പ്രബോധനങ്ങള്‍ എപ്പോഴും പഴയനിയമവുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ വചനങ്ങള്‍ ജനങ്ങള്‍ക്കു സ്വീകാര്യമാകുവാന്‍ കാരണം, അത് അവരുടെ പ്രതീക്ഷകളനുസരിച്ചുള്ളതായിരുന്നു എന്നതാണ്. ജനം സാധാരണയായി ദൈവത്തെ മാത്രമാണു സ്തുതിക്കുന്നത്. ഇവിടെ ഒരു മാറ്റം ശ്രദ്ധേയമാകുന്നത്, ജനം ക്രിസ്തുവിനെ സ്തുതിക്കുകയും അവിടുത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍, തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ അവിടുത്തേയ്ക്കു ലഭിക്കുന്ന അംഗീകാരമാണിത്. ഈശോയുടെ സിനഗോഗു പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണമാണ് നസ്രറത്തിലെ സിനഗോഗില്‍ നാം കാണുന്നത്.

യഹൂദര്‍ അവരുടെ സാബത്ത് വിശുദ്ധമായി ആചരിച്ചിരുന്നു. സാബത്തുകളില്‍ ഈശോ സിനഗോഗു ശുശ്രൂഷകളില്‍ പതിവായി സംബന്ധിച്ചിരുന്നു. താന്‍ വളര്‍ന്ന നസ്റത്തിലേയ്ക്കു വന്നപ്പോഴും യേശു അതാണ് ചെയ്യുന്നത്. പ്രവചനവാക്യങ്ങള്‍ വായിച്ചതിനുശേഷം അത് വ്യാഖ്യാനിക്കുന്നു. അവിടുന്നു നല്‍കുന്ന വ്യാഖ്യാനം ഇതാണ്. കര്‍ത്താവിന്‍റെ ആത്മാവ് തന്‍റെമേല്‍ ഉണ്ട്. ഇസ്രായേലിന്‍റെ സജീവനായ ദൈവം, തന്നെ രക്ഷകനായി അഭിഷേചിച്ചിരിക്കുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാന്‍ താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. ആ സുവിശേഷം ബന്ധിതരുടെ മോചനം സംബന്ധിച്ചുള്ളതാണ്. അതുവഴി അന്ധര്‍ക്ക് കാഴ്ചയും മര്‍ദ്ദിതര്‍ക്ക് സ്വാതന്ത്ര്യവും ലഭിക്കും. അതോടെ കര്‍ത്താവിന് സ്വീകാര്യമായ ഒരു പുത്തന്‍ വത്സരം പ്രഖ്യാപിക്കപ്പെടുന്നു. ശ്രോതാക്കളായ നിങ്ങളില്‍ ഇന്ന് ഈ തിരുലിഖിതങ്ങള്‍ നിറവേറിയിരിക്കുന്നു. ഇത് ക്രിസ്തുവിന്‍റെ പരസ്യജീവിതാരംഭത്തിലുള്ള ഒരു നയപ്രഖ്യാപനം തന്നെയാണ്.
തിരുവെഴുത്തുകളില്‍ ഏശയ്യാ പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് താന്‍ മിശിഹായാണെന്ന് ക്രിസ്തു സമര്‍ത്ഥിക്കുന്നത്.

