2010-12-01 17:58:01

ക്രിസ്തുവിന് സാക്ഷൃംവഹിക്കുവാന്‍
ഐക്യത്തിന്‍റെ പാത സ്വീകരിക്കണമെന്ന് – മാര്‍പാപ്പ


1 ഡിസംമ്പര്‍ 2010
മനുഷ്യന്‍റെ ആത്മീയാന്വേഷണങ്ങള്‍ക്കും ജീവിത പ്രതിസന്ധികള്‍ക്കും പ്രതിവിധി ഉത്ഥിതനായ ക്രിസ്തുവാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ പ്രസ്താവിച്ചു. കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍, നവംമ്പര്‍ 30-ാം തിയതി ചൊവ്വാഴ്ച കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഫാനാര്‍ കത്തീദ്രല്‍ ദേവാലയത്തില്‍ അഘോഷിക്കപ്പെട്ടതിനോടനുബന്ധിച്ച്, എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനു നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. തിരുനാളില്‍ പങ്കെടുക്കുവാനായി വത്തിക്കാന്‍റെ പ്രതിനിധിയായി കോണ്‍സ്റ്റന്‍റിനോപ്പിളിലെത്തിയ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ചുവഴിയാണ് പാപ്പാ സന്ദേശം അറിയിച്ചത്.
ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷൃംവഹിക്കുവാന്‍വേണ്ടി രക്തസാക്ഷിത്വം കൈവരിച്ച മാതൃകയാണ് വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍ നമുക്കു കാണിച്ചു തന്നിട്ടുള്ളതെന്നും, ഓരോ ക്രൈസ്തവനും ഈ വിശ്വാസ സാക്ഷൃത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സന്ദേശത്തിലൂടെ പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന് ഉചിതമായ സാക്ഷൃംവഹിക്കുവാന്‍ നാം ഇനിയും ഐക്യത്തിന്‍റെ പാതയില്‍ മുന്നേറേണ്ടതുണ്ടെന്ന് അനുസ്മരിപ്പിച്ച പാപ്പ, ക്രൈസ്തവൈക്യ പരിശ്രമത്തിന്‍റെ ഭാഗമായി 2009 ഒക്ടോബറില്‍ ഗ്രീസ്സിലെ റോദെസ്സ് ദ്വീപില്‍ സംഘടിപ്പിച്ച, കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ യൂറോപ്പ്യന്‍ സംയുക്ത സമ്മേളനത്തെ പാപ്പ അനുസ്മരിക്കുകയുണ്ടായി. സഭാ ബന്ധങ്ങള്‍ - ദൈവശാസ്ത്രപരവും ചരിത്രപരവുമായ കാഴ്ചപ്പാടിലൂടെ, എന്ന ശീര്‍ഷകത്തിലായിരുന്നു കത്തോലിക്കാ-ഓര്‍ത്തടോക്സ് സഭാ പ്രതിനിധികളുടെ സമ്മേളനം റോദെസ്സില്‍ നടന്നത്. സഭാധികാരികള്‍ക്കും വിശ്വാസമൂഹത്തിനും മാര്‍പാപ്പ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ നാമത്തില്‍ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും തിരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തു.







All the contents on this site are copyrighted ©.