2011-01-06 19:32:58

സമ്മാനങ്ങളുമായി
പാപ്പ ജെമേല്ലിയിലെ
ശിശുപരിചരണ വിഭാഗത്തില്‍


6 ജനുവരി 2011
പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ രോഗികളായ കുട്ടികളുടെ പക്കലേയ്ക്ക് സാന്ത്വന സന്ദര്‍ശനം നടത്തി. ജനുവരി 5-ാം തിയതി വൈകുന്നേരമാണ് മാര്‍പാപ്പ വത്തിക്കാനു പുറത്തുള്ള ഇറ്റലിയിലെ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തിലുള്ള ജെമേല്ലി ആശുപത്രിയുടെ ശിശുപരിചരണ വിഭാഗം പ്രത്യേകമായി സന്ദര്‍ശിച്ചത്.
മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ പാരമ്യമായി ദൈവം നമുക്കേവര്‍ക്കും നല്കിയ ഏറ്റവും വലിയ സമ്മാനമായ ക്രിസ്തുവിന്‍റെ നാമത്തിലാണ് പ്രത്യക്ഷീകരണ തിരുനാളില്‍ പ്രതീകാത്മകമായിട്ട് താനും ഈ ആശുപത്രിയില്‍ വാത്സല്യത്തോടും സ്നേഹത്തോടുംകൂടെ കുട്ടികളുടെ പക്കല്‍ എത്തുന്നതെന്ന് മാര്‍പാപ്പ തന്‍റെ ലഘു പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
ദൈവം ഒരു ശുശുവായി ഈ ഭൂമിയില്‍ പിറന്നത് നമ്മോടുള്ള സ്നേഹത്തിന്‍റെ അടയാളമായിട്ടാണെങ്കില്‍, ഈ ലോകത്തു പിറക്കുന്ന ഓരോ കുഞ്ഞും ദൈവസ്നേഹത്തിന്‍റെ പാവനമായ മുഖമാണെന്ന് മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. ജീവന്‍റെ പരിരക്ഷണവും ഉത്തരവാദിത്വ പൂര്‍ണ്ണായ കുഞ്ഞുങ്ങളുടെ പ്രത്യുല്പാദനവും പരിപോഷിപ്പിക്കുന്ന പോള്‍ ആറാമന്‍ പാപ്പയുടെ പേരിലുള്ള ആശുപത്രിയിലെ പ്രത്യേക ശാസ്ത്രീയ വിഭാഗത്തെയും മാര്‍പാപ്പ അഭിനന്ദിച്ചു.
റോഡുമാര്‍ഗ്ഗം റോമിലെ മോന്തേ മാരിയോയിലുള്ള ആശുപത്രിയില്‍
വൈകുന്നേരം 5 മണിക്കെത്തിയ മാര്‍പാപ്പയെ കൈകളില്‍ കുഞ്ഞുങ്ങളേയുമേന്തിനിന്ന ധാരാളം അമ്മമാരും ആശുപത്രിയിലെ സ്റ്റാഫും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂറോളം ആശുപത്രി-സന്ദര്‍ശനത്തില്‍ ചിലവൊഴിച്ച മാര്‍പാപ്പ വൈകുന്നേരം ആറരമണിയോടെ വത്തിക്കാനിലേയ്ക്കു മടങ്ങി.

മനഃശ്ശാസ്ത്ര വിദഗ്ദനും വൈദ്യനുമായിരുന്ന ഫാന്‍സിസ്കന്‍ വൈദികന്‍ അഗസ്തീനോ ജെമേല്ലിയുടെ പേരില്‍ 1921-ല്‍ ആരംഭിച്ച ചെറിയ ആശുപത്രിയാണ് ഇന്ന് 2000 കിടക്കകളുള്ള ഇറ്റലിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും മെഡിക്കല്‍ കോളെജുമായി വളര്‍ന്നത്. 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വധശ്രമത്തെ തുടര്‍ന്ന്, വെടിയേറ്റ പാപ്പയെ വിജയപ്രദമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് ജെമേല്ലി ആശുപത്രിയിലാണ്. അതോടെയാണ് ജെമേല്ലി ലോകശ്രദ്ധ ആകര്‍ഷിച്ചത്. മാര്‍പാപ്പയുടെ പരിചരണത്തിനായി എന്നും ഒരു പ്രത്യേക മുറി ഒരുക്കിവച്ചിരിക്കുന്നുവെന്നതും ജെമേല്ലി ആശുപത്രിയുടെ മാത്രം പ്രത്യേകതയാണ്.
 







All the contents on this site are copyrighted ©.