ഗലീലിയാ മുതല്‍ ജരൂസലേംവരെ നീണ്ടുകിടക്കുന്ന ഈശോയുടെ ജീവിത വഴിയെക്കുറിച്ചാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ പ്രതിപാദിക്കുന്നത്.
നസ്രത്തിലെ മരപ്പണിക്കാരനായ ജോസഫിന്‍റെ മകനായ ഈശോയെ മിശിഹായായി കാണുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത്ഭുതംചെയ്ത് താന്‍ ദൈവപുത്രനാണെന്ന് തെളിയിക്കാനും ഈശോ ആഗ്രഹിക്കുന്നില്ല. സ്വന്തംജനം ദൈവത്തെയും അവിടുത്തെ പ്രവാചകന്മാരെയും തിരസ്കരിക്കുമ്പോള്‍ ദൈവം വിജാതീയരെ തിരഞ്ഞെടുക്കപ്പെട്ട ജനമായി ഉയര്‍ത്തുന്നു. അതുപോലെ ഈശോ സ്വന്തജനത്താല്‍ തിരസ്കരിക്കപ്പെട്ടപ്പോള്‍ വിജാതീയരുടെ ഗ്രാമങ്ങളിലേയ്ക്ക് അവിടുന്ന് ഇറങ്ങിപ്പോയി. അവരുടെ ഇടയില്‍ ദൈവരാജ്യത്തിന്‍റെ വിത്തുകള്‍ അവിടുന്നു വിതറി, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി ഈശോയ്ക്ക് അവരുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ഇസ്രായേലിന്‍റെ ചരിത്രം സാക്ഷൃപ്പെടുത്തുന്നത് 50-ാം വര്‍ഷങ്ങളില്‍ ആഘോഷിക്കുന്ന ജൂബിലിവര്‍ഷം പൊതുമാപ്പിന്‍റെ വര്‍ഷമായിട്ടാണ്.
സംഖ്യ 25, 8. ഈ ജൂബിലി വര്‍ഷത്തിന്‍റെ പ്രത്യേകത അതിന്‍റെ സര്‍വ്വജനിത സ്വഭാവമാണ്. ദൈവം പ്രവാചക ഗ്രന്ഥങ്ങളിലൂടെ പറയുന്നു.
എല്ലാ ഭൂമിയും എന്‍റേതാണ്. നിങ്ങള്‍ ഇവിടെ പരദേശികള്‍ മാത്രമാണ്.
ഈ ജൂബിലി വര്‍ഷത്തില്‍ കടം ഇളവുചെയ്തു കൊടുക്കുക്കുകയും, മൗലിക ഉടമസ്ഥത തിരിച്ചുനല്കുകയും വേണമെന്ന്. എന്നാല്‍ ഇവിടെ ഈശോ ജൂബിലിവര്‍ഷം പ്രഖ്യാപിക്കുകയല്ല, ബന്ധനങ്ങളില്‍ കഴിയുന്ന മനുഷ്യസമൂഹത്തിന് മോചനം ലഭിക്കുമെന്ന വലിയ സദ്വാര്‍ത്ത എന്നന്നേയ്ക്കുമായി അറിയിക്കുകയാണ്. ഈ സദ്വാര്‍ത്ത ദൈവരാജ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. രോഗശാന്തി നല്‍കുമ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും യേശു ഉന്നംവയ്ക്കുന്നത് മനുഷ്യവംശത്തിന്‍റെ ഈ സമഗ്രമായ രക്ഷയാണ്.

ഉല്പത്തി പുസ്തകത്തില്‍ മനുഷ്യനെ പുറത്താക്കി ഏദന്‍ തോട്ടത്തിന്‍റെ വാതിലുകള്‍ പൂട്ടി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയ വിവരണം നാം വായിക്കുമ്പോള്‍, മനുഷ്യനെ ദൈവം എന്നന്നേയ്ക്കുമായി ശപിച്ച് ഉപേക്ഷിച്ച പ്രതീതിയാണ് നമുക്കു തോന്നാവുന്നത്. പക്ഷേ, അതു ദൈവത്തിന്‍റെ ക്രോധത്തിന്‍റെ വിവരണം മാത്രമല്ല, ദുഃഖത്തിന്‍റെയും വിവരണമാണ്.
ആ ദുഃഖത്തിന്‍റെ അടിയിലുള്ളതു അവാച്യമായ സ്നേഹമാണ്, അതിരുകളില്ലാത്ത, കലവറയില്ലാത്ത ദൈവസ്നേഹമാണ്, അസ്തമിക്കാത്ത സ്നേഹമാണ്. ആ സ്നേഹത്തിന്‍റെ ആഴമാണ് ധൂര്‍ത്തപുത്രന്‍റെ കഥയില്‍ ക്രിസ്തുതന്നെ പിന്നീട് വിവരിക്കുന്നത്. ഈ രണ്ടു വിവരണങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ വാതില്‍ പാതിചേര്‍ത്തുവച്ച് നാള്‍വഴിയങ്ങോളം ദൃഷ്ടിയണച്ച് ആരെയോ കാത്തിരിക്കുന്ന, സ്നേഹമുള്ള ക്ഷമിക്കുന്ന സ്നേഹമുള്ള പിതാവിന്‍റെ ചിത്രം തെളിഞ്ഞുവരുന്നു. അതേ, പാപം ചെയ്തവനെ എന്നന്നേയ്ക്കുമായി തള്ളിക്കളഞ്ഞു കൈകഴുകി ശുദ്ധമാക്കുന്ന ദൈവത്തെയല്ല ബൈബിള്‍ അവതരിപ്പിക്കുന്നത്, മനുഷ്യനെക്കുറിച്ചു വിചാരപ്പെടുകയും വഴിതെറ്റിപ്പോയവനെ അന്വേഷിച്ചിറങ്ങുകയും, തിരികെ കൊണ്ടുവന്നു മാറോടു ചേര്‍ത്തണയ്ക്കാന്‍ അഭിലഷിക്കുകയും, അതിനായി തത്രപ്പെടുകയും ചെയ്യുന്ന ദൈവമാണു ബൈബിളിന്‍റെ പ്രമേയം. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിചാരപ്പെടലാണു മനുഷ്യാവതാരത്തില്‍ യേശുവായി രുപംകൊള്ളുന്നത്. സ്നേഹമാണു ഈ പ്രപഞ്ചത്തെയാകമാനം സൃഷ്ടിച്ചതെങ്കില്‍ ആ സ്നേഹം വീണ്ടെടുക്കപ്പെടുവോളം ത്രസിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

