2011-01-02 15:24:08

സമാധാനം ദൈവീക ദാനം,
സമാധാന ദാതാവിനെ ലോകത്തിനു നല്കിയവള്‍ മറിയം
The solemnity of Mother of God


01 ജനുവരി 2011
(2011 ജനുവരി ഒന്നാം തിയതി രാവിലെ, ദൈവമാതൃത്വ മഹോത്സവത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സമൂഹ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് വചനപ്രഘോഷം നടത്തുകയും ലോകസമാധാനദിന സന്ദേശം നല്കുകയും സമാധാനത്തിനായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കുകയുംചെയ്തു.)
മാര്‍പാപ്പ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

ചരിത്രത്തില്‍ ഇന്ന് മുദ്രണംചെയ്തിരിക്കുന്ന പരിതാപകരമായ പല സംഭവങ്ങളുടെ പശ്ചാത്തലത്തിലും, പൂര്‍ണ്ണമായി ഇനിയും വിട്ടുമാറാത്ത യുദ്ധത്തിന്‍റെയും മതവിദ്വേഷത്തിന്‍റെയും ചുറ്റുപാടുകളിലും, ദൈവത്തിനു മാത്രമേ മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളെ സ്പര്‍ശിച്ച് സൗഖ്യവും സമാധാനവും നല്ക്കുവാനാവുകയുള്ളൂ. ഈ പുതുവത്സരത്തിന്‍റെ ആരംഭദിനത്തില്‍ ലോകസമാധാനത്തിലുവേണ്ടി ആഗോള സഭ പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം അര്‍ത്ഥവത്തായി തുടരുകയാണ്.
പുതിയ സരണികള്‍ തുറന്നുകൊണ്ട് സമാധാനത്തിന്‍റെ പാതയില്‍ സഭ ഉറച്ചചുവടുകള്‍ വയ്ക്കാനാഗ്രഹിക്കുന്നു. ചരിത്രത്തിന്‍റെ ക്രൂരവും അക്രമപരവുമായ ഒരു മുഖമാണ് ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തിനായി കേഴുന്ന സ്ത്രീ-പുരുഷന്മാരുടെയും, കുട്ടിക്കകളുടെയും പ്രായമായവരുടെയും മുറവിളിയായി നാം കേള്‍ക്കുന്നത്.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം, (ലൂക്കാ 2, 14) എന്ന് മാലാഖമാര്‍ വിളംമ്പരംചെയ്ത സമാധാനത്തിന്‍റെ കാഹളം ഇന്ന് ലോകത്ത് വീണ്ടും മാറ്റൊലിക്കൊള്ളട്ടെയെന്നും, സമാധാനത്തിന്‍റെ പാതയില്‍ ഉറച്ച തീരുമാനങ്ങളെടുത്ത് മുന്നോട്ടു നീങ്ങുവാന്‍ രാഷ്ട്രങ്ങള്‍ക്കു കഴിയട്ടെയെന്നും നമുക്ക് പ്രത്യേകമായി ഇന്നേ ദിവസം പ്രാര്‍ത്ഥിക്കാം.

കാലത്തിന്‍റെ സമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിട്ന്ന സ്ത്രീയില്‍നിന്നു ജാതനായി, ഗലാത്തിയര്‍ 4, 4.
ഇന്നത്തെ വചനത്തില്‍ പൗലോസ് അപ്പസ്തോലന്‍, ക്രിസ്തു നേടിയ രക്ഷാകര ജോലിയില്‍ മറിയത്തിനുള്ള സ്ഥാനം ഇങ്ങനെയാണ് വിവരിക്കുന്നത്. തന്‍റെ സുതന്‍ സ്ത്രീയിലൂടെ ജാതനാകുവാന്‍ ദൈവം തിരുവുള്ളമായി.
കാലത്തിന്‍റെ തികവില്‍ യാഥാര്‍ത്ഥ്യമായ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ
ഈ പുതുവസ്തരപ്പുലരിയിലും, ഉന്നതത്തില്‍ ഉദയംചെയ്യുന്ന സൂര്യനിലേയ്ക്ക് അനുദിനം സസന്തോഷം നടന്നടുക്കുവാനുള്ള ഒരു ക്ഷണംപോലെ മനുഷ്യകുലത്തിന്‍റെ മുന്നില്‍ നില്ക്കുകയാണ്. കാരണം ക്രിസ്തീയ കാഴ്ചപ്പാടില്‍ കാലത്തിന്‍റെയും സമയത്തിന്‍റെയും അധിനാഥന്‍ ദൈവവമാണ്.

