2010-12-02 17:06:10

 അടിമത്ത്വനിര്‍മ്മാര്‍ജ്ജന ദിനം
ഡിസംമ്പര്‍ രണ്ട് 


2 ഡിസംമ്പര്‍ 2010
അടിമത്വം മനുഷ്യകുലത്തിനെതിരെയുള്ള തിന്മയാണെന്ന് ബാന്‍ കി മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ തന്‍റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഡിസംമ്പര്‍ 2-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടന ആഗോള അടിമത്വനിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നതിന്‍റെ വെളിച്ചത്തിലാണ്, വൈവിധ്യമാര്‍ന്ന മുഖങ്ങളുള്ള അടിമത്വം പാടെ ഇല്ലാതാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബാന്‍ കീ മൂണ്‍ ആഗോള സമൂഹത്തിന് സന്ദേശമയച്ചത്.
19-ാം നൂറ്റാണ്ടില്‍ അതാലാന്‍റിക്ക് കടന്നുള്ള അടിമക്കച്ചവടം നിറുത്തിയെങ്കിലും അടിമത്വത്തിന്‍റെ പുതിയ രൂപങ്ങള്‍ ആഗോളതലത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടെന്ന് ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
മനുഷ്യക്കച്ചവടം, കടക്കെണി, നിര്‍ബന്ധിത തൊഴില്‍, നിര്‍ബന്ധിത വേശ്യാവൃത്തി, കടബാദ്ധ്യതയില്‍ കുരുക്കിയിടുന്ന തൊഴില്‍ ചൂഷണം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും നാടുകടത്തല്‍, ഗാര്‍ഹികാടിമത്വം, നിര്‍ബന്ധിത വിവാഹം, ബാലവേല, ബാലാടിമത്വം.... എന്നിവ അടിമത്വത്തിന്‍റെ പുതുമുഖങ്ങളാണ് സന്ദേശത്തില്‍‍ മൂണ്‍ പ്രസ്താവിച്ചു.
അടിമത്വത്തിന് ഇന്നും വിധേയരായവരെ, വിശിഷ്യാ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് യുഎന്നിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര നിയമനിര്‍മ്മാണം നടപ്പാക്കിയിട്ടുണ്ടെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. എല്ലാത്തരത്തിലുള്ള അടിമത്വങ്ങളും മനുഷ്യകുലത്തിനെതിരായ തിന്മയാണെന്ന് അന്തര്‍ദേശിയ ന്യായപീഠം വിലയിരുത്തുന്നതായും ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അടിമത്വത്തിനെതിരായ ഐക്യ രാഷ്ട്ര സംഘടനയുടെ നിരന്തരമായ പോരാട്ടത്തില്‍ സഹകരിച്ചുകൊണ്ട്, മനുഷ്യകുലത്തെ തിന്മയിലാഴ്ത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍നിന്നും രാഷ്ട്രങ്ങള്‍ വിട്ടുനില്ക്കണമെന്നും, അങ്ങനെയുള്ള പ്രവൃത്തികളില്‍ വ്യാപൃതരാകുന്നവരെ നിയമപരമായി ശിക്ഷിക്കേണ്ടതാണെന്നും സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.