ആ ദൈവസ്നേഹത്തിന്‍റെ ആഘോഷമാണ് ക്രിസ്തുവില്‍ നമുക്കായി വെളിപ്പെടുത്തപ്പെട്ടത്. ആ സ്നേഹം മനുഷ്യനെ വീണ്ടെടുക്കാന്‍ എങ്ങനെയെല്ലാം ഉദ്യമിച്ചുകൊണ്ടിരുന്നു എന്നു പടിപടിയായി വിവരിക്കുന്നതാണ് രക്ഷാകര ചരിത്രം. അനേകം ദൈവ ദാസന്മാരുടെ താക്കീതുകളിലൂടെ, പ്രവാചകന്മാരുടെ ശാസനകളിലൂടെ, നീതിശാസ്ത്ര വ്യാഖ്യാനങ്ങളിലൂടെ, പലതരം ശിക്ഷാനടപടികളിലൂടെ ആ അന്വേഷണം മനുഷ്യചരിത്രത്തില്‍ നീളുകയാണ്. ഒടുവില്‍ ദൈവത്തിന്‍റെ സ്നേഹം മാംസംധരിച്ച് മനുഷ്യനായി പിറന്ന്, മനുഷ്യനുവേണ്ടി ജീവിച്ചു, മരിച്ചു, വീണ്ടെടുപ്പിന്‍റെ മഹാപ്രസ്ഥാനത്തിനു സമാപ്തി കുറിക്കുന്നു.

എവിടെയാണ് മനുഷ്യന്‍ വീണുപോയത്, എങ്ങനെ ജീവിച്ചാലാണ് ആ വീഴ്ചയില്‍നിന്ന് കരകേറാന്‍ കഴിയുന്നത്, എന്നു നീളെ നീളെ ഉദാഹരിക്കുകയും, ജീവിതത്തെ സ്നേഹത്തിന്‍റെ നിലാവലയില്‍ സ്നാനംചെയ്യിക്കുകയും, ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തിട്ടാണ് ആ ഇതിഹാസം സമാപിക്കുന്നത്. സ്നേഹത്തിന്‍റെ അതിര് എവിടെ എന്ന് അടയാളപ്പെടുത്തിക്കൊണ്ടാണ് അതു പൂര്‍ണമാകുന്നത്.

നാം ആഘോഷിച്ച ക്രിസ്മസ്സ് മനുഷ്യരാശിയുടെ വിമോചനത്തിന്‍റെ ഉത്സവമായി മാറുന്നത് അങ്ങിനെയാണ്. ക്രിസ്തു മനുഷ്യരാശിയുടെ വിമോചകനും. എന്നാല്‍, യേശുക്രിസ്തുവിന്‍റെ ജീവന്‍ പകരംകൊടുത്ത്, വാങ്ങി സൂക്ഷിക്കാവുന്നതാണ് ഈ രക്ഷ എന്നു തെറ്റിദ്ധരിക്കുന്നത് അപകടമാണ്. ജീവനിലേയ്ക്കുള്ള വഴി ഇതാണ്, ഈ കാല്‍ച്ചുവടുകള്‍ നോക്കി നടന്നുകൊണ്ണൂ എന്നാണു ക്രിസ്തു പറയുന്നത്, ക്രിസ്തുവിന്‍റെ പരസ്യജീവിത സംഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടു ക്രിസ്മസ്സ് ആഘോഷിച്ച ശേഷം, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ ഓരോ സംഭവങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
ഈ ആരാധനക്രമ കാലഘട്ടത്തിലൂടെ സ്നേഹത്തിന്‍റെയും ആത്മദാനത്തിന്‍റെയും വഴിയെ മുന്നോട്ടു ചരിക്കേണ്ടതാണ്. ക്രിസ്തുവിലേയ്ക്കു ക്രിസ്തുവല്ലാതെ വേറെ വഴിയുണ്ടെന്നു തെറ്റിദ്ധരിക്കുന്നവര്‍ ആഘോഷങ്ങളെയും ആരാധനക്രമങ്ങളെയും വിശ്വാസ ജീവിതത്തെതന്നെയും അര്‍ത്ഥശൂന്യമാക്കുന്നു.
നസ്രത്തിലെ സിനഗോഗില്‍ സംഭവച്ചത് നമ്മുടെ പ്രാര്‍ത്ഥനായലങ്ങളിലും കുടുംമ്പങ്ങളിലും ഹൃദയങ്ങളിലും സംഭവിക്കാതിരിക്കട്ടെ.
ക്രിസ്തുവിനെ അവിടങ്ങളില്‍നിന്നും അട്ടിപ്പായിക്കാന്‍, ഇറക്കിവിടാന്‍ ഇടയാവരുത്. മറിച്ച്, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലും ഹൃയങ്ങളിലും കുടുംമ്പങ്ങളിലും നിറഞ്ഞു കുടികൊള്ളട്ടെ. End







All the contents on this site are copyrighted ©.