2010-12-16 19:05:28

പ്രാര്‍ത്ഥനകൊണ്ട് ലോകത്തെ നവീകരിക്കണമെന്ന്
തെയ്സ്സേ സംഗമത്തോട് മാര്‍പാപ്പ


16 ഡിസംമ്പര്‍ 2010
ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ അരങ്ങേറുന്ന തെയ്സ്സേ പ്രാര്‍ത്ഥനാ സംഗമത്തിന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ഡിസംമ്പര്‍ 16-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പുറത്തിറക്കിയ
ഒരു വാര്‍ത്താ വിജ്ഞാപനത്തിലൂടെയാണ് റോട്ടര്‍ഡാമില്‍ ഡിസംമ്പര്‍ 28 മുതല്‍ 30- വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന 33-ാമത് യൂറോപ്പ്യന്‍ തെയ്സ്സേ പ്രാര്‍‍‍‍‍‍ത്ഥനാ സമ്മേളനത്തിനുള്ള പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചത്.
യുവാക്കള്‍ പ്രാര്‍ത്ഥനയിലൂടെ ശാശ്വതമായ സന്തോഷത്തിന്‍റെ ഉറവയായ ദൈവത്തെ അനുഭവിക്കുമെന്നും, ക്രിസ്തു നേടിയ അടിസ്ഥാനപരമായ നവീകരണം ഇന്നത്തെ ലോകത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാര്‍ത്ഥനയിലൂടെ യുവജനങ്ങള്‍ക്കു സാധിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സ്വാര്‍ത്ഥതയും വ്യക്തിസ്വാതന്ത്യവാദവും വെടിഞ്ഞെങ്കില്‍ മാത്രമേ, അപരന്‍റെ നന്മയ്ക്കായി സമൂഹത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ യുവാക്കള്‍ക്കു സാധിക്കുകയുള്ളൂവെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
റോട്ടര്‍ഡാമിലെ തെയ്സ്സേ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 30,000 യുവജനങ്ങള്‍ പങ്കെടുക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. 70-കളില്‍ ഫ്രാന്‍സിലെ തെയ്സ്സേ ഗ്രാമത്തില്‍ ജാതിമതഭേതമെന്യേ എല്ലാവരെയും സ്വീകരിച്ചുകൊണ്ട് പുണ്യശ്ലോകനായ ബ്രദര്‍ റോജര്‍ ആരംഭിച്ച പ്രാര്‍ത്ഥനാ പ്രസ്ഥാനമാണ് ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുള്ളത്.







All the contents on this site are copyrighted ©.