2010-12-08 17:57:39

സംവാദത്തിന്‍റെ പാതയില്‍
ഐക്യത്തോടെ


8 ഡിസംമ്പര്‍ 2010
കേരളത്തിലെ കത്തോലിക്കാ–യാക്കോബായാ–ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സംവാദത്തിന്‍റെ പാതയില്‍ ഒരുമിക്കുന്നു. ആഗോളവത്ക്കരണത്തിന്‍റെ നവമായ പ്രതിഭാസത്തില്‍ കേരളത്തിനു പുറത്തേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റപ്രതിഭാസം കണക്കിലെടുത്തുകൊണ്ടാണ്, മൂന്നു സഭകളും തമ്മിലുള്ള വര്‍ദ്ധിച്ച സഹകരണവും സംവാദവും അനിവാര്യമാണെന്ന നിലപാടിലേയ്ക്ക് നീങ്ങുന്നതെന്ന്, ഡിസംബര്‍ 6-ാം തിയതി കോട്ടയത്ത് ചേര്‍ന്ന വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വസമ്മേളനം വ്യക്തമാക്കി. ആവശ്യസാഹചര്യങ്ങളില്‍ ദേവാലയങ്ങളും സെമിത്തേരികള്‍പോലും വിട്ടുകൊടുക്കുക, സഭാംഗങ്ങള്‍ തമ്മിലുള്ള വിവാഹം, പൊതു ആവശ്യങ്ങളിലുള്ള സഹകരണം എന്നിവയെക്കുറിച്ച് വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുക, സാമുദായിക സാമൂഹ്യ പ്രശ്നങ്ങളില്‍ സംയുക്ത നയങ്ങള്‍ നടപ്പാക്കുക, തുടങ്ങി വിവിധ വിഷയങ്ങളാണ് കോട്ടയത്തെ നേതൃസമ്മേളനം ചര്‍ച്ചചെയ്തത്.
ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്, ഗബ്രിയേല്‍ മാര്‍ ഗ്രഗോരയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, റവ. ബ്രയണ്‍ ഫാരല്‍ തുടങ്ങി പ്രമുഖ സഭാനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കത്തോലിക്കാ–യാക്കോബായ–ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ സഭാന്തര വിവാഹ ഉടമ്പടിയും അനുബന്ധ രേഖകളും, എന്ന നയരേഖയും സമ്മേളനം പ്രകാശനംചെയ്തു.







All the contents on this site are copyrighted ©.