2010-12-25 17:59:00

വചനം മാംസം ധരിച്ചു
-യോഹന്നാന്‍ 1, 14
The Word became flesh
CHRISTMAS 2010 – URBI ET ORBI MESSAGE


വചനം മാസംധരിച്ചു. യോഹന്നാല്‍ 1, 14.

പ്രിയ സഹോദരീ സഹോദരന്മാരേ,
റോമാ പട്ടണവും ലോകം മുഴുവനും എന്നെ ശ്രവിക്കുന്ന ഈ അവസരത്തില്‍, ഞാന്‍ സസന്തോഷം നിങ്ങള്‍ക്ക് ഈ ക്രിസ്തുമസ്സ് സന്ദേശം നല്കുകയാണ് : ദൈവം മനുഷ്യനായി നമ്മുടെ ഇടയില്‍ വസിച്ചു. ദൈവം നമ്മില്‍നിന്നു വിദൂരത്തല്ല: ദൈവം നമ്മോടുകൂടെയാണ്.. ഇമ്മാനുവേല്‍. അവിടുന്ന് നമുക്ക് അപരിചിതനല്ല. അവിടുത്തേയ്ക്കൊരു മുഖമുണ്ട്, അതു ക്രിസ്തുവിന്‍റെ മുഖമാണ്.

ഈ സന്ദേശം നവമാണ് നിത്യനൂതനമാണ്, എന്നും നമ്മെ അമ്പരപ്പിക്കുന്നതാണ്, അതു നമ്മുടെ മോഹങ്ങള്‍ക്കെല്ലാം അധീതമാണ്. ഈ സന്ദേശം വെറുമൊരു പ്രഘോഷണമല്ല: അതൊരു സംഭവമാണ്, വിശ്വാസ യോഗ്യരായവര്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത, നസ്രായനായ യേശുവിനെക്കുറിച്ചുള്ള വലിയ സംഭവമാണ്.
അവിടുത്തെ പ്രവര്‍ത്തനങ്ങല്‍ കണ്ടും, വചനം ശ്രവിച്ചും അവര്‍ ക്രിസ്തുവില്‍ രക്ഷകനായ മിശിഹായെ കണ്ടു; കുരിശു മരണത്തെ തുടര്‍ന്ന് അവിടുന്ന് ഉത്ഥാനവും കണ്ട അവര്‍, അവിടുന്ന് സത്യദൈവവും സത്യമനുഷ്യനും, പിതാവില്‍നിന്നുമുള്ള ഏകജാതനും, കൃപയും സത്യവും നിറഞ്ഞവനാണെന്നു തിരിച്ചറിഞ്ഞു. (യോഹന്നാല്‍ 1, 14).

വചനം മാംസം ധരിച്ചു, എന്ന ദൈവിക വെളിപാടിനു മുന്നില്‍ നാം എന്നും അതിശയിച്ചു നില്കുന്നു. :ഇതെങ്ങിനെ സംഭവിക്കും?

വചനവും മാസംവും പരസ്പര വിരുദ്ധങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണല്ലോ, എങ്ങനെ സനാതനവും സര്‍വ്വശക്തിയുള്ളതുമായ വചനത്തിന് ബലഹീനവും മരണവിധേയവുമായ മര്‍ത്ത്യരൂപമെടുക്കാനാവും? ഇതിന് ഒരു ഉത്തരമേയുള്ളൂ... സ്നേഹം. സ്നേഹമുള്ളവര്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരുമായി എല്ലാം പങ്കുവയ്ക്കുന്നു, അവരുമായി ഒന്നായിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇതുപോലെ ദൈവസ്നേഹത്തിന്‍റെ അനുഭവങ്ങള്‍ ക്രിസ്തുവില്‍ അതിന്‍റെ ഉച്ചകോടിയിലെത്തുന്നത് തിരുവെഴുത്തുകളിലൂടെ നമുക്കു കാണാം.

