2010-11-30 16:33:09

സഭയുടെ ശബ്ദം വിശ്വാസികളുടെ ജീവിതത്തിലെ ധാര്‍മ്മീകവും ആത്മീയവുമായ സാക്ഷൃത്തിലൂടെയാണ് പ്രകടമാകേണ്ടതെന്ന് മാര്‍പാപ്പ.


  ഫിലിപ്പീന്‍സില്‍നിന്നും ആദ് ലീമിന സന്ദര്‍ശനത്തിനെത്തയിരിക്കുന്ന മെത്രാന്‍മാരെ നവംബര്‍ മാസം ഇരുപത്തിയൊന്‍പതാം തിയതി തിങ്കളാഴ്ച ഒരു പ്രത്യേക കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍മാര്‍പാപ്പ. ചില സാഹചര്യങ്ങളില്‍ സുവിശേഷപ്രഘോഷണം രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നത് സ്വാഭാവികമാണെന്നു പറഞ്ഞ മാര്‍പാപ്പ, വിവിധ രീതികളിലാണെങ്കിലും എല്ലാ മനുഷ്യരുടെയും മുഴുവന്‍ സമൂഹത്തിന്‍റെയും സമഗ്രവളര്‍ച്ചയ്ക്കു വേണ്ടിയാണ് സഭയും രാഷ്ട്രീയസമൂഹവും പ്രയത്നിക്കുന്നതെന്നതിനാലാണ് അപ്രകാരം സംഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സുവിശേഷ സത്യങ്ങള്‍ പ്രഘോഷിച്ചുകൊണ്ടും സഭാസിദ്ധാന്തങ്ങളും ക്രൈസ്തവ ജീവിത സാക്ഷൃവും മനുഷ്യസംരംഭങ്ങളുടെ സര്‍വ്വമേഖലകളിലും പ്രകാശിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും പൗരന്മാരുടെ ഉത്തരവാദിത്വത്തെയും സഭ മാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവെന്നു വിശദീകരിച്ച മാര്‍പാപ്പ വിശ്വാസ പ്രഘോഷണത്തിനും സാമൂഹ്യപ്രബോധനങ്ങളുടെ പ്രചരണത്തിനും സഭയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവീക മരണംവരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി ഫിലിപ്പിന്‍സിലെ സഭ നടത്തുന്ന പ്രയത്നങ്ങള്‍ ശ്ലാഘിച്ചു സംസാരിച്ച മാര്‍പാപ്പ, ഈ സംരംഭത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും അതുപോലെ കുടുംബത്തിന്‍റെയും വിവാഹത്തിന്‍റെയും പവിത്രതയുടെ സംരക്ഷണത്തിനും വേണ്ടി യത്നിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങളിലൂടെ സഭയുടെ ശബ്ദം ഐക്യകണ്ഠവും ക്രിയാത്മകവുമായ രീതിയിലാണ് പ്രചരിക്കപ്പെടേണ്ടതെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ സഭയുടെ ഈ ദൗത്യത്തിന്‍റെ കാര്യക്ഷമമായ നിര്‍വ്വഹണത്തിനു വേണ്ടി അല്‍മായര്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ സാമ്പത്തീക മേഖലകളില്‍ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ദരിദ്രരേയും ബലഹീനരേയും സഹായിക്കാന്‍ സഭ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകണമെന്നും വിദ്യാഭ്യാസവും, തൊഴിലും, അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വലയുന്ന സഹോദര്‍ക്കുവേണ്ടി ഉപവി സ്ഥാപനങ്ങളിലൂടെയും മറ്റും പ്രവര്‍ത്തക്കണമെന്നാവശ്യപ്പെട്ട മാര്‍പാപ്പ, അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാതെ ഒരു നാടിന്‍റെയും വികസനം സാധ്യമല്ലെന്നും വ്യക്തമാക്കി.







All the contents on this site are copyrighted ©.