2010-12-08 17:24:32

അമലോത്ഭവനാഥയുടെ സന്നിധിയില്‍
പാപ്പായുടെ പുഷ്പാര്‍ച്ചന


8 ഡിസംബര്‍ 2010
മാര്‍പാപ്പ നയിച്ച റോമാ പട്ടണമദ്ധ്യത്തിലെ ദൈവമാതാവിന്‍റെ അമലോത്ഭത്തിരുനാള്‍.
ഡിസംബര്‍ 8-ാം തിയതി ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനുപുറത്ത്, റോമാ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള സ്പാനിഷ് ചത്വരത്തില്‍ അനുവര്‍ഷം നിര്‍വ്വഹിക്കാറുള്ള അമലോത്ഭവനാഥയുടെ വണക്കത്തിനായി എത്തിച്ചേര്‍ന്നു. റോഡു മാര്‍ഗ്ഗം ഏകദേശം 4 കിലോ മീറ്റര്‍ യാത്രചെയ്താണ് മാര്‍പാപ്പ സ്പാനിഷ് ചത്വരത്തിലെത്തിയത്. മാര്‍ഗ്ഗമദ്ധ്യേ വഴികളുടെ ഇരുഭാഗത്തും തിങ്ങിനിന്നിരുന്ന ജനങ്ങളെ പാപ്പാ അഭിവാദ്യംചെയ്തു. മാര്‍പാപ്പയെ റോമാ പട്ടണത്തിന്‍റെ മേയര്‍, ജ്യാന്നി അലമാന്നോയും, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനിയും മറ്റു പട്ടണപ്രമുഖരും ചേര്‍ന്നു സ്വീകരിച്ചു.

1854- ഡിസംമ്പര്‍ 8-ന്.... 9-ാം പിയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ച പരിശുദ്ധ ദിവ്യജനനി ഉത്ഭവപാപമില്ലാതെ പിറന്നവള്‍, എന്ന വിശ്വാസസത്യത്തിന്‍റെ ഓര്‍മ്മയ്ക്കായി റോമിലെ ജനങ്ങള്‍ സ്ഥാപിച്ചതാണ് 50 അടി ഉയരത്തിലുള്ള ഒറ്റക്കല്‍സ്തൂപത്തില്‍ സ്ഥാപിച്ച അമലോത്ഭവനാഥയുടെ വെങ്കലത്തില്‍ തീര്‍ത്ത തിരുസ്വരൂപം. വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യാലയത്തിനു Office of the Pontifical Council for the Propagation of Faith മുന്നില്‍ത്തന്നെയാണ് അലംകൃത സ്തൂപവും അതിനു മുകളിലായി അമലോത്ഭവനാഥയുടെ പൂര്‍ണ്ണകായ പ്രതിമയും സ്ഥിതിചെയ്യുന്നത്. 1857-ല്‍ 9-ാം പിയൂസ് മാര്‍പാപ്പ ആരംഭിച്ച അമലോത്ഭനാഥയുടെ വണക്കം എല്ലാ മാര്‍പാപ്പമാരും തുടര്‍ന്നു പോരുന്നു.
മാര്‍പാപ്പയുടെ ആശംസയോടെ തുടങ്ങിയ പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ മുഖ്യഇനങ്ങള്‍... വചനപ്രഘോഷണം, പാപ്പയുടെ സന്ദേശം, മാതാവിന്‍റെ ലുത്തിനീയ, സമാപനാശിര്‍വ്വാദം, മരിയഗീതം എന്നിവയായിരുന്നു. വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഇറുത്തെടുത്ത് ഒരുക്കിയ വെള്ള ഓര്‍ക്കിഡ് പുഷ്പചക്രവുമായിട്ടാണ് മാര്‍പാപ്പ പതിവായി പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കെത്തിയത്. റോമിലെ അഗ്നിശമന സേനാംഗങ്ങളാണ് ക്രെയിനുപയോഗിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്ക് കരങ്ങളുയര്‍ത്തി നില്ക്കുന്ന അമലോത്ഭവ നാഥയുടെ വലതുകൈയ്യില്‍ മാര്‍പാപ്പയ്ക്കുവേണ്ടി പുഷ്പഹാരം ചാര്‍ത്തി. അമലോത്ഭവ നാഥയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാപ്പയ്ക്കൊപ്പം ആയിരക്കണക്കിന് റോമന്‍ പൗരന്മാരെക്കൂടാതെ, റെഡ് ക്രോസ് സംഘത്തിലെ അംഗങ്ങള്‍, ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍, സമീപത്തുള്ള സ്പാനിഷ് ഇടവകാംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. സ്പാനിഷ് ചത്വരത്തിലെ പരിപാടികള്‍ക്കുശേഷം അവിടെനിന്നു ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയുള്ള, തന്‍റെ ഭദ്രാസന ദേവാലയമായ മേരി മേജര്‍ ബസിലിക്കായിലേയ്ക്കാണ് മാര്‍പാപ്പ തുടര്‍ന്നു പ്രത്യേക പേപ്പല്‍ വാഹനത്തില്‍ യാത്രചെയ്തു. അവിടെ വണങ്ങപ്പെടുന്ന Salus Popli Romani, റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന നാമത്തില്‍ അറിയപ്പെടുന്ന ദൈവമാതാവിന്‍റെ പുരാതന ചിത്രം, Icon വണങ്ങി പ്രാര്‍ത്ഥിച്ചശേഷം മാര്‍പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങി.







All the contents on this site are copyrighted ©.