ദൈവം ഒരിക്കലും തന്‍റെ വാഗ്ദാനങ്ങളില്‍നിന്നും വ്യതിചലിക്കുന്നില്ല, അവിടുന്ന് എപ്പോഴും വിശ്വസ്തനാണ്. ഈ പ്രപഞ്ചം സൃഷ്ടിച്ച അവിടുന്നു തന്നെയാണ് അബ്രാഹത്തെ വിളിച്ചതും തന്‍റെ നാമം മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തതും: “ഞാന്‍ ഞാന്‍തന്നെ.
അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും ദൈവം, കാരുണ്യവാനും കൃപാലുവുമായവന്‍. സുസ്ഥിരമായ സ്നേഹത്തിലും വിശ്വസ്തതയിലും സമ്പന്നനായവന്‍.” പുറപ്പാട് 3, 14-15, 34, 6.
ദൈവം മാറ്റമില്ലാത്തവനാണ്, അവിടുന്ന് സദാകാലവും സ്നേഹമുള്ളവനാണ്. തന്നില്‍ത്തന്നെ കൂട്ടായ്മയും ഐക്യവും ത്രിത്വവുമായ അവിടുന്ന്, തന്‍റെ എല്ലാ വാക്കുകളും പ്രവൃത്തികളും ഈ കൂട്ടായ്മയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മനുഷ്യാവതാരം സൃഷ്ടിയുടെ പരമകാഷ്ഠയാണ്.
ദൈവപുത്രനായ ക്രിസ്തു മറിയത്തിന്‍റെ ഉദരത്തില്‍ പിതാവിന്‍റെ ഹിതമനുസരിച്ച് പരിശുദ്ധാത്മാവിനാല്‍ ഉരുവായപ്പോഴേ, സൃഷ്ടി അതിന്‍റെ ഉച്ചകോടിയിലെത്തിയിരുന്നു. പ്രപഞ്ചത്തിന്‍റെ ക്രമീകരണ മൂലമായ വചനം അങ്ങനെ ഈ ലോകത്ത് സ്ഥലകാല സീമകളില്‍ എത്തിച്ചേര്‍ന്നു.

വചനം മാസംധരിച്ചു. വിശ്വാസത്തില്‍ വചനം സ്വീകരിക്കുന്നവര്‍ക്ക് സത്യത്തിന്‍റെ പ്രകാശം ലഭ്യമായി, ഇത് സ്നേഹത്തിന്‍റെ ഒരു മൗതിക രഹസ്യമാണ്. സ്നേഹത്തില്‍ ഹൃദയം തുറക്കുന്നവര്‍ക്കാണ് ക്രിസ്തുമസ്സിന്‍റെ ദിവ്യപ്രഭ അതിന്‍റെ നിറവില്‍ ലഭിക്കുന്നത്. അത് സംഭവിച്ചത് ബതലേഹമെന്ന സ്ഥലത്ത് ഒരു പാതിരാവിലായിരുന്നു, മനുഷ്യാവതാര രാവിലായിരുന്നു. ദൈവപുത്രന്‍റെ മനുഷ്യാവതാരം ഒരു ചരിത്രസംഭവവും അതേസമയം ചരിത്രത്തെ മാറ്റിമറിച്ച മഹാസംഭവവുമായിരുന്നു.

ഒരു നിശായാമത്തില്‍ ഭൂമുഖത്ത് ഒരു പുതുപ്രകാശം ഉദയം ചെയ്തു. രക്ഷകനെ പാര്‍ത്തിരുന്ന വിനീത ഹൃദയര്‍ക്കും എളിയവര്‍ക്കും വിശ്വാസത്തിന്‍റെ ലോലമായ കണ്ണുകളാല്‍ ആ വെളിച്ചം കാണാമായിരുന്നു. സത്യം ഒരു ഗണിത വിദ്യയായിരുന്നെങ്കില്‍ അത് സ്വയമേ ശക്തിപ്പെടുമായിരുന്നു. എന്നാല്‍ സത്യം സ്നേഹമാണ്, അത് വിശ്വാസവും മനുഷ്യഹൃദങ്ങളുടെ സമ്മതവും തേടുന്നു.
സത്യമായ സ്നേഹമല്ലെങ്കില്‍ ഫലത്തില്‍ പിന്നെ മറ്റെന്താണ് നാം അന്വേഷിക്കുക? കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും, യുവാക്കള്‍ ആഴമായി ജീവിതത്തിനര്‍ത്ഥം തേടിക്കൊണ്ടും, സ്ത്രീ പുരുഷന്മാര്‍ തങ്ങളുടെ കുടുംബങ്ങളെയും ഉത്തരവാദിത്വങ്ങളെയും ക്രമീകരിച്ചുകൊണ്ടും, പരപാലിച്ചുക്കൊണ്ടും, പ്രായാധിക്യമാര്‍ന്നവര്‍ തങ്ങളുടെ ജീവിത സായാഹ്നങ്ങളെ അതിന്‍റെ പൂര്‍ണ്ണിമയിലെത്തിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടും ജീവിക്കുന്നു.

