2011-01-08 16:20:54

സുവിശേഷപരിചിന്തനം – 09 ജനുവരി 2011 ഞായര്‍
കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍


(ലത്തീന്‍ റീത്തിലെ ആരാധന ക്രമമനുസരിച്ച്)

ക്രിസ്തുമസ്സ് മഹോത്സവത്തെ തുടര്‍ന്ന് നാം ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തിരുനാള്‍ കഴിഞ്ഞ ആഴ്ചയില്‍ ആഘോഷിച്ചു.
തുടര്‍ന്ന് ആരാധനക്രമത്തില്‍ നാം അവിടുത്തെ ജ്ഞാനസ്നാനത്തിരുനാള്‍ ആഘോഷിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആഖ്യാനത്തിലുടനീളം മനുഷ്യനോടുള്ള കൂട്ടായ്മയില്‍ ആനന്ദിക്കുകയും അതു മുറിഞ്ഞു പോകുന്നതില്‍ ദുഃഖിക്കുകയും ആ ബന്ധം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി നിരന്തരം ഉത്സുകനാകുകയും ചെയ്യുന്ന ദൈവത്തിന്‍റെ ദീപ്തമാകുന്ന ചിത്രമാണ് നാം കാണുന്നത്. ദൈവത്തിന്‍റെ മനുഷ്യാന്വേഷണ-കഥയാകയാലാണു ബൈബിളിനെ രക്ഷാകര ചരിത്രം എന്നു വിളിക്കുന്നത്. രക്ഷാകര ചരിത്രത്തിന്‍റെ പൂര്‍ത്തീകരണം ക്രിസ്തു സംഭവത്തിലാണ്. ക്രിസ്തു സംഭവം, ക്രിസ്തുമസ്സില്‍ മാത്രമല്ല, അതിന്‍റെ വിളംബരംതൊട്ട് ആരംഭിക്കുന്നു. ആ വിളംബരമാവട്ടെ പ്രവാചകന്മാരുടെ വാക്കുകളോളം പിന്നിലേയ്ക്കു നീണ്ടുപോകുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ദൈവത്തിന്‍റെ മനുഷ്യാന്വേഷണത്തിന്‍റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമാകുന്ന ഒരു സംഭമാണ് ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ നാന്നിയായ ജ്ഞാനസ്നാന സംഭവം.

ഭാരതത്തില്‍ പൊതുവെയും, കേരളത്തിലും ഒട്ടുമിക്ക ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് പുഴയോരങ്ങളിലോ തടാകങ്ങളുടെ തീരങ്ങളിലോ ആണ്. അല്ലെങ്കില്‍ ക്ഷേത്ര പരിസരത്ത് ക്ഷേത്രക്കുളങ്ങള്‍ കാണും. തൊഴാന്‍ പോകുന്നതിനുമുന്‍പ് ജനങ്ങള്‍ക്ക് ദേഹശുദ്ധി വരുത്താമെന്നതുതന്നെ മുഖ്യകാരണം. ദൈവസ്ഥാനങ്ങളില്‍ ദേഹശുദ്ധിയും, സ്ഥലശുദ്ധിയും, മനഃശുദ്ധിയും പാലിക്കണമെന്നത് ഭാരതീയ ദര്‍ശനമാണ്. മുസ്ലീം സഹോദരങ്ങള്‍ നമസ്കാരത്തിനു പള്ളിയില്‍ കയറുന്നതിനു മുന്‍പ് കാലുകഴുകുന്നു. ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട മതങ്ങള്‍ക്കും ഈ കര്‍മ്മാനുഷ്ഠാന ശുദ്ധീകരണം, ദേഹശുദ്ധി പ്രാര്‍ത്ഥിക്കുന്നതിനു മുന്‍പ് ഉള്ളതായി കാണാം
യേശുവിന്‍റെ കാലത്തെ യഹൂദാചാരവും ഇതുതന്നെയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ദൈവാലയത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പ് ഒരു ശുദ്ധികര്‍മ്മം പ്രതീകാത്മകമായെങ്കിലും നടത്തിയിരുന്നു. അതുപോലെ പലസ്തീനായില്‍ അക്കാലത്തുണ്ടായിരുന്ന സന്യാസ സമൂഹങ്ങളും പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ദേഹശുദ്ധിയെന്ന അനുഷ്ഠാനം ഉണ്ടായിരുന്നതായി കാണാം. യോഹന്നാന്‍ ഇതുപോലെ ആചാരാനുഷ്ഠാനമുള്ള ഒരു സമൂഹത്തിലെ അംഗമായിരുന്നെന്നും അതിന്‍റെ ചുവടുപിടിച്ചായിരിക്കണം യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ ജനങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്കിയത്, എന്നാണ് നിരൂപകന്മാരുടെ അഭിപ്രായം.. പ്രാര്‍ത്ഥനവഴി ആര്‍ജ്ജിക്കുവാനാഗ്രഹിക്കുന്ന ആന്തരിക വിശുദ്ധിയുടെ ബാഹ്യപ്രതീകമാണീ ദേഹശുദ്ധി. യോഹന്നാന്‍ യോര്‍ദ്ദാനില്‍ നല്കിയ ജ്ഞാനസ്നാനവും ആന്തരീകമായി പാപവിമോചനത്തിലേയ്ക്കും മാസാന്തരത്തിലേയ്ക്കുമുള്ള ഒരു വിളിയായിരുന്നിരിക്കണം.

