2011-01-02 18:59:32

ക്രിസ്തുവില്‍ ലഭിച്ച രക്ഷയുടെ പൂര്‍ണ്ണത
എപ്പോഴും നവീകരിക്കപ്പെടമെന്ന് – മാര്‍പാപ്പ
Homily of the Vespers at the year end


31 ഡിസംമ്പര്‍ 2010
(വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ഡിസംമ്പര്‍ 31-ാം തിയതി, വെള്ളിയാഴ്ച, വര്‍ഷാവസാനദിനത്തില്‍, മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ വചനം പ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്. പരിശുദ്ധ ദിവ്യകാരുണ്യ ആരാധനയുടെ മദ്ധ്യേയാണ് മാര്‍പാപ്പ പുതുവത്സരത്തിനും ദൈവമാതൃത്വ തിരുനാളിനും ഒരുക്കവുമുയുള്ള വചനപ്രഘോഷണം നടത്തിയത്. ഒരു വര്‍ഷക്കാലത്തെ ദൈവീക നന്മകള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് തെ ദേവും എന്ന പരമ്പരാഗത സ്ത്രോത്രഗീതവും ആലപിക്കപ്പെട്ടു. മാര്‍പാപ്പ നല്കിയ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ ആശിര്‍വ്വാദത്തോടെയാണ് സായാഹ്നപ്രാര്‍ത്ഥന സമാപിച്ചത്.)

പിതാവിന്‍റെ സമ്മാനമാണ് മാസംധരിച്ച ക്രിസ്തു, ഇന്നും ജീവിക്കുന്ന സമ്മാനം.
അങ്ങനെ യുഗവും കാലവും ക്രിസ്തുവില്‍ ദൈവസ്നേഹത്താല്‍ സമ്പന്നമായി. ദൈവത്തിന്‍റെ കൃപാസ്പര്‍ശത്താല്‍ അത് രക്ഷയുടെ കാലമായി മാറി. പൗലോസ് അപ്പസ്തോലന്‍ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ,
കാലത്തിന്‍റെ സമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടന്ന് സ്ത്രീയില്‍നിന്നു ജാതനായി, നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ നമ്മെ പുത്രരായി ദത്തെടുക്കേണ്ടതിന് അവിടുന്ന നിയമത്തിന് അധീനനായി ജനിച്ചു. അവിടുന്ന് നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. ഗലാത്തിയര്‍ 4, 4-5. മനുഷ്യനെ പാപത്തില്‍നിന്നും മോചിക്കുവാന്‍ നിത്യത നമ്മിലേയ്ക്കും നമ്മുടെ പരിമിതികളിലേയ്ക്കും ഇറങ്ങിവന്നു എന്നതാണീ സത്യം. നമ്മെ പാപത്തില്‍നിന്നും മോചിച്ച് ദൈവമക്കളാകുവാന്‍ ദൈവം അനാദിമുതല്‍ ആഗ്രഹിച്ച രക്ഷയുടെ കൃപ ക്രിസ്തുവാണ്. കാലത്തിന്‍റെ പൂര്‍ണ്ണതയും തികവുമാണ് ക്രിസതുമസ്സില്‍ നാം ആഘോഷിച്ചത്. ക്രിസ്തുവഴി സകല ജനങ്ങള്‍ക്കുമായി ലഭിച്ച രക്ഷയുടെ പൂര്‍ണ്ണത നാം എപ്പോഴും നവീകരിക്കേണ്ടതാണ്.

മാനുഷിക ജീവിതം ഇന്ന് തിന്മ നിറഞ്ഞതാണ്. എല്ലാവിധ വിഷമതകളും കെടുതികളും ജീവിതത്തില്‍ വന്നു ഭവിക്കുന്നുണ്ട്. ഒരു ഭാഗത്ത് മനുഷ്യന്‍റെതന്നെ തിന്മകൊണ്ട് കാരണമാകുന്നവ, മറുഭാഗത്ത്, ദൗര്‍ഭാഗ്യകരമായ പ്രകൃതി ക്ഷോഭങ്ങളാല്‍ കാരണമാകുന്നവയും.
എന്നാല്‍ ക്രിസ്തുവിന്‍റെ ജനനം ലോകത്തിന് നവമായൊരു സന്തോഷം പകര്‍ന്നു. തിന്മയുടെ ബന്ധനത്തില്‍നിന്ന് ക്രിസ്തു നല്കിയ സ്വാതന്ത്ര്യമാണത്.