ഇന്നത്തെ സുവിശേഷം മറിയത്തിന്‍റെ ദേവമാതൃത്വം സ്ഥിരീകരിക്കുന്നു. പിള്ളക്കച്ചയില്‍ പൊതിഞ്ഞ ശിശുവിനെയും അമ്മയെയും ഒരു പുല്‍ക്കൂട്ടില്‍ നിങ്ങള്‍കാണും (ലൂക്കാ 2, 11) ... കാരണം അവിടുന്ന് മാംസംധരിച്ച ദൈവവചനമാണ് (യോഹന്നാന്‍ 1, 14). സംഭവത്തിന്‍റെ കേന്ദ്രമായ ക്രിസ്തു ദൈവപുത്രനാകയാല്‍, മറിയത്തിന്‍റെ ദേവമാതൃത്വം സ്ഥിരീകരിക്കപ്പെടുന്നു.
ദൈവമാതൃത്വം അതിന്‍റെ ശരിയായ കാഴ്ചപ്പാടില്‍ നില്ക്കുന്നത് ക്രിസ്തുവിനോട് ചേര്‍ന്ന് മറിയത്തെ കാണുമ്പോഴാണെന്ന് പറയേണ്ടതില്ല.
പുത്രനെ മഹിത്വീകരിക്കുന്നതുവഴി അമ്മയും മഹത്വീകരിക്കപ്പെടുന്നു. അമ്മയുടെ മഹത്വം പുത്രനെയും മഹത്വീകരിക്കുന്നു.
അങ്ങിനെ മറിയത്തിന്‍റെ രക്ഷാകര ചരിത്രത്തിലുള്ള ദൈവമാതാവ് എന്ന അന്യൂനമായ സ്ഥാനം സ്ഥിരീകരിക്കപ്പെടുന്നു.
ഈ ദൈവികദാനം മറിയം തനിക്കു മാത്രമായി സ്വീകരിച്ചതല്ല, മറിച്ച് തന്‍റെ ഫലവത്തായ കന്യാത്വത്തില്‍ അത് ലോകത്തിനു മുഴുനുവേണ്ടിയും നല്കുകയായിരുന്നു. ദൈവം മനുഷ്യകുലത്തിന് നിത്യരക്ഷ പ്രദാനംചെയ്യുന്നത് മറിയത്തിലൂടെയാണ്.
അന്നൊരിക്കല്‍ ബദലഹേമിലെ ഇടന്മാര്‍ക്കു നല്കിയതുപോലെ, മറിയം തന്‍റെ മാതൃത്വത്തിന്‍റെ മാദ്ധ്യസ്ഥ്യം ഈ ലോകത്തെ തീര്‍ത്ഥാടകരായ മനുഷ്യകുലത്തിന് ഇന്നും നല്കിക്കൊണ്ടിരിക്കുന്നു. ജീവന്‍റെ ദാതായവായ ക്രിസ്തുവിനെ ലോകത്തിന് സമ്മാനിച്ച മറിയം, മനുഷ്യര്‍ക്ക് ദൈവീക ജീവനാകുന്ന ക്രിസ്തുവിനെ നല്കുവാന്‍ തന്‍റെ മാതൃസഹജമായ വാത്സല്യവും മാദ്ധ്യസ്ഥവും എപ്പോഴും ലഭ്യമാക്കുന്നു. അതുകൊണ്ടുതന്നെ മറിയം കൃപാവരത്തിലേയ്ക്കടുക്കുന്ന ഓരോ മനുഷ്യന്‍റെ അമ്മയും, സഭയുടെ അമ്മയുമാണ്.

ദൈവത്തിന്‍റെ ദാനമാണ് സമാധാനം. ദൈവമാതാവായ മറിയത്തിന്‍റെ നാമധേയത്വത്തില്‍ തന്നെയാണ് 1968-മുതല്‍ ആഗോളസഭ ജനുവരി 1-ാം തിയതി ലോകസമാധാന ദിനമായി ആചരിച്ചുപോരുന്നത്.
മിശിഹാ നല്കുന്ന ഏറ്റവും വലിയ ദാനമാണ് സമാധാനം. ക്രിസ്തു നല്കിയ സ്നേഹത്തിന്‍റെ ആദ്യ ഫലം സമാധാനവും ദൈവവ-മനുഷ്യ അനുരഞ്ജനവുമാണ്. സമാധാനം സമൂഹികമായും രാഷ്ട്രീയമായും നേടിയെടുക്കാവുന്ന ഒരു മൂല്യമാണെങ്കിലും, അത് ക്രിസ്തുവിന്‍റെ മൗതികരഹസ്യത്തില്‍ ഊന്നിയിരിക്കുന്നു. GS77.

