2011-01-10 17:54:00

മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധം
മനുഷ്യാന്തസ്സിന്‍റെ നിഷേധമെന്ന് മാര്‍പാപ്പ


10 ജനുവരി 2010
വിവിധ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പ്രസ്താവിച്ചു.
ജനുവരി 10-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മതസ്വാതന്ത്ര്യം സമാധാനത്തിലേയ്ക്കുള്ള മനുഷ്യന്‍റെ യാത്രയിലെ അടിസ്ഥാന മാര്‍ഗ്ഗമാണെന്നും അതു നിഷേധിക്കുന്ന രാജ്യങ്ങളിലാണ് അസ്സമാധാനം വിളയാടുന്നതെന്നും, അത് മനുഷ്യാന്തസ്സിന്‍റെ തന്നെ നിഷേധമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മതം കലഹത്തിന്‍റെയോ സംഘര്‍ഷത്തിന്‍റെയോ സ്രോതസ്സല്ലായെന്നും അത് ഒരിക്കലും രാഷ്ട്രത്തിനോ സമൂഹത്തിനോ പ്രശ്നമാകുന്നില്ലായെന്നും, തന്‍റെ അപ്പസ്തോലിക അരമനയില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ ലോകത്തിലെ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികളോടായി മാര്‍പാപ്പ പ്രസ്താവിച്ചു. ഇറാക്ക്, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ അവരുടെ ഏറ്റവും പ്രിയപ്പെട്ട മഹോത്സവമായ ക്രിസ്തുമസ്സ് ദിനത്തില്‍ അഴിച്ചുവിട്ട അധിക്രമങ്ങളെ പാപ്പ എടുത്തു പറയുകയും അപലപിക്കുകയും ചെയ്തു. സമാധാനം വളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് മനുഷ്യര്‍ സ്വതന്ത്രമായി അവരുടെ ഹൃദയങ്ങളിലും, ജീവിതത്തിലും, മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും ദൈവത്തെ അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോഴാണെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. അടിസ്ഥാനപരമായി മതാത്മകതയുള്ള മനുഷ്യന്‍റെ അന്തസ്സിനെതിരായ ക്രൂരമായ അധിക്രമണമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നു നടക്കുന്നതെന്നും ഈ വസ്തുതയിലേയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധകൊണ്ടു വരുവാന്‍ താന്‍ പലതവണ പരിശ്രമിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ നയതന്ത്ര പ്രതിനിധികളോട് പ്രഖ്യാപിച്ചു.
അനീതിയും അക്രമവും വളര്‍ത്തുവാന്‍ പ്രേരകമാകുന്ന പാക്കിസ്ഥാന്‍റെ ദൈവദൂഷണനിയമം റദ്ദുചെയ്യേണ്ടതാണെന്നു പ്രസ്താവിച്ച മാര്‍പാപ്പ, പീഡനങ്ങള്‍കൊണ്ട് ജന്മനാടു വിട്ടുപോകുവാന്‍ പ്രേരിതരാകുന്ന ഇറാക്കിലെ ക്രൈസ്തവരെ അനുസ്മരിക്കുകയും, തനിക്കതിലുള്ള ശക്തമായ വിയോജിപ്പ് പ്രകടമാക്കുകയും ചെയ്തു. പശ്ചാത്യ രാജ്യങ്ങളിലും മതാത്മകമായി അസ്വാതന്ത്ര്യത്തിന്‍റെ നൂതന ഭാവങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സമൂഹജീവിതത്തില്‍ മതങ്ങളുടെ പ്രസക്തി തള്ളിക്കളയുവാനും നശിപ്പിക്കുവാനുള്ള മനോഭാവം യൂറോപ്പില്‍ വളര്‍ന്നു വരുന്നത് മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണെന്ന് പാപ്പ പ്രസ്താവിച്ചു. മതാത്മക ജീവിതത്തെ പൂര്‍ണ്ണമായും മാനിക്കുന്ന രാഷ്ട്രനയങ്ങളിലൂടെ ശാശ്വതവും സുസ്ഥിരവുമായ സമാധാനം ലോകത്തു കൈവരിക്കാനുള്ള ഉറച്ച തീരുമാനത്തില്‍ മുന്നോട്ടു ചരിക്കണമെന്ന ആഹ്വാനത്തോടെ മാര്‍പാപ്പ നയതന്ത്രപ്രനിധികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.







All the contents on this site are copyrighted ©.