യേശു പാപരഹിതനായിരുന്നു. പിന്നെന്തിന് അവിടുന്ന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ യോഹന്നാന്‍റെ പക്കലേയ്ക്കു പോയി?
പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു (ഫിലിപ്പിയര്‍ 2, 6-7). പ്രകൃത്യാ ദൈവമായിരുന്ന അവിടുന്നു ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. എന്നാല്‍ അവിടുന്നു സ്വയം ശൂന്യനാക്കിക്കൊണ്ടു ദാസന്‍റെ പ്രകൃതി സ്വീകരിച്ചു. അവിടുന്നു മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു. അതേ, കുരിശുമരണത്തോളം അനുസരണയുള്ളവനായി തീര്‍ന്നു അവിടുന്ന്.
ദൈവപുത്രന്‍ മനുഷ്യനാവുക മാത്രമല്ല, എല്ലാ കാര്യങ്ങളിലും അവിടുന്ന് മനുഷ്യര്‍ക്ക് സദൃശ്യനായി ജീവിച്ചു. മനുഷ്യരോടുള്ള ഈ സമാനതയില്‍ അവിടുന്ന് മറ്റുള്ളവരെപ്പോലെ യോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ സന്നദ്ധനായി നില്ക്കുന്നു.

മനുഷ്യാവതാരം, ദൈവം മാംസംധരിച്ച സത്യം, വെറും മനുഷ്യനായി തീരുക എന്നതിനുമപ്പുറം കടക്കുന്നുണ്ട്. പാപമെന്നതിന്നൊഴികെ മറ്റെല്ലാറ്റിനും അവിടുന്ന് മനുഷ്യര്‍ക്കു സമനായി ജീവിച്ചു. പാപികളെ ദൈവത്തിങ്കലേയ്ക്കു വിളിക്കുവാന്‍ ക്രിസ്തു പാപികളോടൊപ്പം നില്കുന്നു. അവരോടൊത്തു ഭക്ഷണം കഴിക്കുന്നു. അവരോടൊപ്പമായിരിക്കുന്നു. എല്ലാം അവരെ ദൈവത്തിങ്കലേയ്ക്ക്, പിതാവിങ്കലേയ്ക്ക് തിരകെ കൊണ്ടുവരുവാന്‍ വേണ്ടിയായിരുന്നു. ജ്ഞാനസ്നാനം യേശുവിന്‍റെ ജീവിതത്തിലും മനുഷ്യന്‍റെ രക്ഷാകര പദ്ധതിയിലുമുള്ള വലിയൊരു സംഭവമെന്നു മാത്രമല്ല, അത് ദൈവപുത്രന്‍റെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണെന്നു പറയാം.
ക്രിസ്തുമസ്സ്... ബതലഹേമിലെ ജനനം ആദ്യത്തെ പ്രത്യക്ഷീകരണമാണ്. കാലിത്തൊഴുത്തിലെത്തിയ ഇടയന്മാര്‍ക്ക് അവിടുന്ന് രക്ഷകനാണെന്ന സദ്വാര്‍ത്ത ആദ്യമായി വെളിപ്പെടുത്തി കൊടുക്കുന്നു.
രണ്ടാമത്തേത്, കിഴക്കുനിന്നെത്തിയ രാജര്‍ഷികള്‍ക്കു നല്കിയ ആഗോള ദര്‍ശനമുള്ള പ്രത്യക്ഷീകരണമാണത്. മൂന്നാമത്, അവിടുത്തെ ജ്ഞാനസ്നാനം.... ഗലീലിയായിലെ യഹൂദ വംശജരുടെ മദ്ധ്യേയുള്ള പ്രത്യക്ഷീകരണം ക്രിസ്തുവിലുള്ള പിതൃസാന്നിദ്ധ്യവും, ദൈവീക സാന്നിദ്ധ്യവും ലോകത്തിന് കൂടുതല്‍ വെളിപ്പെടുത്തി കൊടുക്കുന്നതാണ്.

