2011-01-06 19:26:15

പ്രത്യക്ഷീകരണം സഭയുടെ സാര്‍വ്വത്രികതയും
സുവിശേഷവത്ക്കരണ ദൗത്യവും വെളിപ്പെടുത്തുന്നു


6 ജനുവരി 2011
പ്രത്യക്ഷീകരണ തിരുനാളില്‍ മാര്‍പാപ്പ പ്രത്യേക തൃകാല പ്രാര്‍ത്ഥനാ സന്ദേശം നല്കി.
യൂറോപ്പില്‍ ജനുവരി 6-ാം തിയതി എന്നും ആഘോഷിക്കപ്പെടുന്ന പ്രത്യക്ഷീകരണ തിരുനാളില്‍ പതിവില്‍ കൂടുതല്‍ വിശ്വാസികളും തീര്‍ത്ഥാടകരും വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞു കവിഞ്ഞു നിന്നിരുന്നു. റോമാ പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും റോമിനു പുറത്തുനിന്നുമായി പ്രത്യേകമായെത്തിയിരുന്ന വേഷപ്രച്ഛന്നരായ രാജാക്കളുടെയും പരമ്പരാഗത രൂപങ്ങളുടെയും ഘോഷയാത്രയും, ഗ്രാമീണവേഷമണിഞ്ഞ സ്ത്രീ പുരുഷന്മാരും യുവാക്കളും കുട്ടികളും, വാദ്യമേളക്കാരും, അലംകൃത കുതിര സവാരിക്കാരുമെല്ലാം പ്രത്യക്ഷീകരണ മഹോത്സവത്തിന് ഹരമായും കൗതുകമായും ചത്വരം നിറഞ്ഞുനിന്നിരുന്നു. സമൂഹബലിയര്‍പ്പണത്തിന്‍റെ അന്ത്യത്തില്‍ മാര്‍പാപ്പ സവിശേഷദിനങ്ങളില്‍ നല്കാറുള്ള തൃകാലപ്രാര്‍ത്ഥനാ സന്ദേശത്തിനായി തന്‍റെ പഠനമുറിയുടെ ജാലകത്തില്‍ വന്നണഞ്ഞു. യുഗങ്ങള്‍ കാത്തിരുന്ന്, അവസാനം ബതലഹേമില്‍ കന്യകാ മറിയത്തില്‍നിന്നും ജാതനായവന്‍ ലോക രക്ഷകനാണെന്ന് പ്രഘോഷിക്കപ്പെടുന്നതാണ് പ്രത്യക്ഷീകരണ മഹോത്സവത്തിന്‍റെ പൊരുളെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. കിഴക്കു നിന്നെത്തിയ രാജര്‍ഷികള്‍ ബതലേഹമിലെത്തി ഉണ്ണയേശുവെ വണങ്ങി, അവിടുത്തേയ്ക്ക് പൊന്നും മീറയും കുന്തുരുക്കവും കാഴ്ചവച്ചുവെന്ന് സുവിശേഷങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ (മത്തായി 2, 1-12), സഭയുടെ സാര്‍വ്വത്രിക സ്വഭാവവും ജനതകളോട് സുവിശേഷം പ്രഘോഷിക്കുവാനുള്ള വിളിയും ഈ മഹോത്സവം വിശ്വസികളെ അനുസ്മരിപ്പിക്കുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
സന്ദേശം അവസാനിപ്പിച്ച മാര്‍പാപ്പ എല്ലാവരോടുമൊപ്പം തൃകാല പ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് വിവിധ ഭാഷകളില്‍ ചത്വരത്തില്‍ തിങ്ങിക്കൂടയവരെ അഭിസംബോധനചെയ്ത മാര്‍പാപ്പ, ആംഗലഭാഷയില്‍ ഇങ്ങനെ പ്രസ്താവിച്ചു.
ജനുവരി 7-ാം തിയതി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് മാര്‍പാപ്പ പ്രത്യേക ആശംസകള്‍ നേര്‍ന്നു.
ക്രിസ്തുവില്‍ നമുക്കു ലഭ്യമായ ദൈവസ്നേഹത്തിന്‍റെ പ്രഭ, മാംസംധരിച്ച വചനം എവരുടെയും വിശ്വാസത്തെയും പ്രത്യാശയെയും ഉപവിയെയും ബലപ്പെടുത്തട്ടെയെന്നും, പീഡനങ്ങള്‍ക്കു വിധേയരായി ക്രിസ്തുവിന് സാക്ഷൃമേകുന്ന സമൂഹങ്ങളെ ശക്തിപ്പെടുത്തട്ടെയെന്നും പാപ്പ ആശംസിച്ചു.
 







All the contents on this site are copyrighted ©.