2010-12-07 09:22:13

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം
06.12.10


 
ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച വിശുദ്ധ സ്നാപകയോഹന്നാനെ നമുക്കു പരിചയപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകന്‍റെ പ്രശസ്തമായ പ്രവാചകവചനങ്ങളനുസരിച്ച്, യഹൂദിയായിലെ മരുഭൂമിയിലേക്കുവന്നു പ്രസംഗിച്ചു. മാനസാന്തരപ്പെട്ടു മിശിഹായുടെ ആസന്നമായ വരവിനായി ഒരുങ്ങുവാന്‍ ജനങ്ങളെ സ്നാപകയോഹന്നാന്‍ തന്‍റെ പ്രസംഗം വഴി ക്ഷണിച്ചു. സ്നാപകയോഹന്നാന്‍ പ്രസംഗിച്ച സത്യസന്ധമായ വിശ്വാസവും സത്പ്രവര്‍ത്തികളുംവഴി കൃപയുടെ ശക്തി പ്രവഹിക്കുകയും സത്യത്തിന്‍റെ പ്രകാശം ഉജ്ജ്വലിക്കുകയും അതുവഴി നന്മയിലേക്കു നയിക്കുന്ന വചനങ്ങള്‍ ശ്രവിച്ചവരുടെ ഹൃദയങ്ങളിലും ചിന്തകളിലും ദൈവത്തിലേക്കു നയിക്കുന്ന വഴികള്‍ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്തുവെന്ന് മഹാനായ ഗ്രിഗോറി മാര്‍പാപ്പ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന്‍റെ മുന്‍ഗാമി, പുതിയ ഉടമ്പടിയുടെയും പഴയ ഉടമ്പടിയുടെയും മധ്യത്തില്‍ ക്രിസ്തുവാകുന്ന സൂര്യന്‍റെ ഉദയത്തിനു മുന്‍പേവരുന്ന നക്ഷത്രത്തെപോലെയാണ്. ഏശയ്യാ പ്രവാചകന്‍റെ തന്നെ വാക്കുകളില്‍ കര്‍ത്താവിന്‍റെ ആത്മാവ്, ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ് ഉപദേശത്തിന്‍റെയും ശക്തിയുടെയും ആത്മാവ്, അറിവിന്‍റെയും ദൈവഭക്തിയുടെയും ആത്മാവ് അവന്‍റെ മേല്‍ ആവസിക്കും.

ആഗമനകാലത്തില്‍ നമ്മളും ദൈവത്തിന്‍റെ സ്വരം ശ്രവിക്കാനാണ് ക്ഷണിക്കപ്പെടുന്നത്. ഇപ്പോഴും ലോകമാകുന്ന മരുഭൂവില്‍ പ്രത്യേകിച്ചും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ വചനം പ്രഘോഷിക്കപ്പെടുമ്പോള്‍, തിരുവെഴുത്തുകളിലൂടെ ദൈവവചനം അലയടിക്കപ്പെടുകയാണ്. ദൈവവചനത്താല്‍ പ്രകാശിതമാകുമ്പോള്‍ വിശ്വാസം ശക്തിപ്പെടുന്നു. വിശുദ്ധ പൗലോസപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, മുന്‍പേ എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണ്- സ്ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍ നിന്നും ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കാന്‍ വേണ്ടി. ദൈവവചനം എങ്ങനെ ശ്രവിക്കണമെന്നതിനുള്ള മാതൃക നമുക്കു നല്‍കുന്നത് പരിശുദ്ധ മറിയമാണ്. വചനത്താല്‍ പൂര്‍ണ്ണമായും രൂപവല്‍ക്കരിക്കപ്പെട്ട ഒരു അസ്തിത്വമാണ് മറിയത്തിന്‍റെത് ദിവ്യജനനിയിലൂടെയാണ് ക്രിസ്തു നമുടെ മധ്യേ വസിക്കാന്‍ ആഗതനായത്. അതിനാല്‍ പരിശുദ്ധ ജനനി നല്‍കുന്ന മാതൃകയെക്കുറിച്ചു വിചിന്തനം ചെയ്താല്‍ നാമും വിശ്വാസ രഹസ്യത്തിലേക്കു പ്രവേശിക്കപ്പെടാന്‍ വിളിക്കപ്പെട്ടവരാണ് എന്നു നമ്മള്‍ കണ്ടെത്തും. വിശ്വാസമുള്ള ഓരോ ഒരു തരത്തില്‍ ദൈവവചനം ഗര്‍ഭം ധരിച്ച് ജന്മം നല്‍കുന്നുവെന്ന് വിശുദ്ധ അംബ്രോസ് നമ്മെ ഓര്‍മ്മിപ്പിച്ചു.
പ്രിയപ്പെട്ട സുഹൃത്തുക്കളെ, നമ്മുടെ രക്ഷ ക്രിസ്തുവിന്‍റെ വരവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് റോമാനോ ഗ്വാര്‍ദീനി ‘വിശുദ്ധ രാവ്’ എന്ന കൃതിയില്‍ രേഖപ്പെടുത്തി. ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷന്‍ ആഗതനായി. നമ്മെ സമീപിക്കുന്നവനെ ഉള്‍ക്കൊള്ളുന്നതിലാണ് വിശ്വാസ നിശ്ചയം അടങ്ങിയിരിക്കുന്നത്. രക്ഷകന്‍ ഓരോ മനുഷ്യന്‍റെ പക്കലും വരുന്നു. ആനന്ദത്തിന്‍റെയും ആശങ്കയുടെയും നിമിഷങ്ങളിലും, വ്യക്തമായ അറിവുള്ളപ്പോഴും മനസില്‍ ചിന്താക്കുഴപ്പവും സമ്മര്‍ദ്ദവും ഉള്ളപ്പോഴും അങ്ങനെ അവന്‍റെ ജീവിത്തിലെപ്പോഴും അവിടുന്ന് അവന്‍റെ ചാരെയുണ്ട്. അത്യുന്നതന്‍റെ പുത്രനെ ഉദരത്തില്‍ സംവഹിച്ച പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുന്നാള്‍ ഡിസംബര്‍ എട്ടാം തിയതി, വരുന്ന ബുധനാഴ്ച നാം ആഘോഷിക്കുകയാണ്. വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ രക്ഷകനെ സ്വീകരിക്കാന്‍ വേണ്ടി നാം നടത്തുന്ന ഈ ആത്മീയയാത്രയില്‍ നമ്മെ സംരക്ഷിക്കാന്‍ പരിശുദ്ധ ദൈവമാതാവിനോട് നമുക്കപേക്ഷിക്കാം.







All the contents on this site are copyrighted ©.