2010-12-08 17:29:55

മറിയത്തിന്‍റെ വാതില്ക്കല്‍ മുട്ടുന്നവര്‍
ക്രിസ്തുവിനെ കാണുന്നു


8 ഡിസംമ്പര്‍ 2010
മറിയത്തിന്‍റെ വാതില്ക്കല്‍ മുട്ടുന്നവര്‍ക്ക് ക്രിസ്ത്വാനുഭവം ലഭ്യമാകുമെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ ഒരു പ്രത്യേക സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഡിസംബര്‍ 7-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ ലൊരേത്തോയില്‍ ആരംഭിച്ച ബൃഹത്തായ യുവജനകേന്ദ്രത്തിന്‍റെ ഉത്ഘാടച്ചടങ്ങിലേയ്ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരിലയച്ച സന്ദേശത്തിലാണ്, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. 10 വര്‍ഷം മുന്‍പ്, 2000-ാമാണ്ട് ഡിസംബറില്‍ അരങ്ങേറിയ അന്തര്‍ദേശിയ യുവജനസമ്മേളനത്തിന്‍റെ വേദിയില്‍ത്തന്നെ യുവാക്കാള്‍ക്കുവേണ്ടി സ്ഥിരമായ ഒരു കേന്ദ്രം പണിയുകയെന്നത് കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹമായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സന്ദേശത്തില്‍ അനുസ്മരിച്ചു. പരിശുദ്ധ അമലോത്ഭവനാഥയുടെ തിരുനാളിനോടനുബന്ധിച്ച് പണിതീര്‍ത്ത വിപുലമായ, ഈ മരിയന്‍ ഭവനം യുവാക്കള്‍ക്കായി ലൊരേത്തോയില്‍ തുറക്കപ്പെടുന്നത് പ്രതീകാത്മകവും അനുഗ്രഹ ദായകവുമാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സന്ദേശത്തില്‍ പ്രസ്താവിച്ചു. പക്വതയാര്‍ജ്ജിക്കുന്ന പ്രകൃയയില്‍ യുവാക്കള്‍ തങ്ങളുടെ അസ്തിത്വത്തിന്‍റെ പോലും അര്‍ത്ഥം അന്വേഷിക്കുന്ന ലോലമായ സമയമാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചൂണ്ടിക്കാട്ടി. യുവജനങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുവാനും വിശ്വാസത്തിന്‍റെ പാതയില്‍ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുവാന്‍ സാഹായിക്കുന്നതിനും, അവസാനം ക്രിസ്തുവാണ് മനുഷ്യജിവിതത്തിന്‍റെ ഭാഗധേയമെന്നു മനസ്സിലാക്കികൊടുക്കുവാനും ഈ മരിയന്‍ ഭവനത്തിലൂടെ സാധിക്കുമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രത്യാശപ്രകടിപ്പിച്ചു. മറിയത്തിന്‍റെ ഭവനത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്ന യുവാക്കള്‍ ദൈവത്തിന്‍റെ അനന്തമായ സ്നേഹമനുഭവിക്കാനും അതിലെന്നും വളരുവാനും നിലനില്ക്കുവാനും ഇടയാകുമെന്നും, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ മാര്‍പാപ്പയുടെ പേരില്‍ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.