സഭയുടെ ആരാധനക്രമം സൂചിപ്പിക്കുന്നതുപോലെ ബദലേഹമില്‍ ജാതനായ ശിശുവില്‍ കാലത്തിന്‍റെ തികവില്‍ നമ്മിലെത്തിച്ചേര്‍ന്ന നിത്യതയെക്കുറിച്ച് ധ്യാനിക്കേണ്ടതാണ്. ദൈവം വിനീതനായി എളിമയില്‍ മര്‍ത്യരൂപമെടുത്തു. ദൈവത്തിന്‍റെ സാന്നിദ്ധ്യവും അവിടത്തെ രക്ഷ നല്കുന്ന സ്നേഹവും എന്നും എപ്പോഴും നമ്മുടെ ജീവിതത്തിന്‍റെ സമാശ്വാസമാകുന്നു, ക്ലേശപൂര്‍ണ്ണമായ സമയങ്ങളില്‍പ്പോലും. നമ്മുടെ ജീവിതത്തിന്‍റെ ഭാരിച്ചതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായ സമയത്ത്, ദൈവത്തിന്‍റെ സാന്നിദ്ധ്യം പുനഃരനുഭവിക്കുവാനുള്ള ഒരു ക്ഷണമാണിത്. നമ്മുടെ ക്ലേശങ്ങളെ ദുരീകരിക്കുവാനും നമ്മെ സമ്പന്നരാക്കുവാനും ദൈവത്തിന്‍റെ കൃപ നമ്മില്‍ നിരന്തരമായി വര്‍ഷിക്കപ്പെടുകയാണ്.
ആസന്നമായ പുതുവത്സരത്തിലെ നമ്മുടെ ദിനങ്ങളും സമയവും കര്‍ത്താവിന് സമര്‍പ്പിക്കുന്നതിനുമുമ്പ്, അവിടുത്തോട് നന്ദി പറയേണ്ടതാണ്. എവര്‍ക്കും നന്ദിപറയുന്നതോടൊപ്പം, ഈ കാലഘട്ടത്തില്‍ നിരാശയുടെയും വേദനയുടെയും നടുവില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാം.
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ തങ്ങളുടെ വിളി വിശ്വസ്തതയോടെ ജീവിക്കുവാനും അവരുടെ വിശ്വാസത്തിന്‍റെ മനോഹാരിതയ്ക്ക് സാക്ഷൃമേകുവാനും ഇടയാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ശരിയായ ക്രിസ്തീയ ആത്മീയതയ്ക്ക് അനുദിനമുള്ള തിരുവചനത്തിന്‍റെ ധ്യാനം അനിര്‍വാര്യമാണ്. ജീവിതത്തില്‍ ദൈവീക അടയാളങ്ങള്‍ കാണുവാന്‍ അനുദിനമുള്ള യാമപ്രാര്‍ത്ഥനയുടെ ധ്യാനം വെളിച്ചം വീശുകയും അങ്ങനെ സുവിശേഷത്തിന് ഫലവത്തായ സാക്ഷൃംവഹിക്കാന്‍ ഇടയാവുകയും ചെയ്യട്ടെ.