വചനം മാസം ധരിച്ചു. മനുഷ്യകുലത്തിന്‍റെ കൂട്ടമായ ഈ പ്രയാണത്തില്‍ ക്രിസ്തുമസ് പ്രഘോഷണം അല്ലെങ്കില്‍ ആഘോഷം സകല ജനതകള്‍ക്കും നന്മയുടെയും സ്നേഹത്തിന്‍റെയും വെളിച്ചംപകരുന്നു. ദൈവം നമ്മോടുകൂടെ, ഇമ്മാനുവേല്‍... ഇതാ, നീതിയുടെയും സമാധാനത്തിന്‍റെയും രാജാവായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു. അവിടുത്തെ രാജ്യം ഈ ലോകത്തിന്‍റേതല്ല എന്നു നമുക്കറിയാമെങ്കിലും, അത് മറ്റേതു സാമ്രാജ്യത്തെക്കാളും കരുത്തുള്ളതാണ്. അതു മനുഷ്യകുലത്തിന്‍റെ പുളിമാവാണ്. സത്യമായ പുരോഗതിയാര്‍ജ്ജിക്കുവാനുള്ള ഊര്‍ജ്ജമില്ലാത്തിടത്ത്, അത് പൊതുനന്മയ്ക്കുള്ള നിസ്വാര്‍ത്ഥ സേവനമായും നീതിക്കുവേണ്ടുയുള്ള സമാധാനപൂര്‍ണ്ണമായ ഒരു പോരാട്ടമായും മാറുന്നു.
ചരിത്രത്തിന്‍റെ എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യചരിത്രത്തില്‍ പങ്കുചേരാന്‍ തിരുമനസ്സായ ദൈവത്തിലുള്ള വിശ്വസം നമ്മെ മനുഷ്യ സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ബതലേഹമില്‍ ജനിച്ചവന്‍ എല്ലാവിധത്തിലുള്ള ബന്ധനങ്ങളില്‍നിന്നും ഓരോ വ്യക്തിയെയും സ്വതന്ത്രമാക്കുവാന്‍ വന്നിരിക്കുന്നതിനാല്‍, മനുഷ്യാന്തസ്സ് അവഹേളിക്കപ്പെടുകയും മുറിപ്പെടുത്തപ്പെടുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവിടന്ന് പ്രത്യാശയുടെ പ്രതീകമാണ്.
...............................................................................................................................................................
ക്രിസ്തു പിറന്ന മണ്ണില്‍ ക്രിസ്തുമസ്സ് മഹോത്സവത്തിന്‍റെ വെളിച്ചം പരന്ന് സമാധാന പൂര്‍ണ്ണമായൊരു സഹവര്‍ത്തിത്വത്തിന് ഇസ്രായേലിനെയും പലസ്തീനായെയും പ്രചോദിപ്പിക്കട്ടെ.
ക്രിസ്തുമസ്സിന്‍റെ പ്രശാന്തമായ സന്ദേശം ഇറാക്കിലെയും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെയും ക്രൈസ്തവ സമൂഹങ്ങളുടെ വേദന ശമിപ്പിക്കുകയും അവരുടെ പീഡനങ്ങളില്‍ സമാശ്വാസം പകരുകയും ചെയ്യട്ടെ.

ഇറാക്കിലെ ജനങ്ങള്‍ക്കു ഈ ക്രിസ്തുമസ്സിലൂടെ ഭാവി നന്മയ്ക്കുതകുന്ന സമാശ്വാസവും പ്രത്യാശയും ലഭിക്കുകയും, അവരുടെ നേതാക്കള്‍ ഫലവത്തായ ഐക്യദാര്‍ഢ്യത്തിലേയ്ക്ക് ആ നാടിനെ നയിക്കുകയും ചെയ്യട്ടെ.
ഭീകരമായ ഭൂകമ്പക്കെടുതിയുടെ അനന്തരഫലങ്ങളാലും, കോളറ വസന്തയാലും ക്ലേശിക്കുന്ന ഹായിത്തിയിലെ ജനങ്ങള്‍ക്ക് ഈ ക്രിസ്തുമസ് സമാശ്വാസത്തിന്‍റെ വെളിച്ചം വീശട്ടെ. ഈ അടുത്തകാലത്ത് ക്രൂരമായ പ്രകൃതി ക്ഷോഭത്തില്‍ അകപ്പെട്ട കൊളുംമ്പിയാ, വെനിസ്വേലാ, ഗൗതമാലാ, കോസ്ത റിക്കാ എന്നീ രാജ്യങ്ങള്‍ക്കും സമാശ്വാസത്തിന്‍റെ ക്രിസ്തുമസ്സ് വെളിച്ചം ലഭിക്കട്ടെ.

