2010-12-31 14:39:37

ദൈവത്തെ ശ്രവിക്കാന്‍ ശ്രമിക്കുക – മാര്‍പാപ്പ


31.12.2010

നമ്മില്‍ വസിക്കുന്ന ദൈവത്തെ ശ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്നു പുറത്തു വരാനും അന്യരിലേക്കു തുറവിയുള്ളവരായിരിക്കാനും നമുക്കു സാധിക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കംപോസ്റ്റെല്ലാ വര്‍ഷസമാപനത്തോടനുബന്ധിച്ച് സ്പെയിനിലെ സാന്തിയാഗോ ദി കംപോസ്റ്റെല്ല അതിരൂപതാധ്യക്ഷന്‍ ഹൂലിയാന്‍ ബാരിയോ ബാരിയോയ്ക്കയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. സാന്തിയാഗോ ദി കംപോസ്റ്റെല്ല തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ ആന്ദകരമായ അപ്പസ്തോലീക പര്യടനം സന്ദേശത്തില്‍ അനുസ്മരിച്ച മാര്‍പാപ്പ, വിശുദ്ധ യാക്കോബ്ബ് ശ്ലീഹായുടെ മാധ്യസ്ഥം തേടിയുള്ള ഈ തീര്‍ത്ഥയാത്ര പ്രദാനം ചെയ്യുന്ന ആത്മീയവും മാനസീകവുമായ ഫലങ്ങളെക്കുറിച്ചും സന്ദേശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ലോക യുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന യുവജനങ്ങളെയും പാപ്പ സന്ദേശത്തില്‍ അഭിവാദ്യം ചെയ്തു. യുവജനങ്ങള്‍ ക്രിസ്തുവുമായി സ്വതന്ത്രമായി സംഭാഷണം നടത്തണമെന്നാഹ്വാനം ചെയ്ത മാര്‍പാപ്പ ക്രിസ്തു സ്നേഹത്തിന്‍റെ സദ്വാര്‍ത്ത ലോകത്തിനു നല്‍കുന്ന യഥാര്‍ത്ഥ അപ്പസ്തോലനാണോ താനെന്ന് അവരോരുത്തരും സ്വയം ചോദിക്കേണ്ടതാണെന്നും വിശദീകരിച്ചു.
വിശുദ്ധ വിശുദ്ധ യാക്കോബ്ബ് ശ്ലീഹായുടെ തിരുന്നാള്‍ ദിനമായ ജൂലെ ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ചയായി വരുന്ന വര്‍ഷങ്ങളാണ് കംപോസ്റ്റെല്ലാ വര്‍ഷം അഥവാ ജൂബിലി വര്‍ഷമായി ആഘോഷിക്കപ്പെടുന്നത്. 1982, 1993, 1999, 2004 എന്നീ വര്‍ഷങ്ങള്‍ക്കു ശേഷം 2010 ലാണ് ജൂലെ ഇരുപത്തയഞ്ചാം തിയതി ഞായറാഴ്ചയായി വന്നത്. അടുത്ത ജൂബിലി വര്‍ഷം രണ്ടായിരത്തി ഇരുപത്തിയൊന്നാം ആണ്ടിലാണ്







All the contents on this site are copyrighted ©.