2010-12-01 16:49:46

ലൊറേത്തോനാഥ ആകാശയാത്രികരുടെ മദ്ധ്യസ്ഥ –
മാര്‍പാപ്പ തിരുസ്വരൂപം ആശീര്‍വ്വദിച്ചു


1 ഡിസംമ്പര്‍ 2010
റോമിലെ ഫൂമിച്ചീനോ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ സ്ഥാപിക്കുവാനുള്ള പരിശുദ്ധ ദിവ്യജനനിയുടെ പൂര്‍ണ്ണകായ പ്രതിമ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആശീര്‍വ്വദിച്ചു. ഡിസംബര്‍ 1-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വിശ്വാസികളുമായുള്ള പൊതുകൂടിക്കാഴ്ചയുടെ സമാപനത്തിലാണ് ഉണ്ണിയേശുവിനെ കൈയ്യിലേന്തി നില്ക്കുന്ന ലൊരേറ്റോ നാഥയുടെ തിരുസ്വരൂപം മാര്‍പാപ്പ ആശീര്‍വ്വദിച്ചത്. കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേല്യോ, ലൊറേത്തോ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ആര്‍ച്ചുബിഷപ്പ് ജൊവാന്നി തൊണൂച്ചി, വിമാനത്താവളത്തിന്‍റെ ചാപ്ളിന്‍ ഫാദര്‍ ജോര്‍ജ്ജ് റിസ്സിയേരി എന്നിവര്‍ ചേര്‍ന്നാണ് 8 അടി വലുപ്പമുള്ള പ്രതിമ, ആശീര്‍വദിക്കുന്നതിനായി സമര്‍പ്പിച്ചത്. മാര്‍പാപ്പ ആശീര്‍വ്വദിച്ച പ്രതിമ ഡിസംമ്പര്‍ 10-ം തിയതി,
ലൊരേത്തോ നാഥയുടെ തിരുനാള്‍ ദിനത്തില്‍ ഫുമിച്ചീനോ വിമാനത്താവളാധികൃതരുടെയും, പൈലറ്റുമാരുടെയും വിമാനജോലിക്കാരുടെയും യാത്രക്കാരുടെയും സാന്നിദ്ധ്യത്തില്‍ വിമാനത്താവളത്തിന്‍റെ പ്രവേശനകവാടത്തില്‍ പ്രാമുഖ്യമുള്ളൊരു സ്ഥാനത്ത് സാഘോഷമായി പ്രതിഷ്ഠിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മരിയ വേലിയോ അറിയിച്ചു. 1920 ഡിസംമ്പര്‍ 10-ാം തിയതി ലൊരേത്തോ നാഥയെ ആകാശയാത്രികരുടെയും വൈമാനികരുടെയും സംരക്ഷകയായി
ആഗോളസഭ പ്രഖ്യാപിച്ചതിന്‍റെ 90-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് റോമിലെ വിമാനത്താവളത്തില്‍ ദിവ്യജനനിയുടെ പ്രതിഷ്ഠ നടത്തപ്പെടുന്നത്.







All the contents on this site are copyrighted ©.