2010-12-03 16:49:08

കര്‍ദ്ദിനാള്‍ ജോര്‍ദാനോ
കാലംചെയ്തു


3 ഡിസംമ്പര്‍ 2010
കര്‍ദ്ദിനാള്‍ മിഷേല്‍ ജോര്‍ദാനോയുടെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അനുശോചിച്ചു. തെക്കെ ഇറ്റലിയിലെ നേപ്പിള്‍സ് അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍, മിഷേല്‍ ജോര്‍ദാനോ ഡിസംബര്‍ 3-ാം തിയതി വെള്ളിയാഴ്ച രാവിലെ നിര്യാതനായ വാര്‍ത്തയറിഞ്ഞ മാര്‍പാപ്പ, നേപ്പിള്‍സിലെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്രെഷെന്‍സിയോ സേപ്പേയ്ക്കയച്ച സന്ദേശത്തിലാണ് അനുശോചനം അറിയിച്ചത്.
സഭയ്ക്കും സുവിശേഷത്തിനുംവേണ്ടി അജപാലന രംഗത്ത് വിവിധ മേഖലകളില്‍ തന്നെത്തന്നെ സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ ജോര്‍ദാനോയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നേര്‍ന്ന മാര്‍പാപ്പ, നേപ്പിള്‍സിലെ ജനങ്ങള്‍ക്കും പരേതന്‍റെ കുടുംബാംഗങ്ങള്‍ക്കും സന്ദേശത്തിലൂടെ അനുശോചനം നേര്‍ന്നു. 1930-ല്‍ ഇറ്റലിയിലെ നേപ്പിള്‍സിലാണ് കര്‍ദ്ദിനാള്‍ ജോര്‍ദാനോയുടെ ജനനം. 1953-ല്‍ വൈദികനായി. 1971-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ലാറി കസ്തേല്ലോയിലെ മെത്രാനായി അദ്ദേഹത്തെ നിയോഗിച്ചു. കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയെക്കുറിച്ച് പ്രത്യേക പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കമ്മിഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1988-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നേപ്പിള്‍സിന്‍റെ മെത്രാപ്പോലീത്തായായി നിയോഗിക്കുകയും, അതേ വര്‍ഷംതന്നെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2005-ല്‍ കര്‍ദ്ദിനാള്‍ ജോര്‍ദ്ദാനോയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വിശ്രമജീവിതത്തിനുള്ള അനുവാദംനല്കിയത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് 80-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാള്‍ ജോര്‍ദ്ദാനോ കാലംചെയ്തത്.







All the contents on this site are copyrighted ©.