44-ാമത് ലോക സമാധാനാചാരണംവഴി ജനമദ്ധ്യേ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനുള്ള സാധ്യതകള്‍ കൂടുതലായി വളരട്ടെ, സഭയിലും ലോകത്തിലും ആഴമായൊരു സമാധാനത്തിന്‍റെ മനസ്സാക്ഷി വളര്‍ന്നു വരട്ടെ.
ലോകമെമ്പാടുമുള്ള സഭാസമൂഹം ആഗോള സഭയുടെ പ്രബോധനാധികാരത്തില്‍ സ്ഥായിയായ സമാധാനം ലോകത്തു വളര്‍ത്തുന്നതിന് സുവിശേഷാദര്‍ശങ്ങളുടെയും മൂല്യങ്ങളുടെയും സുരക്ഷിതമായ ഒരു ആത്മീയ പൈതൃകത്തിനായി സമര്‍പ്പിതയാണ്.
മതസ്വാതന്ത്യമാണ് സമാധാനത്തിനുള്ള പാത, എന്ന അടിസ്ഥാനപരമായ നിലപാടാണ് സഭ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ സമാധാനത്തിന്‍റെ ഒരു സമൂഹ്യക്രമം വളര്‍ത്തിയെടുക്കുന്നതിന് ദൈവവും, ധാര്‍മ്മിക മൂല്യങ്ങളും ആത്മീയ മൂല്യങ്ങളും മനുഷ്യനാവശ്യമാണെന്ന് സഭ പഠിപ്പിക്കുന്നു. അതിനാല്‍ അടിസ്ഥാനപരമായ മതസ്വാതന്ത്ര്യം ഏത് ഭരണസംഹിതയും ഉള്‍ക്കൊള്ളേണ്ട അടിസ്ഥാന നിയമമാണെന്നും പ്രഖ്യാപിക്കുന്നു.
മനുഷ്യാസ്ഥിത്വത്തിന്‍റെ ഭാവി തകര്‍ക്കുന്ന രീതിയില്‍ സ്വാര്‍ത്ഥതയും അക്രമങ്ങളും വളര്‍ത്തുന്ന ഒരു ശക്തിയായി മനുഷ്യ സമൂഹത്തിനു നിലനില്ക്കുക സാദ്ധ്യമല്ല, മറിച്ച് സമാധാനത്തിന്‍റെ പ്രയോക്താക്കളായി, വാക്കാല്‍ മാത്രമല്ല, പ്രവൃത്തിയില്‍‍‍‍‍ അര്‍പ്പണത്തോടെ സ്ഥായിയായ സമാധാനത്തിന്‍റെ അരൂപിയില്‍ ജീവിക്കാന്‍, നമ്മുടെ അനുദിന ജീവിത മേഖലകളില്‍ ഓരോ വ്യക്തിയും പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.

ഇന്നേ ദിവസം, ദൈവമാതാവിന്‍റെ മാതൃത്വം ആഘോഷിച്ചുകൊണ്ട് മറിയത്തിലൂടെ സമാധാനരാജാവായ ക്രിസ്തുവിനെ ലോകത്തിന് വീണ്ടും നല്ക്പ്പെടുകയാണ്. ഹൃദയകാഠിന്യമകറ്റി നന്മയും ശാന്തിയും നിലനിര്‍ത്തുന്നതിനും, ഈ ഭൂമുഖത്തെ രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് മറിയത്തെ പ്രസാദവര പൂര്‍ണ്ണയാക്കിയ കര്‍ത്താവിന്‍റെ ആരൂപിയുടെ അനുഗ്രവും യാചിക്കാം. ദൈവമാതാവായ മറിയം ഈ പുതുവത്സരത്തില്‍ നമുക്കൊരോരുത്തര്‍ക്കും, ഈ ലോകത്തിനു മുഴുവനുമായും സമാധാനമാകുന്ന സമ്മാനം തന്‍റെ തിരുക്കുമാരനില്‍നിന്നും നേടിത്തരട്ടെ.
An extract from the homily of the Holy Father delivered at the Solemnity of Mother of God in St. Peter’s Basilica, Vatican, 1 January 2010.








All the contents on this site are copyrighted ©.