2010-12-18 14:28:39

യുവാക്കള്‍ സമഗ്രമാനവ വികസനത്തിന്‍റെയും സംസ്ക്കാര സംരക്ഷണത്തിന്‍റെയും വക്താക്കളാകണമെന്ന് മാര്‍പാപ്പ.


17.12.10
ക്രിസ്തുമസിനു മുന്നോടിയായി ഡിസംബര്‍ പതിനാറാം തിയതി വ്യാഴാഴ്ച റോമിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കൊപ്പം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥന നടത്തിയ വേളയില്‍ നല്‍കിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്‍റെറി ന്യൂമാന്‍ വിഭാവനം ചെയ്തതുപോലെ ബൗദ്ധീക രൂപീകരണത്തിന്‍റെയും ധാര്‍മ്മീക പരിശീലനത്തിന്‍റെയും മതാത്മകജീവിതത്തിന്‍റെയും വിളനിലങ്ങളായി സര്‍വ്വകലാശാലകള്‍ വിളങ്ങണമെന്ന് ഉത്ബോധിപ്പിച്ച മാര്‍പാപ്പ ഈക്കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തെ ക്രിയാത്മകമായി പടുത്തുയര്‍ത്താന്‍ യുവാക്കള്‍ക്കു സാധിക്കണമെന്നും പ്രസ്താവിച്ചു.
തന്‍റെ സ്നേഹ സാന്നിദ്ധ്യത്താല്‍ നമ്മുടെ ഹൃദയങ്ങളെ നവീകരിച്ചുകൊണ്ട് നമ്മളിലൊരുവനായി നമ്മുടെ പക്കല്‍ വന്നണഞ്ഞ ദൈവം നമ്മുടെ ദൈനംദിനജീവിതത്തില്‍ വിശുദ്ധ ലിഖിതങ്ങള്‍ വഴിയായി നമ്മോടു സംസാരിച്ചുകൊണ്ട് നമ്മുടെ ഒപ്പമുണ്ടെന്ന് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ച പാപ്പ അവര്‍ ദൈവത്തെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ സമാധാനം പ്രദാനം ചെയ്തുകൊണ്ട് നിത്യതയിലേക്കു യാത്രചെയ്യുന്ന തീര്‍ത്ഥാടകരാണ് തങ്ങള്‍ എന്ന ബോധ്യത്തോടെ മുന്നോട്ടുപോകുവാന്‍ അവിടുന്നവരെ സഹായിക്കുമെന്നും പ്രബോധിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വിദ്യര്‍ത്ഥികളുടെ മദ്ധ്യേത്തിലേയ്ക്ക് കടന്നുവന്ന മാര്‍പാപ്പയെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സംയുക്ത ഗായകസംഘം, തൂ എസ് പേത്രൂസ്, അങ്ങ് പത്രോസാകുന്നു, എന്ന പരമ്പരാഗത ലത്തീന്‍ ഗാനം ആലപിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്. തുടര്‍ന്ന് സര്‍വ്വകലാശാലാദ്ധ്യാപകരെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു പ്രഫസര്‍ മാര്‍പാപ്പയ്ക്കു സ്വാഗതമേകി,. സ്വാഗതാശംസയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സായാഹ്നപ്രാര്‍ത്ഥന ചൊല്ലിയ മാര്‍പാപ്പ അവരോട് വചനംപങ്കുവയ്ച്ചു. സായാഹ്നപ്രാര്‍ത്ഥനയെതുടര്‍ന്ന് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു വിദ്യാര്‍ത്ഥി മാര്‍പാപ്പയ്ക്കു നന്ദിപറഞ്ഞുകൊണ്ടു സംസാരിച്ചു. സമ്മേളനത്തിന്‍റെ ഒടുവില്‍ ഒരു സംഘം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ Maria Sedes Sapientiae മറിയം വിജ്ഞാനത്തിന്‍റെ സിംഹാസനം എന്ന പേരിയറിയപ്പെടുന്ന ദിവ്യജനനിയുടെ ഛായാചിത്രം സ്പെയിനില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. അടുത്ത വര്‍ഷം സ്പെയിന്‍റെ തലസ്ഥാനമായ മാദ്രിദില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തിനൊരുക്കമായി ഈ ഛായാചിത്രം സ്പെയിനിലെ എല്ലാ സര്‍വ്വകലാശാലകളിലൂടെയും കടന്നുപോകും







All the contents on this site are copyrighted ©.