ക്രിസ്തുവിന്‍റെ വചനം ശ്രവിക്കുന്നതും അതനുസാരം ജീവിക്കുന്നതുമാണ് വിശ്വാസം. റോമ. 10, 7. പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, അതിനാല്‍, ഇനിയും വചനം, സുവിശേഷം നമ്മുടെ ജനങ്ങള്‍ക്ക് വിശിഷ്യാ വിപരീത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. മാംസംധരിച്ച വചനമായ ക്രിസ്തുവാണ് കാലത്തികവില്‍ ഓരോ മനുഷ്യനും സംസ്കാരത്തിനും ലഭ്യമായത്.
പരിശുദ്ധ കര്‍ബ്ബാന വചനത്തിന്‍റെ ലഭ്യതയ്ക്ക് ഏറ്റവും സ്വീകര്യമായ ഇടമാണ്. ഞായറാഴ്ചകളിലുള്ള ബലിയര്‍പ്പണം ഇതിന് ഏറ്റവും അനുയോജ്യമാണ്. ദൈവിക രഹസ്യങ്ങളുടെ മനോഹാരിത കൂടുതല്‍ മനസ്സിലാക്കുവാനും ആസ്വദിക്കാനും ക്രിസ്തീയ ഉപവി പ്രാവര്‍ത്തികമാക്കാനും ഇതുവഴി സാധിക്കും. കാരണം പിതാവിന്‍റെ അതിരറ്റ സ്നേഹപാരമ്യം ക്രിസ്തു വെളിപ്പെടുത്തിയത് തന്‍റെ ആത്മബലിയിലാണ്, ജീവിതത്തില്‍ പ്രാവര്‍ത്തികമായിട്ടാണ്.

വചനപ്രഘോഷണവും ഉപവി പ്രവര്‍ത്തനവും തമ്മില്‍ ദൈവശാസ്ത്രപരമായി ആഴമായ ബന്ധമുണ്ട്. ഈ ലോകത്തെ നമ്മുടെ ഹൃദയംതുറന്ന ഉപവി പ്രവര്‍ത്തനങ്ങള്‍വഴിയാണ്, ദൈവസ്നേഹം നമ്മുടെ സഹോദരങ്ങള്‍ വിശിഷ്യാ, പാവങ്ങളായവര്‍ അനുഭവിക്കുന്നത്. തന്‍റെ തിരുക്കുമാരനെ നല്കുവാന്‍ തക്കവണ്ണം ദൈവത്തിന്‍റെ അനന്തസ്നേഹം നമ്മുടെ ഹൃദയങ്ങളെ നന്ദിയാല്‍ ഉജ്ജ്വലിപ്പിച്ച് പ്രത്യാശയോടെ മുന്നോട്ടു ചരിക്കാന്‍ സഹായിക്കട്ടെ. ത ദേവും എന്ന വിശ്വത്തര പ്രാര്‍ത്ഥനയുടെ അവസാനവരികള്‍ നല്കുന്നത് പ്രത്യാശയുടെ ചിന്തകളാണ്.
ഇന്നു ഞങ്ങളില്‍ പാപമേശായവാന്‍ നിന്നനുഗ്രഹം നല്കണേ
അര്‍പ്പിച്ചൂ നിന്നില്‍ ആശ സര്‍വ്വവും ലേശം ലജ്ജിക്കയില്ല ഞാന്‍.

രക്ഷയുടെ വാഗ്ദാനങ്ങള്‍ ചരിത്രത്തില്‍ പൂവണിഞ്ഞത് മറിയത്തിലൂടെയാണ്. ക്രിസ്തുവിനെ ഇനിയും നമ്മുക്കു ലഭിക്കുവാന്‍ ദൈവമാതാവും ഏറ്റവും പരിശുദ്ധയുമായ മറിയത്തില്‍ പ്രത്യാശയര്‍പ്പിക്കാം.
മറിയത്തിന്‍റെ ഹൃദയവും കരങ്ങളും ഇന്നു ലോകത്തിന് ക്രിസ്തുവിനെ കാണിച്ചു തരുന്നു. ക്രിസ്തുവില്‍ നമ്മുടെ എല്ലാ പ്രത്യാശകളും അര്‍പ്പിക്കാം.
കാരണം അവിടന്നു വന്നത് നമുക്ക് ജീവനും രക്ഷയും സമാധാനവും നല്കുവാനാണ്.







All the contents on this site are copyrighted ©.