യോര്‍ദ്ദാനിലെ മാമ്മോദീസായിലാണ് ക്രിസ്തുവിന്‍റെ ദിവ്യത്വത്തിന്‍റെ ആവിഷ്ക്കാരം ഏറ്റവും പൂര്‍ണ്ണമായി കാണുന്നത്. പിതാവും പരിശുദ്ധാത്മാവും പ്രത്യേക രീതിയില്‍ സന്നിഹിതരായിക്കൊണ്ട് പുത്രനെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ പ്രത്യക്ഷീകരണം. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും പ്രത്യക്ഷത്തില്‍ അവിടെ സന്നിഹിതരാകുന്നു. ജലത്തില്‍ നിന്നുയര്‍ന്ന ദൈവപുത്രന്‍റെമേല്‍ മാടപ്രാവിന്‍റെ രൂപത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങി വരികയും, ഇവന്‍ എന്‍റെ പ്രിയ പുത്രനാകുന്നു, എന്ന പ്രഖ്യാപനത്തിലൂടെ പിതാവായ ദൈവം തന്‍റെ സാന്നിദ്ധ്യം അവിടെ വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങനെ നൂറ്റാണ്ടുകളായി വിച്ഛേദിക്കപ്പെട്ടിരുന്ന ദൈവമനുഷ്യബന്ധം പുനഃസ്ഥാപിക്കപ്പെട്ടു, പുനഃരാവിഷ്ക്കരിക്കപ്പെടുന്നു.

ജ്ഞാനസ്നാനം ക്രിസ്തുവിന്‍റെ ഏറ്റവും വലിയ വെളിപ്പെടുത്തലാണ്.
കാരണം ദൈവാരൂപി തന്നില്‍ വസിക്കുന്നുവെന്ന് ദൃശ്യ-ശ്രാവ്യ ഭാവങ്ങളില്‍ ലോകത്തിന് അനുഭവവേദ്യമാക്കിയ സംഭവമാണത്. തുടര്‍ന്ന്, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായി ക്രിസ്തു പ്രാര്‍ത്ഥിക്കുവാനും, പിതാവുമായി ഒന്നായിരിക്കുവാനും അവിടുത്തെ ഹിതമറിയുന്നതിനും മരുപ്രദേശത്തേയ്ക്കു പോയി എന്നാണ് നാം സുവിശേഷങ്ങളില്‍ വായിക്കുന്നത്. എന്നിട്ടാണ് ക്രിസ്തു തന്‍റെ ദൗത്യം ആരംഭിക്കുന്നത്, പിതാവിന്‍റെ സ്നേഹം ലോകത്തെ അറിയിക്കുന്നതിനും, രോഗികളെ സുഖപ്പെടുത്തുന്നതിനും, ബന്ധിതരെ മോചിപ്പിക്കുന്നതിനും, പാപം പൊറുക്കുന്നതിനും, പരമമായി നമ്മെ മരണത്തില്‍നിന്നും മോചിപ്പിക്കുവാനും നിത്യജീവനിലേയ്ക്കാനയിക്കുവാനുമുള്ള രക്ഷാകര ദൗത്യം ആരംഭിക്കുന്നത്.