രക്ഷകനായ ക്രിസ്തുവിന്‍റെ ജനനപ്രഭയില്‍ സൊമാലിയ, ഡാര്‍ഫൂര്‍, കോത്തെ ദിവോയി എന്നീ രാജ്യങ്ങളില്‍ ധീര്‍ഘശാന്തയുടെയും സ്ഥായിയായ വികസനത്തിന്‍റെയും ചക്രവാളങ്ങള്‍ തുറക്കപ്പെടുകയും, അത് മഡഗാസ്കറിന്‍റെ സമൂഹ്യ-രാഷ്ടീയ മേഖലകളില്‍ സമാധാനം പരത്തുകയും ചെയ്യട്ടെ.
ക്രിസ്തുവിന്‍റെ പ്രഭ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സുരക്ഷിതത്വവും മനുഷ്യാവകാശങ്ങളോട് ആദരവും വളര്‍ത്തട്ടെ. നിക്കരാഗ്വേയും കോസ്ത റിക്കായും തമ്മിലുള്ള സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ക്രിസ്തവിന്‍റെ വെളിച്ചത്താല്‍ തുറക്കപ്പെടട്ടെ. കൊറിയായുടെ പ്രവിശ്യകളില്‍ അത് അനുരഞ്ജനത്തിന്‍റെ അലകളുയര്‍ത്തട്ടെ...

വലിയ ഭൂഖണ്ഡമായ ചൈനയില്‍ ഈ ക്രിസ്തമസ്സ്, അവിടത്തെ ക്രൈസ്തവരുടെ വിശ്വാസത്തെയും ക്ഷമയെയും ബലപ്പെടുത്തി ധൈര്യമേകട്ടെ.
അവിടത്തെ വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന്മേലും മനസ്ക്ഷിയിന്മേലും ചൈനീസ് ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന പരിമിതികളാല്‍ അവര്‍ നഷ്ടധൈര്യരാവാതെ, അവരുടെ വിശ്വാസത്തിന്‍റെ നാളം അണയാതെ എന്നും കാത്തുസൂക്ഷിക്കട്ടെ.

ഇനിയും ലോകത്തിന്‍റെ മറ്റുഭാഗങ്ങളില്‍ പീഡനങ്ങളും വിവേചവും അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് പതറിപ്പോകാതിരിക്കുനുള്ള ആത്മധൈര്യം ദൈവം നമ്മോടുകൂടെ ആയിരിക്കുന്ന ക്രിസ്തു നല്കുകയും, അവരുടെ രാഷ്ട്ര നേതാക്കള്‍ക്ക് അടിസ്ഥാനപരമായ മതസ്വാതന്ത്ര്യം മാനിക്കുവാനുള്ള വിവേചനം നല്കുകയും ചെയ്യട്ടെ.

പ്രിയ സഹോദരീ സഹോദരന്മാരേ,
വചനം മാംസമായി, നമ്മുടെ ഇടയില്‍ വന്നു വസിച്ചു. നമ്മോടൊത്തു വസിക്കുവാന്‍വന്ന ദൈവമാണ് ക്രിസ്തു....ഇമ്മാനുവേല്‍.
നമുക്കൊരുമിച്ച് മഹത്തായ ഈ സ്നേഹത്തിന്‍റെ മൗതികരഹസ്യം ധ്യാനിക്കാം.
ബതലഹേമിലെ കാലിക്കൂട്ടില്‍ തെളിഞ്ഞ ദിവ്യപ്രകാശം നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും ഈ ലോകത്തും നിറയട്ടെ. ഏവര്‍ക്കും ക്രിസ്തുമസ്സ് ആശംസകളും ആശിര്‍വ്വാദവും.
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ







All the contents on this site are copyrighted ©.