2010-12-02 16:53:49

ബൗദ്ധികതലത്തെ
വിശുദ്ധീകരിക്കുന്ന വിശ്വാസം


2 ഡിസംമ്പര്‍ 2010
മതസ്വാതന്ത്ര്യവും മതങ്ങളുടെ സഹവര്‍തിത്ത്വവും
രാഷ്ട്രങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ ഒരു കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു.
ഡിസംബര്‍ 2-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള ഹംങ്കറിയുടെ പുതിയ സ്ഥാനപതിയെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ഒരു രാഷ്ട്രം നല്കുന്ന വിശ്വാസ സ്വാതന്ത്ര്യം ബൗദ്ധിക തലങ്ങള്‍ക്കുമപ്പുറം ഒരു പുതിയ ചക്രവാളത്തില്‍ ദൈവവുമായി സജീവ ഐക്യത്തിലും ബന്ധത്തിലും ജീവിക്കുവാന്‍ വ്യക്തികളെ സഹായിക്കുമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വളരെ നീണ്ട ഒരു കാലയളവിന്‍റെ അകല്‍ച്ചയ്ക്കു ശേഷം 1990-ലാണ് ഹങ്കറി വത്തിക്കാനുമായി നയതന്ത്രബന്ധങ്ങള്‍ പുനഃര്‍സ്ഥാപിച്ചതെന്ന വസ്തുത അനുസ്മരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ക്രൈസ്തവ വിശ്വാസം സാമൂഹികമായ പ്രകാശമെന്ന നിലയില്‍, സഭ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെ ഉറവയാണെന്നു പ്രസ്താവിച്ച മാര്‍പാപ്പ, രാഷ്ട്രവും മതവും തമ്മില്‍ നീതിപൂര്‍വ്വകമായ ഒരു ബന്ധം എപ്പോഴും നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് അനുസ്മരിപ്പിച്ചു. വിശ്വാസം മനുഷ്യന്‍റെ ബൗദ്ധിക തലത്തെ വിശുദ്ധീകരിക്കുന്ന ഒരു ഘടകമാണെന്നും, മനുഷ്യബുദ്ധി വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ നന്മ തിന്മകളെ കൂടുതല്‍ വിവേചിച്ചറിയുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
തന്‍റെ സ്ഥാനിക പത്രികകള്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച പുതിയ ഹങ്കേറിയന്‍ സ്ഥാനപതി ഗാബോര്‍ ജോറിവാന്നി, കത്തോലിക്കാ സഭയ്ക്ക് ഹങ്കറിയുടെ പുതിയ രാഷ്ട്രീയ സംവിധാനത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നു പ്രസ്താവിച്ചു. സാമൂഹ്യ-വിദ്യാഭ്യാസ-ധാര്‍മ്മിക മേഖലകളില്‍ രാഷ്ടത്തിനും ജനങ്ങള്‍ക്കുംവേണ്ടി കത്തോലിക്കാ സ്ഥാപനങ്ങള്‍ നല്കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് പാപ്പായോട് അദ്ദേഹം പ്രത്യേകം നന്ദിപറഞ്ഞു.







All the contents on this site are copyrighted ©.