ക്രിസ്തു ശിഷ്യര്‍, ക്രൈസ്തവ മക്കള്‍ സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരമാണിത്. പാപമോചനത്തിനുള്ള ആഗ്രഹത്തോടും രക്ഷയിലുള്ള വിശ്വാസത്തോടുംകൂടെ തീര്‍ത്ഥസ്നാനം നടത്തുന്നവരെ ചിലപ്പോള്‍ ചിലര്‍ അവഹേളിച്ചെന്നു വരാം. ക്രൈസ്തവ ജ്ഞാനസ്നവും പരിഹസിക്കപ്പെടാം....
ശിരസ്സില്‍ കുറച്ചു ജലം ഒഴിക്കുമ്പോള്‍ നമുക്ക് രക്ഷ അല്ലെങ്കില്‍ മോചനം ലഭിക്കുമെന്ന വസ്തുത അത്യാധുനീക യുഗത്തില്‍ അസ്വീകരിമാകാം.

ജ്ഞാനസ്നാനമെന്ന കൂദാശയാല്‍ നാം ക്രിസ്തുവില്‍ ഒന്നാക്കപ്പെടുകയാണ്.
കൂദാശ ദൈവസ്നേഹത്തിന്‍റെ പ്രതീകമാണ്. ക്രിസ്തുവിന്‍റ ദൈവിക ജീവനില്‍ ഓരോ ക്രൈസ്തവനും പങ്കുചേരുന്നതിന്‍റെ ബാഹ്യമായ അടയാളമാണ് നാം സ്വീകരിക്കുന്ന ജ്ഞാനസ്നാനം. ജ്ഞാനസ്നാനംവഴി ക്രിസ്തു ദൈവപുത്രനായി പ്രഘോഷിക്കപ്പെടുന്നതുപോലെ, നാമും ദൈവമക്കളായി തീരുന്നു. ജ്ഞാനസ്നാനത്തില്‍ ക്രിസ്തുവിന്‍റെ ദൈവാരൂപി ആവസിച്ചതുപോലെ, ക്രിസ്തുവിന്‍റെ അരൂപി ജ്ഞാനസ്നാനത്തിലൂടെ ക്രൈസ്തവ മക്കള്‍ക്കു ലഭിക്കുന്നു. ക്രിസ്തുവിനെപ്പോലെ ദൈവസ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനെപ്പോലെ ദൈവസ്നേഹത്തിന്‍റെ പ്രബോധകരാകുവാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെയും ജ്ഞാനസ്നാന നാളില്‍, നാം ദൈവത്തിന്‍റെ പ്രിയ പുത്രരും പുത്രിമാരുമാണ് എന്ന ദൈവീക സ്വരമാണ് കേട്ടിട്ടുള്ളത്. ജ്ഞാനസ്നാനാവസരത്തില്‍ വെള്ള വസ്ത്രമാണ് കുഞ്ഞുങ്ങളെ അണിയിക്കുന്നത്. പ്രതീകാത്മകവും അര്‍ത്ഥവത്തുമാണത്. നമ്മുടെ ക്രൈസ്തവ പദവിയുടെ ബാഹ്യചിഹ്നമാണത്. ക്രിസ്തുവിനെയാണ് നാം വസ്ത്രമായണിയുന്നത്. ക്രിസ്തുവില്‍ ലഭിക്കുന്ന ക്രൈസ്തവ പദവിയുടെ ബാഹ്യചിഹ്നമാണാ വെള്ളവസ്ത്രം. ക്രൈസ്തവ പദവിയുടെ പാവനതയാണ് അതു സൂചിപ്പിക്കുന്നത്. പരിപാവനമായ ക്രൈസ്തവ പദവി മലിനപ്പെടുത്താതെ കാത്തുസൂക്ഷിച്ച് നിത്യായുസ്സു പ്രാപിക്കുക, എന്നാണ് ജ്ഞാനസ്നാന കര്‍മ്മത്തില്‍ കാര്‍മ്മികന്‍ ഓരോ കുഞ്ഞിനുംവേണ്ടിയും പ്രാര്‍ത്ഥിക്കുന്നത്.

വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് നമ്മുടെ ഓരോരുത്തരുടേയും മാമ്മോദീസാ. എത്ര വലുതായോ ചെറുതായോ അതു നാം ആഘോഷിച്ചു എന്നതിലല്ല. ആഘോഷങ്ങളുടെ പൊള്ളത്തരത്തിന് പ്രസക്തിയില്ല, മറിച്ച്, ജ്ഞാനസ്നാനത്തിന്‍റെ ആന്തരീകാര്‍ത്ഥം ഗ്രഹിക്കാനാണ് നാം ശ്രമിക്കേണ്ടത്.. ക്രിസ്തുനാഥന്‍റെ മാമ്മോദീസായില്‍ എന്നതുപോലെ, നമ്മുടെ മാമ്മോദീസായുടെ സമയത്തും ഈ ദൃശ-അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിദ്ധ്യവും, ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു, എന്ന പ്രഖ്യാപനവും അവിടെ ഉണ്ടാകുന്നുണ്ട്. ദൈവമക്കളുടെ സ്ഥാനത്തേയ്ക്കു നാം ഉയര്‍ത്തപ്പെടുന്നുണ്ട്. നമ്മള്‍ പരിശുദ്ധാരൂപിയുടെ സജീവ ആലയമായിത്തീരുന്നു. ഇനി ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു, എന്നു വിശുദ്ധ പൗലോസിനോടുകൂടെ നമുക്കു പറയാന്‍ സാധിക്കുന്നു. മാമ്മോദീസായില്‍ നമ്മില്‍ സംഭവിച്ച ഈ അത്ഭുതംവഴി, വലിയ ഉത്തരവാദിത്വവും ഓരോ ക്രിസ്തു ശിഷ്യനും ഏറ്റെടുക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ ജീവിതവും പ്രവൃത്തികളുമാണ് നമ്മില്‍ പ്രത്യക്ഷപ്പെടേണ്ട്ത്. അവിടുന്നു നമ്മിലൂടെ അവിഷ്കൃതനാകണം. നമ്മളോരോരുത്തരും മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടണം.

യേശുവിനെപ്പോലെയാവണം എനി-
ക്കേശുവിനെ പോലെയാവണം
നാടുനീളെ നന്മചെയ്ത് പോയ നാഥനാം
യേശുവിനെ പോലെയാവണം.
എന്ന പൗലോസ് അപ്പസ്തോലന്‍റെ ആശയം നാം അനുദിനം ജീവിക്കേണ്ടതാണ്.

മനുഷ്യരാശിയുടെ വിമോചനത്തിന്‍റെ ഉത്സവമാണ് ക്രിസ്തുമസ്സെങ്കില്‍,. ജീവനിലേയ്ക്കുള്ള വഴിയാണ് ക്രിസ്തു തുറന്നുതരുന്ന ജ്ഞാനസ്നാന തിരുനാള്‍ മഹോത്സവം. അവിടുത്തെ കാല്‍ച്ചുവടുകള്‍ നോക്കി നടക്കേണ്ടത് ഓരോ ക്രിസ്തു ശിഷ്യന്‍റെയും ജീവിതലക്ഷൃവും ഉത്തരവാദിത്വമാണ്. സ്നേഹത്തിന്‍റെയും ആത്മദാനത്തിന്‍റെയും വഴിയിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിലേയ്ക്ക് ക്രിസ്തുവില്ലാത്ത വഴി തിരഞ്ഞെടുക്കാനാവില്ല. End.







All the contents on this site are copyrighted ©.